കജാങ്ക്: ലോകമറിയുന്ന പോപ്പ് സ്റ്റാറായി മാറാൻ ആഗ്രഹിച്ച് ക്രൂരതയുടെ മനുഷ്യരൂപമായി മാറിയ മസ്നാഹ് ഇസ്മായിൽ എന്ന മോന ഫാൻഡിയുടെ ജീവിതം ആരെയും ഞെട്ടിക്കുന്നതാണ്. പണവും പ്രശസ്തിയും ആഗ്രഹിച്ച മോന ഫാൻഡി ആദ്യം തെരഞ്ഞെടുത്തത് ഗായികയായി മുന്നേറാൻ. എന്നാൽ കടബാധ്യതയിൽ കുരുങ്ങിയതോടെ രക്തം പുരണ്ട വഴികളിലൂടെ നടന്നു. ഒപ്പം കൂട്ടുപിടിച്ചതാകട്ടെ അന്ധവിശ്വാസത്തെയും ബ്ലാക്ക് മാജിക്കിനെയും. കൊടും ക്രൂരതകൾ നിറഞ്ഞ ജീവിതത്തിന് ഒടുവിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മോന ഫാൻഡി 2001 നവംബർ രണ്ടിന് കജാങ്ക് ജയിലിൽ തൂക്കിലേറ്റപ്പെടുകയായിരുന്നു.

1956-ൽ പെർലിസ്സിലായിരുന്നു മസ്നാഹ് ഇസ്മായിൽ എന്ന മോന ഫാൻഡി ജനിച്ചത്. കുട്ടിക്കാലം മുതൽ സംഗീതം മോനയുടെ ജീവശ്വാസമായിരുന്നു. ലോകമറിയുന്ന പോപ്പ് സ്റ്റാറായി മാറണം. സംഗീതലോകത്ത് തന്റെ കൈയൊപ്പ് പതിപ്പിക്കണം. അതായിരുന്നു ആഗ്രഹം. പക്ഷേ, തുടക്കത്തിൽ ചെറിയ ചെറിയ വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിരുന്നെങ്കിലും അതൊന്നും വലിയ വിജയത്തിലേക്ക് നയിച്ചില്ല. ഇതിനിടയിലാണ് മുഹമ്മദ് നോർ അഫാൻഡി അബ്ദുൾ ഫഹ്‌മാൻ എന്ന ആരാധകൻ അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.

മസ്നാഹിനെ ലോകപ്രശസ്തയാക്കുമെന്ന് മുഹമ്മദ് വാക്കുനൽകി. സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും നയിച്ചു. പ്രണയപൂർവം മസ്നാഹിനെ മോനയെന്നാണ് മുഹമ്മദ് വിളിച്ചിരുന്നത്. അതുതന്നെ അവർ പിന്നീട് തന്റെ പേരായി ഉപയോഗിക്കാൻ ആരംഭിച്ചു. വലിയ രീതിയിൽ പണംമുടക്കി ആൽബങ്ങളിറക്കി, പാടാനുള്ള വേദി സംഘടിപ്പിച്ചു, നിരവധി ടെലിവിഷൻ ഇന്റർവ്യൂകൾ സംഘടിപ്പിച്ചു.

പദ്ധതികളൊന്നും വിജയിച്ചില്ലെന്നു മാത്രമല്ല എടുത്താൽ പൊങ്ങാത്ത കടബാധ്യതകൾ കൂടി ചുമലിലായി. നഷ്ടപ്പെട്ടത് വീണ്ടെടുക്കണം, കടത്തിൽനിന്ന് കരകയറണം. ഈ ചിന്തകളിൽനിന്നാണ് അവരുടെ ജീവിതത്തിലെ ക്രൂരതകളുടെ അധ്യായം ആരംഭിക്കുന്നത്.



മലേഷ്യയിലെ മന്ത്രവാദക്രിയയായ ബോമയിലേക്ക് ഇരുവരും തിരിഞ്ഞു. പതിയെ തങ്ങൾക്കു ചുറ്റുമുള്ളവരെ ഒഴിവാക്കി പുതിയ സൗഹൃദങ്ങൾ അവർ സ്ഥാപിച്ചു. ആ നാട്ടിലെ വലിയ വലിയ ആളുകൾ കുറഞ്ഞ സമയം കൊണ്ട് മോനയുടെ പരിചയക്കാരായി മാറി. ഇതോടെ ചുറ്റുള്ളവർക്കെല്ലാം മോനയുടെ വളർച്ചയെ കുറിച്ച് ആശങ്കയുയർന്നു. വീടും ആഡംബര കാറുകളും അവർ വാങ്ങി കൂട്ടി.

