കൊല്ലം: കാൻസർ ബാധിതയായിരുന്ന 90 വയസ്സകാരിയെ കൊലപ്പെടുത്തിയ ചെറുമകൻ അറസ്റ്റിൽ. മരണാനന്തരച്ചടങ്ങുകൾക്കിടെ നാട്ടുകാർക്ക് സംശയം തോന്നി പൊലീസിൽ അറിയിച്ചതോടെയാണ് മരണം കൊലപാതകമെന്ന് തെളിഞ്ഞത്. വെട്ടിക്കവല കോക്കാട് തെങ്ങറക്കാവ് വിജയ വിലാസത്തിൽ പൊന്നമ്മ (90) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പൊന്നമ്മയുടെ മകളുടെ മകൻ സുരേഷ് കുമാറിനെ (ഉണ്ണി-35) പൊലീസ് അറസ്റ്റ് ചെയ്തു.

പൊന്നമ്മയും മകൾ സുമംഗലയും ഒരേ വീട്ടിലായിരുന്നു താമസം. സുമംഗലയുടെ മകനും ടാക്‌സി ഡ്രൈവറുമായ സുരേഷ് കുമാർ വെള്ളി വൈകിട്ട് വീട്ടിലെത്തി മുത്തശ്ശിയുമായി വഴക്കിടുകയും മർദിക്കുകയും ചെയ്തു മടങ്ങി. പിന്നാലെ ഇവർ മരിക്കുകയും ചെയ്തു. വായിലും ദേഹത്തും ചോരയൊലിപ്പിച്ചു മരിച്ചു കിടക്കുന്ന പൊന്നമ്മയെയാണ് സുമംഗല കണ്ടത്.

കാൻസർ രോഗിയായതിനാൽ അമ്മ ചോര ഛർദിച്ചു മരിച്ചതാണെന്ന് കരുതി. ഇന്നലെ സംസ്‌കാരത്തിനായി മൃതദേഹം പുറത്തെടുത്തപ്പോൾ തലയിലെ മുറിവും കഴുത്തിലെ പാടും ശ്രദ്ധയിൽപെട്ടതോടെ നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് പരിശോധനയിൽ മരണം കൊലപാതകമാണെന്ന് വ്യക്തമായി, തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുരേഷ് കുമാർ അറസ്റ്റിലായത്.