തിരുവനന്തപുരം: വിമാനത്താവളത്തിൽ നിന്നും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് സ്വർണവും പണവും തട്ടിയ സംഭവത്തിൽ പ്രവാസി മുഹൈദീൻ നടത്തിയ പുതിയ വെളിപ്പെടുത്തലിനെ തള്ളി പൊലീസ്. തന്നെ തട്ടിക്കൊണ്ടു പോയതിൽ കാമുകി ഇൻഷയ്ക്ക് ബന്ധമില്ലന്നാണ് മുഹൈൻ ചില മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. പൊലീസ് ഇൻഷ ഉൾപ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം നടത്തിയ വെളിപ്പെടുത്തൽ അന്വേഷണ ഉദ്യോഗസ്ഥരെയും ഞെട്ടിച്ചിരിക്കുകയാണ്. കേസിൽ ഇൻഷയുടെ പങ്ക് വ്യക്തമാണ്. മുഖ്യ ആസൂത്രകയാണിവർ.

മുഹൈദിനെ അതീവ സുരക്ഷാ മേഖലയായ വിമാനത്താവളത്തിൽ നിന്നും നിർബന്ധിച്ച് വണ്ടിയിൽ കയറ്റിയത് ഇവർ തന്നെയാണ്. ഇവർക്കെതിരെയുള്ള തെളിവുകളെല്ലാം കിട്ടികഴിഞ്ഞു. മുഹൈദ് സൗഹൃദം കൊണ്ടാണ് പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുന്നത്. ഇദ്ദേഹം നൽകിയ പരാതിയിലും ഇൻഷയുടെ പങ്ക് വ്യക്തമായി പറയുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ഡിസംബറിൽ നാട്ടിലെത്തിയ ഇൻഷ മുഹൈദിന്റെ വരവ് കാത്തിരിക്കുകയായിരുന്നു. വിമാനത്താവളത്തിലെ സിസി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് ശേഖരിച്ചു കഴിഞ്ഞുവെന്നാണ് അറിയുന്നത്.

അറസ്റ്റിലായ ഇൻഷയുമായി ഒരു വർഷത്തോളം നീണ്ട ബന്ധം ഉണ്ടായിരുന്നുവെന്നാണ് മുഹൈദ് പറയുന്നത്. വിവാഹാലോചനയ്ക്കായി വീട്ടുകാരെ കാണിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് ചിറയൻകീഴിലേക്ക് കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. വണ്ടി ഓടിച്ചിരുന്ന രാജേഷ് കുമാർ ആണ് കേസിലെ മുഖ്യപ്രതിയെന്ന് മുഹൈദ്ദീൻ പറഞ്ഞിരുന്നു. എന്നാൽ കേസിലെ ഒന്നാം പ്രതി ഇൻഷ തന്നെയെന്ന് പൊലീസും വ്യക്തമാക്കി. ഇതോടെ സംഭവത്തിൽ ദുരൂഹത കൂടുകയാണ്. കാമുകിയോടുള്ള ഇഷ്ടം കാരണമാണോ മുഹൈദ്ദീൻ ഇങ്ങനെ പറയുന്നതെന്നും പരിശോധിക്കും.

മുഹൈദിന്റെ കൈ കാലുകൾ കെട്ടിയിട്ടു, വായ ടേപ്പ് കൊണ്ട് മൂടി. പണം മാത്രമായിരുന്നു ലക്ഷ്യം. വെറുതെ വിടാൻ ആവശ്യപ്പെട്ടത് ഒരു കോടി രൂപയാണ്. സഹോദരിയുടെ വിവാഹത്തിനായാണ് നാട്ടിലെത്തിയത്. അന്വേഷണത്തിൽ തൃപ്തിയുണ്ട്. റിസോർട്ടിൽ സഹായത്തിനായി അപേക്ഷിച്ചിട്ടും ആരും സഹായിക്കാനെത്തിയില്ല. ഒറ്റപ്പെട്ട നിലയിലായിരുന്നു റിസോർട്ട്. ചിറയിൻകീഴിന് അടുത്തുള്ള റോയൽ റിസോർട്ടിലാണ് താമസിപ്പിച്ചത്. ഇൻഷയ്ക്ക് മുമ്പും പണം നൽകിയിട്ടുണ്ടെന്നും മുഹൈദ്ദീൻ പറഞ്ഞിരുന്നു. ഇൻഷയുടെ അറസ്റ്റിന് ശേഷമാണ് മുഹൈദ് മലക്കം മറിഞ്ഞത്. ഇതിന് പിന്നിൽ ബാഹ്യ സമ്മർദ്ദങ്ങളും പൊലീസ് സംശയിക്കുന്നു.

പണവും സ്വർണവും തട്ടിയതിന് ശേഷം കാറിൽ എയർപോട്ട് പരിസരത്തു കൊണ്ടാക്കി. പ്രതികൾ തന്നെക്കൊണ്ട് മുദ്രപ്പേപ്പറുകളിൽ ഒപ്പുവെപ്പിച്ചു. മർദ്ദനത്തിൽ കണ്ണിനും കൈക്കും നെഞ്ചിനും പരിക്കേറ്റുവെന്നും മുഹൈദ്ദീൻ പറഞ്ഞിരുന്നു. റിസോർട്ടിലെ ദൃശ്യങ്ങളും പൊലീസിന് കിട്ടിയിട്ടുണ്ട്. പ്രതികളുടെ മൊബൈലിൽ നിന്നാണ് ഇത് കിട്ടിയത്. തക്കല സ്വദേശി മുഹൈദ്ദീൻ അബ്ദുൾ ഖാദറും ഇൻഷ വഹാബും ദുബൈയിൽ വച്ച് അടുപ്പത്തിലായിരുന്നു. ബന്ധത്തിൽ നിന്ന് മുഹയുദ്ദീൻ പിന്മാറിയതോടെയാണ് പ്രണയം പകയ്ക്ക് വഴിമാറിയത്.

ബുധനാഴ്ച വിമാനത്താവളത്തിലിറങ്ങിയ മുഹൈദ്ദീനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി വർക്കലയിലെ റിസോർട്ടിൽ പൂട്ടിയിടുകയായിരുന്നു. ഒരു കോടി രൂപ ആവശ്യപ്പെട്ട് ക്രൂര പീഡനമാണ് നടന്നത്. ഒടുവിൽ 15.7 ലക്ഷം രൂപയും രണ്ട് ഫോണും സ്വർണവും ബാങ്ക് കാർഡുകളും പിടിച്ചെടുത്തു. മുദ്ര പത്രങ്ങളിലും ഒപ്പിട്ട് വാങ്ങി. പിന്നീട് മടക്ക ടിക്കറ്റെടുത്ത സംഘം പ്രവാസിയെ വിമാനത്താവളത്തിന് മുന്നിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. മുഹൈദ്ദീന് നേരിടേണ്ടിവന്നത് ക്രൂര പീഡനമായിരുന്നു എന്ന് സഹോദരൻ ക്വാജ മുഹമ്മദും മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

ഇൻഷ വഹാബും സഹോദരനും അടക്കം ആറ് പേരാണ് പൊലീസ് പിടിയിലായത്. അതീവ സുരക്ഷാ മേഖലയിൽ നടന്ന കുറ്റകൃത്യം വളരെ ഗൗരവത്തോടെയാണ് പൊലീസ് കണ്ടത്. തെളിവെടുപ്പ് അടക്കം സമഗ്രമായ അന്വേഷണം കേസിലുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.