ആഡംബരം വിളിച്ചോതുന്ന ഷോപ്പിങ്ങും ജീവിതശൈലിയും. ഇവർക്കിതെങ്ങനെ സാധിക്കുന്നുവെന്ന ചർച്ചയിലേക്കാണ് പലരേയും എത്തിച്ചത്. ബ്ലാക്ക് മാജിക്കിലൂടെ കൂടോത്രം ചെയ്യാനും അതിലൂടെ പണം സമ്പാദിക്കാനും ധാരാളം പേർ ഇവരെ സമീപിച്ചു. പലപ്പോഴും സാധാരണക്കാർക്ക് ഇവരുടെ സേവനം ലഭ്യമായിരുന്നില്ല. പതിയെപ്പതിയെ മോന പ്രബലയായി.

മോനയുടെ ഖ്യാതി കേട്ടറിഞ്ഞാണ് മസ്ലാൻ ഇദ്രിസ് അവളെ തേടിയെത്തുന്നത്. മന്ത്രിയായിരുന്ന ഇദ്രിസിന്റെ ലക്ഷ്യം എല്ലാ അധികാരമോഹികളെയും പോലെ തന്നെ മലേഷ്യയുടെ പ്രധാനമന്ത്രിയാവുക എന്നതായിരുന്നു. അന്നത്തെ കാലത്തെ പേരുകേട്ട രാഷ്ട്രീയ നേതാവിനെ ചൂണ്ടിക്കാട്ടി അയാളുടെ അഭിവൃദ്ധിക്ക് കാരണക്കാരി താനാണെന്ന് ഇദ്രിസിനോട് മോന അവകാശപ്പെട്ടു.

അയാളുടെ കൈയിൽ കെട്ടിയിരിക്കുന്ന ചരടാണ് എല്ലാ ഐശ്വര്യങ്ങൾക്കും കാരണമെന്നും അത് കെട്ടിക്കൊടുത്തത് താനാണെന്നും അവൾ പറഞ്ഞു. 2.5 മില്ല്യൺ റിങ്കറ്റാണ് പ്രതിഫലമായി അവൾ അവകാശപ്പെട്ടത്. മന്ത്രവാദത്തെ തുടർന്ന് ഇയാൾക്കായി ഒരു കോൽ, ഒരു സോങ്കോക്ക്, ഒരു താലിസ്മാൻ എന്നിവ നൽകുകയും ചെയ്തു.

ഇന്തോനേഷ്യൻ പ്രസിഡന്റായിരുന്ന സുക്കോർണ്ണയുടെ കൈവശമുള്ള വസ്തുക്കൾ പോലുള്ളവ. ഇത് കൈവശം വച്ചാൽ ഇദ്രിസിനും പ്രശസ്തനാകാമെന്ന് അയാളെ പറഞ്ഞു വിശ്വസിപ്പിച്ചു. ചോദിച്ചതിന്റെ പ്രതിഫലം പകുതി പണവും ബാക്കി പകുതി പണയവസ്തുക്കളും നൽകി. പണം കൈമാറുന്നത് ആരുമറിയരുത്, അങ്ങനെ അറിഞ്ഞാൽ മന്ത്രവാദത്തിന്റെ ഫലം കുറയുമെന്നൊക്കെ അയാളെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു.



ഇതുകൂടാതെ ചില പൂജകൾ ചെയ്യണമെന്നും ആരോടും ഉരിയാടാതെ പിന്തിരിഞ്ഞു നോക്കാതെ അവർ പറയുന്നിടത്ത് വരണമെന്ന് ഇദ്രിസിനെ അവർ വിശ്വസിപ്പിച്ചു. ഇദ്രിസാകട്ടെ അതിമോഹത്താൽ പറഞ്ഞതെല്ലാം അക്ഷരംപ്രതി അനുസരിച്ചു. പൂജകൾക്കായി മോനയുടെ വീട്ടിലെത്തിയ ഇദ്രിസിനെ വരവേറ്റത് മന്ത്രവാദത്തിന്റെ ഭീകരത തുളുമ്പുന്ന അന്തരീക്ഷമാണ്.

