ഹൈദരാബാദ്: നവവധുവിന് രഹസ്യബന്ധമുണ്ടെന്ന സംശയത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭാര്യയെയും ഭാര്യാമാതാവിനെയും നവവരനും അച്ഛനും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ കുർണൂൽ ചിന്താലമുനി സ്വദേശിയായ ശ്രാവൺകുമാറും(28) അച്ഛൻ വെങ്കടേശ്വരലുവുമാണ് ഇരുവരെയും കൊലപ്പെടുത്തിയത്.

ശ്രാവണിന്റെ ഭാര്യ കൃഷ്ണവേണി(23) അമ്മ രമാദേവി(50) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ശ്രാവണിന്റെ ഭാര്യാപിതാവായ പ്രസാദിനും ഗുരുതരപരിക്കേറ്റു. ഇദ്ദേഹം ചികിത്സയിലാണ്.

ചൊവ്വാഴ്ച ശ്രാവൺകുമാറിന്റെ വീട്ടിൽവച്ചാണ് ദാരുണമായ സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. തെലങ്കാന വാനപർഥി സ്വദേശിനിയായ കൃഷ്ണവേണിയും ശ്രാവൺകുമാറും മാർച്ച് ഒന്നാംതീയതിയാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഏതാനുംദിവസങ്ങൾക്ക് ശേഷം ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ശ്രാവണിന് സംശയമുണ്ടായി.

കൃഷ്ണവേണിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് മനസിലാക്കിയിട്ടും ഇവരുടെ മാതാപിതാക്കൾ ഈ ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചില്ലെന്നും ഇയാൾ ആരോപിച്ചിരുന്നു. തുടർന്നാണ് ഭാര്യയെയും മാതാപിതാക്കളെയും വകവരുത്താൻ ശ്രാവൺ തീരുമാനിച്ചത്. ഇതിനെ അച്ഛൻ പിന്തുണയ്ക്കുകയും ചെയ്തു.

ഹൈദരാബാദിലെ സ്വകാര്യബാങ്കിൽ ജീവനക്കാരനായ ശ്രാവൺകുമാർ ഏതാനുംദിവസങ്ങൾക്ക് മുമ്പാണ് കുർണൂലിലെ വീട്ടിൽ തിരിച്ചെത്തിയത്. പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി ചൊവ്വാഴ്ച കൃഷ്ണവേണിയും മാതാപിതാക്കളും ഇവിടേക്കെത്തി. തുടർന്ന് ഇരുകൂട്ടരും തമ്മിൽ ചർച്ച നടക്കുന്നതിനിടെ തർക്കം ഉണ്ടാകുകകയും ശ്രാവണും അച്ഛനും ചേർന്ന് മൂവരെയും ആക്രമിക്കുകയുമായിരുന്നു.

മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് പ്രതികൾ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ചോരവാർന്നാണ് കൃഷ്ണവേണിയും രമാദേവിയും മരിച്ചത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ കൃഷ്ണവേണിയുടെ അച്ഛൻ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

കൃത്യം നടത്തിയശേഷം പ്രതികൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും വിശദമായ അന്വേഷണം തുടരുകയാണെന്നും കുർണൂൽ ഡി.എസ്‌പി. കെ.വി. മഹേഷ് മാധ്യമങ്ങളോട് പറഞ്ഞു.