ആലപ്പുഴ: ഗാർഹിക പീഡനം മൂലമുള്ള ആത്മഹത്യകൾ കേരളത്തിൽ പെരുകുമ്പോഴും പ്രതികൂട്ടിൽ നിൽക്കുന്നവർ പലപ്പോഴും രക്ഷപ്പെടുകയാണ് പതിവ്. പരാതിയും അറസ്റ്റുമൊക്കെ ഉണ്ടാകാറുണ്ടെങ്കിലും നിയമത്തിന്റെ ലൂപ് ഹോളിലൂടെ ഇവരിൽ പലരും രക്ഷപ്പെടാറുണ്ട്.  ഒരു യുവതിക്ക് കൂടി ഗാർഹിക പീഡനത്തെ തുടർന്ന് കഴിഞ്ഞ ദിവസം ജീവൻ നഷ്ടമായി. അരൂർ കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡ് പുത്തൻപുരക്കൽ ലതിക ഉദയന്റെ മകൾ നീതുമോൾ (33) ആണ് ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്.

സംഭവത്തിൽ നീതുവിന്റെ ഭർത്താവ് കെ എസ് ഉണ്ണിയെ അരൂർ പൊലീസ് അറസ്റ്റ് ചെയ്തു റിമാന്റിലാക്കി. ഭർത്താവിന്റെ വീടായ അരൂർ നാലാം വാർഡ് കാക്കപ്പറമ്പിൽ വീട്ടിലാണ് നീതുമോളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2011-ലായിരുന്നു നീതുവും ഉണ്ണിയും തമ്മിലുള്ള വിവാഹം. അന്നുമുതൽ പല കാരണങ്ങൾ പറഞ്ഞ് നീതുവിനെ മാനസികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്ന് യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നു.

ടൈൽ പാകുന്ന പണിക്കും പെയിന്റിംഗിനും പോയിരുന്ന ഉണ്ണി ദിവസവും മദ്യപിച്ചാണ് വീട്ടിൽ എത്തിയിരുന്നത്. ജൂൺ ഒന്നിന് സ്‌ക്കൂൾ തുറന്നപ്പോൾ കുട്ടികൾക്ക് യൂണിഫോമോ പാഠപുസ്തകങ്ങളാ നോട്ട് ബുക്കോ വാങ്ങി നൽകിയിരുന്നില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയ നീതുവിനെ മർദ്ദിക്കുക കൂടി ചെയ്തു. കൂടാതെ കഴിക്കുന്ന ഭക്ഷണത്തിന് കണക്ക് പറഞ്ഞും മാനസികമായി പീഡിപ്പിച്ചു.
അതുകൊണ്ട് തന്നെ കഴിഞ്ഞ ഒരാഴ്ചയായി നീതു വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നില്ല.

നീതുവിന് ആറിലും രണ്ടിലും പഠിക്കുന്ന രണ്ട് മക്കൾക്ക് പുറമെ എൽ കെ ജിയിൽ പഠിക്കുന്ന ഒരു കുഞ്ഞു കൂടി ഉണ്ട്. ഭർത്താവിന്റെ പീഡനം സഹിക്കാനാവാതെ സ്വന്തം വീട്ടിലേക്ക് പോയ നീതുവിനെ മാപ്പ് പറഞ്ഞ് ഉണ്ണി കൂടി കൊണ്ട് വന്നത് കഴിഞ്ഞ ജനുവരിയിലാണ്. പിണങ്ങി വീട്ടിൽ പോയ നീതു മക്കളെ സ്‌ക്കൂൾ മാറ്റിയിരുന്നു. സ്‌കോളർഷിപ്പിനുള്ള പാസ് ബുക്ക് ഉണ്ണിയുടെ കയ്യിലായതിനാൽ അത് തിരികെ ഏൽപ്പിക്കാൻ വിളിച്ചപ്പോൾ അത് മുതലാക്കി വീട്ടിലെത്തി മാപ്പു പറഞ്ഞ് കൂടെ കൂട്ടികൊണ്ട് പോവുകയായിരുന്നു.

ഒന്നര വർഷം മുൻപ് നീതുവിന്റെ മൂക്കിടിച്ച് തകർത്ത ഉണ്ണിയിൽ നിന്നും നീതുവിനെ രക്ഷിച്ചത് മാതാപിതാക്കൾ എത്തിയാണ്. അന്ന് രക്തം ഒലിപ്പിച്ചാണ് നീതു മക്കളുമായി വീട്ടിലേക്ക് മടങ്ങിയത്. പൊലീസിലും വനിതാ സെല്ലിലും കേസായെങ്കിലും പിന്നീട് ഒത്ത് തീർപ്പാക്കി. സ്ഥിരം മദ്യപാനിയായ ഉണ്ണിക്ക് പരസ്ത്രീ ബന്ധം ഉണ്ടെന്നും ഇതിന്റെ പേരിലും വീട്ടിൽ കലഹങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.

പീഡനം അസഹ്യമായതിനെത്തുടർന്ന് നേരത്തെയും പലവട്ടം നീതു സ്വന്തം വീട്ടിലേക്ക് പോയിരുന്നു. തുടർന്ന് വഴക്കുകൾ പറഞ്ഞുതീർത്ത് ഉണ്ണി നീതുവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു പതിവ്. നീതുവിനും ഉണ്ണിക്കും അഭിനവ് കൃഷ്ണ, ആഗിഷ് കൃഷ്ണ, അവന്തിക കൃഷ്ണ എന്നീ മൂന്നുമക്കളുണ്ട്. നീതുമോളുടെ അമ്മയുടെ പരാതിയിലാണ് ഭർത്താവ് ഉണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ചേർത്തല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.