മോന ആവശ്യപ്പെട്ടതുപ്രകാരം നഗ്‌നനായി അയാൾ കണ്ണടച്ചുകിടന്നു. അയാളുടെ നെഞ്ചിൽ അവൾ ഒരു പൂ വെച്ചു. പെട്ടെന്നാണ് അത് സംഭവിച്ചത്. ഇദ്രിസിന്റെ കഴുത്തിൽ മോനയുടെ സഹായി ജുറൈമി ആഞ്ഞുവെട്ടി. ഒറ്റവെട്ടിൽ തന്നെ അയാളുടെ തല വേർപെട്ടു. ശരീരം 18 കഷണമാക്കി മുറിച്ചു, തൊലി ഉരിച്ചു, കുറച്ച് അവർ ഭക്ഷിച്ചു. ബാക്കിയുള്ളത് വീടിനടുത്ത് തന്നെ കുഴിച്ചുമൂടി.

മന്ത്രിയെയാണ് കൊലപ്പെടുത്തിയതെങ്കിലും ഒരാശങ്കയുമില്ലാതെ അവർ ജീവിതം മുന്നോട്ടുകൊണ്ടുപോയി. ഇദ്രിസിന്റെ കൊലപാതകത്തിന് ശേഷവും അവർ വലിയ തോതിൽ ഷോപ്പിങ് നടത്തുകയും പുതിയ ബെൻസ് കാർ വാങ്ങുകയും സൗന്ദര്യവർധക ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു.

ഒരു മന്ത്രിയുടെ തിരോധാനം അന്വേഷണങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. കാണാതാവുന്നതിന് മുമ്പായി അക്കൗണ്ടിൽനിന്ന് ഇദ്രിസ് പണം പിൻവലിച്ചത് അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപെട്ടു. ഇത് ചെലവായത് എങ്ങനെയെന്ന അന്വേഷണങ്ങൾ ചെന്നെത്തിയത് മോനയിലേക്കാണ്. പക്ഷേ, സാക്ഷികളോ തെളിവുകളോ ഉണ്ടായിരുന്നില്ല.

മന്ത്രിയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം അനിശ്ചിതത്വത്തിലായ സമയത്താണ് മറ്റൊരു ട്വിസ്റ്റ് സംഭവിക്കുന്നത്. ലഹരി കേസിൽ ജുറൈമി പൊലീസ് പിടിയിലായി. അബോധാവസ്ഥയിലായിരുന്ന ജുറൈമി കൊലപാതകം സംബന്ധിച്ച വിവരങ്ങൾ പൊലീസിനോട് തുറന്നുപറഞ്ഞു. ഇത് വഴിത്തിരിവായി.

തുടർന്ന് നടത്തിയ തിരച്ചിലിൽ മോനയുടെ വീട്ടിൽനിന്ന് ഇദ്രിസിന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. മോനയും ഭർത്താവും ഉടൻ തന്നെ അറസ്റ്റിലായി. 1995-ൽ ഇവരെ കോടതിയിൽ ഹാജരാക്കി. ഓരോ തവണയും യാതൊന്നും സംഭവിക്കാത്ത മട്ടിൽ ആകർഷക വസ്ത്രങ്ങളണിഞ്ഞ് മാധ്യമങ്ങളോട് സംസാരിച്ചെല്ലാമാണ് ഇവർ കോടതിയിലെത്തിയിരുന്നത്.

തനിക്കുചുറ്റും നിരന്നവരെ കണ്ട് 'എനിക്ക് കുറേ ആരാധകരുണ്ടല്ലോ' എന്നാണ് മോന സ്വയം പറഞ്ഞത്. ചെറിയ പ്രായം മുതൽ ആഗ്രഹിച്ച പ്രശസ്തിയാണ് തനിക്കിപ്പോൾ കൈവന്നിരിക്കുന്നതെന്ന മൂഢവിശ്വാസത്തിൽ ഓരോ നിമിഷവും അവർ ആസ്വദിച്ചു. മോനയ്ക്കും ഭർത്താവിനും സഹായിക്കും വധശിക്ഷയാണ് ഹൈക്കോടതി വിധിച്ചത്. 1999-ൽ ഇവർ ഫെഡറൽ കോടതിയിൽ അപ്പീലിന് പോയെങ്കിലും അത് തിരസ്‌കരിക്കപ്പെട്ടു. അവസാനരക്ഷയ്ക്കായി മാപ്പു വിധിക്കുന്ന ബോർഡിനെ സമീപിച്ചെങ്കിലും അതും നടന്നില്ല.

വധശിക്ഷയ്ക്ക് മുമ്പായി അവസാന ആഗ്രഹത്തെ കുറിച്ച് ചോദിച്ചപ്പോൾ ഇഷ്ടഭക്ഷണം കഴിക്കാനാണ് ആഗ്രഹമെന്ന് അവർ പറഞ്ഞു. 2001 നവംബർ രണ്ടിന് കജാങ്ക് ജയിലിൽ മോന ഫാൻഡി തൂക്കിലേറ്റപ്പെട്ടു.