കൊച്ചി: പാക്കിസ്ഥാൻ ലഹരി സംഘമായ ഹാജി സലിം നെറ്റ്‌വർക് അറബിക്കടലിൽ മുക്കിയ ചരക്ക് യാനം വീണ്ടെടുക്കാൻ നാവികസേനയുടെ സഹായത്തോടെ നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ശ്രമം തുടരുന്നു. മുക്കിയ കപ്പലിൽ 3000 കിലോഗ്രാം ലഹരിമരുന്ന് ഉണ്ടെന്ന സൂചനയെത്തുടർന്നു നടത്തിയ ആദ്യ തിരച്ചിൽ വിജയിച്ചിരുന്നില്ല. കൂടുതൽ മയക്കുമരുന്നു കണ്ടെത്തുന്നതായാണ് കടലിൽ പരിശോധന നടത്തുന്നത്.

കടലിൽ ലഹരി മരുന്നു കടത്തിയ യാനം വീണ്ടെടുക്കേണ്ടതു പ്രോസിക്യൂഷൻ നടപടികൾക്കു നിർണായകമാണ്. കടലിൽ നിന്നു യാനവും അതിൽ അവശേഷിച്ചിരുന്ന ലഹരിയും വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിന്റെ കൃത്യമായ സ്ഥാനം എത്ര നോട്ടിക്കൽ മൈൽ അകലെയാണെന്ന സത്യവാങ്മൂലം അന്വേഷണ സംഘം കുറ്റപത്രത്തിനൊപ്പം സമർപ്പിക്കണം. ഇതിനുള്ള പരിശ്രമത്തിലാണ് എൻസിബി.

ലഹരി പദാർഥ നിരോധന നിയമപ്രകാരം ലഹരി മരുന്നു കസ്റ്റഡിയിലെടുക്കുമ്പോൾ ഏജൻസിക്കു പുറത്തുനിന്നുള്ള ഗസറ്റഡ് ഓഫിസറുടെ സാന്നിധ്യം ഉറപ്പാക്കേണ്ടതുണ്ട്. കടലിൽ നാവികസേന ലഹരി മരുന്നു റെയ്ഡ് ചെയ്തു പിടികൂടുമ്പോൾ ഗസറ്റഡ് ഓഫിസറുടെ സാന്നിധ്യം ഉണ്ടാകാറില്ല. അതുകൊണ്ടു തന്നെ ഈ കേസിൽ കസ്റ്റഡിയിലുള്ള പ്രതി സുബൈർ ദെരക്ഷാൻദേയുടെ കുറ്റസമ്മതമൊഴിയാണു പ്രധാനം.

കടലിലൂടെ വിലമതിക്കുന്ന രാസലഹരി മരുന്നു കടത്തുമ്പോൾ വലിയ പാഴ്‌സലുകളിൽ ജിപിഎസ് ട്രാക്കറുകൾ നിക്ഷേപിക്കാറുണ്ട്. അന്വേഷണ ഏജൻസികൾ പിൻതുടരുമ്പോൾ കടലിൽ താഴ്‌ത്തുന്ന ലഹരി പാഴ്‌സലുകൾ പിന്നീടു വീണ്ടെടുക്കാൻ വേണ്ടിയാണിത്. ഇത്തരത്തിലുള്ള ഒരു ജിപിഎസ് ട്രാക്കർ കഴിഞ്ഞ ദിവസം പിടിച്ചെടുത്ത ലഹരിമരുന്നിനൊപ്പം എൻസിബി കസ്റ്റഡിയിലെടുത്തിരുന്നു.

അറസ്റ്റിലായ സുബൈറിനെ ചോദ്യംചെയ്യലിനായി കസ്റ്റഡിയിൽ കിട്ടാനുള്ള അപേക്ഷ എൻസിബി ഇന്നലെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചു. അഞ്ചു ദിവസത്തെ കസ്റ്റഡിയാണു അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച സുബൈറിനെ കോടതിയിൽ ഹാജരാക്കും.

പിടിയിലായ പാക്കിസ്ഥാൻ പൗരൻ കാരിയറെന്നാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ വ്യക്തമാക്കിയത്. പാക്കിസ്ഥാൻ സ്വദേശിയായ കള്ളക്കടത്തുകാരന് വേണ്ടിയാണ് മയക്കുമരുന്ന് കടത്തിയതെന്നും പ്രതി സുബൈർ മൊഴി നൽകി. മയക്കുമരുന്ന് കടത്തിക്കൊടുക്കുന്നതിൽ വലിയ തുകയാണ് പ്രതിക്ക് വാഗ്ദാനം ചെയ്തിരുന്നതെന്നും റിമാൻഡ് റിപ്പോർട്ടിൽ എൻ സി ബി പറയുന്നു.

പുറം കടലിൽ നിന്ന് പിടിച്ചെടുത്ത 25,000 കോടി രൂപയുടെ മയക്കുമരുന്ന് പാക്കിസ്ഥാനിൽ നിന്നെത്തിച്ചതാണെന്ന് എൻ സി ബിക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. 132 ബാഗുകളാണ് ബോട്ടിലുണ്ടായിരുന്നത്. ഹാജി സലീം നെറ്റ് വർക്കിന്റെ ഇടനിലക്കാരനായ വ്യക്തിയുടെ പേരു വിവരങ്ങൾ സുബൈർ അന്വേഷണ സംഘത്തിന് കൈമാറിതായാണ് ലഭിക്കുന്ന വിവരം. മയക്കുമരുന്ന് ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും എത്തിക്കുക എന്നതായിരുന്നു പദ്ധതിയെന്നും പ്രതി സുബൈർ മൊഴി നൽകിയിട്ടുണ്ട്.

