ആലപ്പുഴ: ചാരുംമൂട്ടിൽ സമീപവാസിയുടെ വീടിന്റെ പൂമുഖത്ത് യുവാവ് പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ദുരൂഹത. അന്വേഷണം ഏറ്റെടുത്ത പൊലീസ് ദുരൂഹത നീക്കാൻ വീട്ടുകാരുടെ വിശദമായ മൊഴി എടുക്കാൻ ഒരുങ്ങുകയാണ്.

നൂറനാട് പുലിമേൽ കൂമ്പളൂർ വീട്ടിൽ പരേതനായ രവീന്ദ്രന്റെ മകൻ ജിതേഷ് (38) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. ജിതേഷിന്റെ വീടിന് 500 മീറ്ററോളം അകലെയുള്ള പുലിമേൽ ശിവശൈലത്തിൽ രാമചന്ദ്രൻ നായരുടെ ഇരുനില വീടിന്റെ താഴത്തെ നിലയിൽ പൂമുഖത്താണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്.

വീട്ടിലുണ്ടായിരുന്ന രാമചന്ദ്രൻ നായർക്കും (76 ) മകൾ ആശയ്ക്കും (46) പൊള്ളലേറ്റിട്ടുണ്ട്. ആശ ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വീടിനുള്ളിൽ തീപടർന്നിരുന്നു. രണ്ടു നിലകളിലെയും ജനൽച്ചില്ലുകൾ പൊട്ടിച്ചിതറിയ നിലയിലാണ്. മൃതദേഹം കിടന്നിരുന്ന പൂമുഖത്ത് ടൈലുകൾ പൊട്ടിയിട്ടുണ്ട്. വിവരം അറിഞ്ഞ് നൂറനാട് പൊലീസും ഫയർഫോഴ്സും എത്തിയാണ് തീ അണച്ചത്. പെട്രോൾ ഉപയോഗിച്ച് ജിതേഷ് സ്വയം തീ കൊളുത്തിയതാണെന്നാണ് രാമചന്ദ്രൻ നായരുടെ വീട്ടുകാരുടെ മൊഴി.

ഡ്രൈവറായ ജിതേഷിന് രാമചന്ദ്രൻ നായരുടെ വീടുമായി വളരെ അടുപ്പമുണ്ടായിരുന്നു. ഇവരുടെ ഡ്രൈവറായും ജിതേഷ് ജോലി ചെയ്തിരുന്നു. ജിതേഷ് ഓടിച്ചിരുന്ന സൈലോ വാഹനം 6 മാസം മുൻപാണ് വിറ്റത്. ഇതിലും ജിതേഷിന് നിരാശയുണ്ടായിരുന്നു. രാമചന്ദ്രൻ നായരുടെ വീടുമായി അടുപ്പമുള്ളതു കൊണ്ടു തന്നെ എപ്പോഴും ജിതേഷ് ഇവിടെ കാണും. സൈലോ വിറ്റതോടെ വരവ് കുറഞ്ഞു. ഇതിലും നിരാശ ഉണ്ടായിരുന്നു.

വീട്ടിൽ എത്തി കുടുംബത്തിലെ പ്രശ്നങ്ങളും അമ്മയുമായി പിണങ്ങിയതുമൊക്കെ പറഞ്ഞതിന് ശേഷമമാണ് വീട്ടിലും സ്വസ്ഥതയില്ല ഇവിടെയും സ്വസ്ഥതയില്ല പിന്നെ എന്തിന് ജീവിക്കണം എന്നു പറഞ്ഞ് കയ്യിൽ കരുതിയിരുന്ന ബാഗിൽ ഉണ്ടായിരുന്ന പെട്രോൾ തലയിലൂടെ ഒഴിച്ച് കത്തിക്കുകയായിരുന്നു. ജിതേഷിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് രാമചന്ദ്രൻ നായരുടെ മകൾ ആശയ്ക്ക് പരിക്കു പറ്റിയത്. ആശ ദുബായിൽ നേഴ്സാണ്. ഒരാഴ്ച മുൻപ് അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. ആശ ഗൾഫിൽ പോയ ശേഷം വയസായ അച്ഛനെയു അമ്മയേയും ആശുപത്രിയിൽ കൊണ്ടു പോകുന്നതും വീട്ടിൽ മറ്റു സഹായങ്ങൾ ചെയ്തിരുന്നതും ജിതേഷായിരുന്നു.

സംഭവ സമയം മകൾ ആശയ്ക്ക് പുറമെ രാമചന്ദ്രൻ നായരും ഭാര്യ ഉമയമ്മയുംരണ്ട് ചെറുമക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് ജിതേഷ് വീട്ടിലുണ്ടായിരുന്നപ്പോൾ ഒരു ഫോൺ വരികയും ഭക്ഷണം കഴിക്കാതെ ബൈക്കുമെടുത്ത് പോകുകയുമായിരുന്നെന്ന് അമ്മ വസുമതി പറഞ്ഞു. നൂറനാട് സിഐ പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസും ആലപ്പുഴ നിന്നെത്തിയ ഫൊറൻസിക് വിഭാഗവും പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി സംസ്‌ക്കരിച്ചു. സമഗ്രമായ അന്വേഷണം വേണമെന്ന് ജിതേഷിന്റെ ബന്ധുക്കൾ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.