തിരുവനന്തപുരം: വിദഗ്ധ ചികിത്സ തേടാതെ വീട്ടിൽ പ്രസവത്തിന് ശ്രമിച്ചതിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് പൂന്തുറ പള്ളിത്തെരുവിൽ നയാസിനെ(47) നേമം പൊലീസ് അറസ്റ്റ് ചെയ്തുവെങ്കിലും പൊലീസിന്റെ ഭാഗത്തുണ്ടായത് വലിയ വീഴ്ച. പാലക്കാട് തിരുമിറ്റക്കോട് പുത്തൻപീടികയിൽ ഷമീറ ബീവിയും (36) നവജാതശിശുവുമാണ് നേമം കാരയ്ക്കാമണ്ഡപത്തെ വാടകവീട്ടിൽ മരിച്ചത്. ഷമീറയ്ക്ക് അക്യുപംക്ചർ ചികിത്സയാണ് താൻ നൽകിയിരുന്നതെന്ന് നയാസ് പൊലീസിനോടു പറഞ്ഞു. ഇക്കാര്യം ആരോഗ്യ വകുപ്പ് ഡിസംബറിൽ തന്നെ പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ നടപടികളൊന്നും എടുത്തില്ല. എസ് ഡി പി ഐയുടെ പ്രാദേശിക നേതാവായിരുന്നു നയാസ്.

സംഭവസമയത്ത് നയാസിന്റെ ആദ്യഭാര്യയും മകളുമാണ് ഷമീറയ്ക്ക് ഒപ്പമുണ്ടായിരുന്നത്. ആദ്യഭാര്യയുടെ മകൾ അക്യുപംക്ചർ വിദ്യാർത്ഥിയാണെന്ന് സംഭവസ്ഥലം സന്ദർശിച്ച മന്ത്രി വി.ശിവൻകുട്ടിയും ആരോഗ്യ പ്രവർത്തകരും പറഞ്ഞു. ചികിത്സ ലഭ്യമാക്കാത്തതിനെ തുടർന്നാണു മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി പൊലീസ് അറിയിച്ചു. ഇതിനു കൂട്ടുനിന്നെന്നു കരുതുന്ന വെഞ്ഞാറമൂട് സ്വദേശിയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടാകും. മനപ്പൂർവ്വമുള്ള കൊലയാണോ എന്ന സംശയവും പൊലീസിനുണ്ട്. ആദ്യ ഭാര്യയുടേയും മകളുടേയും സാന്നിധ്യമാണ് ഇതിന് കാരണം. സാധാരണ നിലയിൽ ഇങ്ങനെ സംഭവിക്കുക അസാധ്യമാണ്.

മനഃപൂർവമല്ലാത്ത നരഹത്യ, ഗർഭസ്ഥശിശു മരിക്കാനിടയായ സാഹചര്യം സൃഷ്ടിക്കുക എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നയാസിന്റെ അറസ്റ്റ്. എന്നാൽ മനപ്പൂർവ്വമുള്ള ഗൂഢാലോചന മരണത്തിലുണ്ടെന്നാണ് ആരോപണം. ഇതിന് വേണ്ടിയാണ് വീടുമാറ്റം എന്ന് പോലും വാദമുണ്ട്. മറ്റൊരു വിവാഹത്തിന് വേണ്ടിയാണ് ഇതെന്നും സൂചനയുണ്ട്. 8 മാസം മുൻപാണ് ഇവർ കാരയ്ക്കാമണ്ഡപത്തെ തിരുമംഗലം ലെയ്‌നിൽ വാടകവീട്ടിൽ താമസമാരംഭിച്ചത്. ഷമീറയുടെ നാലാമത്തെ പ്രസവമാണിത്. മുൻപത്തെ മൂന്നും സിസേറിയനായിരുന്നു. ഇതെല്ലാം നയാസിനും അറിയാം. അതുകൊണ്ട് തന്നെ സുഖ പ്രസവം അസാധ്യമാണെന്നും തിരിച്ചറിയാവുന്നതേയുള്ളൂ. പിന്നെ എന്തുകൊണ്ടാണ് ഈ ക്രുരതയെന്നതാണ് ഉയരുന്ന സംശയം.

ഷമീറയ്ക്കു ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആശാ വർക്കർ പലതവണ വീടു സന്ദർശിച്ചെങ്കിലും ചികിത്സ ആവശ്യമില്ലെന്നറിയിക്കുകയായിരുന്നു. ഭർത്താവ് ഉപേക്ഷിച്ചു പോകുമെന്ന ഭയമാണ് ഷമീറ ചികിത്സ വേണ്ടെന്നു വയ്ക്കാൻ കാരണമായി ആരോഗ്യപ്രവർത്തകരെ അറിയിച്ചത്. ഷമീറയും നയാസുമായി പ്രശ്‌നമുണ്ടായിരുന്നതിന് തെളിവാണ് ഇത്. ഷമീറ ഗർഭിണിയാണെന്ന കാര്യം വീട്ടുകാരോടും പറഞ്ഞില്ല. ഇതെല്ലാം സംശയം കൂട്ടുന്നു.

ചൊവ്വാഴ്ച വൈകിട്ട് 5.45ന് ആംബുലൻസ് എത്തിയതോടെയാണ് സമീപവാസികൾ സംഭവം അറിയുന്നത്. അയൽക്കാരുടെ സഹായത്തോടെ ഷമീറയെ കരമനയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നയാസ് ചികിത്സ നിഷേധിച്ചതാണ് മരണകാരണമെന്ന് ഷമീറയുടെ മാതാപിതാക്കൾ ആരോപിച്ചിട്ടുണ്ട്. അതിന് അപ്പുറത്തേക്കുള്ള ഗൂഢാലോചനയുണ്ടെന്നാണ് സംശയം. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾ പാലക്കാട്ടേക്കു കൊണ്ടുപോയി. ഷമീറ ബീവിയുടെ മക്കൾ: നാജിം, ഫാത്തിമ, മുസമിൽ.