ലക്ഷദ്വീപ് ലക്ഷ്യമിട്ട് വന്ന ബോട്ടാണ് പുറം കടലിൽ വച്ച് ഓപ്പറേഷൻ സമുദ്രഗുപ്തയുടെ വലയിൽ കുടുങ്ങിയത്. ദൗത്യത്തിനിടെ കടത്തുകാർ മുക്കിയ മദർ ഷിപ്പിൽ പിടിച്ചെടുത്തതിനെക്കാൾ കൂടുതൽ അളവിൽ മയക്കുമരുന്ന് ഉണ്ടായിരുന്നു എന്ന നിഗമനത്തിൽ തിരച്ചിൽ തുടർന്നു വരികയാണ്. ജി പി എസ് സംവിധാനത്തിന്റെ സഹായത്തോടെ ഇവ വീണ്ടെടുക്കാനുള്ള ശ്രമം നടത്തുകയാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ.

ഹാജി സലിം പാക്കിസ്ഥാനിയാണ്. പാക്കിസ്ഥാനി ഡ്രഗ് സിൻഡിക്കേറ്റും പഴയ തമിഴ് പുലികളും തമ്മിലുള്ളത് അടുത്ത ബന്ധമാണ്. ദുബായിലെ സ്ഥിര സന്ദർശകനാണ് ഹാജി സലിം. ശ്രീലങ്കയിലേക്ക് എകെ 47 തോക്ക് കടത്തിയ കേസിലും ഇയാൾ സംശയ നിഴലിലാണ്. ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയാണ് ഹാജി സലിം എന്നും സൂചനകളുണ്ട്. ഹാജി സലിമിനെതിരെ നിരവധി തെളിവുകൾ ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്. ഇന്റർപോളിനെ ഇക്കാര്യങ്ങൾ ഇന്ത്യ അറിയിക്കും.

അഫ്ഗാനിൽ നിന്ന് ഹെറോയിൻ വാങ്ങി പാക്കിസ്ഥാൻ ഇറാൻ അതിർത്തിയിൽ എത്തിക്കും. ഇറാനിലേയും പാക്കിസ്ഥാനിലേയും ചെറു തുറമുഖങ്ങളിൽ നിന്ന് ബോട്ടുകളിലേക്ക് ഇത് മാറ്റും. അതിന് ശേഷം കടലിൽ വച്ച് ചെറിയ ഉരുകളിലേക്കും ഡ്രഗ്സ് കൈമാറും. ഇത് സുരക്ഷിതമായി ശ്രീലങ്കയിൽ എത്തിക്കും. അവിടെ നിന്ന് ഇന്ത്യയിലേക്കും ഓസ്ട്രേലിയയിലേക്കും കടത്തും. എൽടിടിഇയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീലങ്കയിലെ തമിഴ് വംശജരിലെ തീവ്രവാദ സ്വഭാവമുള്ളവർ കടത്തിൽ പങ്കാളിയാകുന്നത്. ഇവരിലൂടെ കൊച്ചി വഴി കേരളത്തിലെ ഭീകര പ്രവർത്തകരിലേക്കും ഡ്രഗ്സ് എത്തുന്നു.

കൊച്ചിയിൽ പിടികൂടിയ 1200 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നു വിൽപനയിലൂടെ കിട്ടുന്ന തുക ആർക്കുള്ളതായിരുന്നെന്നു കണ്ടെത്തിയിട്ടില്ല. ലഹരിമരുന്നു പായ്ക്കറ്റുകളിൽ കണ്ട തേൾ, ഡ്രാഗൺ മുദ്രകൾ അർഥമാക്കുന്നതെന്താണെന്നു കണ്ടെത്താനും എൻസിബി ശ്രമം തുടങ്ങി. വെള്ളം കയറാത്ത 7 പാളികളുള്ള പ്ലാസ്റ്റിക് കവറിലാണു ലഹരിമരുന്നു സൂക്ഷിച്ചിരുന്നത്. പിടിക്കപ്പെട്ട ലഹരിമരുന്ന് ഏതെങ്കിലും ഭീകരസംഘടനകൾക്കു വേണ്ടിയാണു കടത്തിയതെന്ന് ഈ ഘട്ടത്തിൽ പറയാൻ കഴിയില്ലെന്നും എൻസിബി ഡപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് കുമാർ സിങ് വ്യക്തമാക്കി.

പാക്കിസ്ഥാൻ തീരത്ത് നിന്ന് പാക് ബോട്ടിൽ കൊണ്ടുവന്ന് പുറങ്കടലിൽ വച്ച് മയക്കുമരുന്ന് ഇറാൻ ഉരുവിലേക്ക് മാറ്റുന്നതാണ് ഇവരുടെ രീതി. ഇന്ത്യൻ നാവിക സേനയെ കബളിപ്പിക്കാനാണിത്. ഇറാനിലെ മക്രാൻ തീരത്തുനിന്നുള്ള സംഘങ്ങളാണ് ഉരുവിലും ബോട്ടുകളിലും എത്തുന്നത്. ശ്രീലങ്കയിലോ മക്രാൻ തീരത്തോ എത്തിച്ച ശേഷം ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്തും.