തിരുവനന്തപുരം: നെടുമങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തി കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ വലിയമല പൊലീസ് അറസ്റ്റു ചെയ്ത തമിഴ്‌നാട് സ്വദേശികളായ മരുമകനെയും, സഹായി അമ്മാവനെയും. തമിഴ്‌നാട് കുളച്ചൽ സ്വദേശി ജീവിമോൻ(27), ഇയാളുടെ അമ്മാവൻ ജറോൾഡിൻ(40) എന്നിവരെയാണ് വലിയമല സിഐ ഒ.എ.സുനിലും സംഘവും ബാംഗ്ലൂരിൽ നിന്നു പിടികൂടി വലയമലയിൽ എത്തിച്ചത്.

തമിഴ്‌നാട്ടിലെ കുളച്ചലിൽ ഡിഗ്രിക്ക് പഠിക്കുകയായിരുന്ന പെൺകുട്ടിയെ ആറു മാസം മുൻപാണ് വലയിലാക്കി ജീവിമോൻ കടത്തി കൊണ്ടു പോയി പീഡിപ്പിച്ചത്. തുടർന്ന് രക്ഷിതാക്കൾ പരാതി ന്ല്കിയതു പ്രകാരം തമിഴനാട് പൊലീസ് പ്രതിയേയും കുട്ടിയേയും പിടിച്ച്് കോടതിയിൽ ഹാജരാക്കി. ജീവിമോനെ റിമാന്റു ചെയ്ത കോടതി പെൺകുട്ടിയുടെ സുരക്ഷയെ കരുതി കുളച്ചലിൽ നിന്നും മാറ്റാൻ നിർദ്ദേശിച്ചു. അങ്ങനെയാണ് നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമത്തിൽ കഴിയുന്ന അമ്മുമ്മയുടെ അടുത്ത് പെൺകുട്ടിയെ എത്തിച്ചത്.

എന്നാൽ റിമാന്റ് കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങിയ പ്രതി പെൺകുട്ടിയെ തേടി കേരളത്തിൽ എത്തുകയായിരുന്നു. കേരളത്തിൽ ബി എസ് എൻ എൽ കരാർ പണികൾ എടുത്ത് ചെയ്യുന്ന അമ്മാൻ ജറോൾഡിന്റെ സഹായത്താൽ പ്രതി പെൺകുട്ടി താമസിക്കുന്ന സ്ഥലം കണ്ടെത്തി. അങ്ങനെ ഇക്കഴിഞ്ഞ 20ന് വെളുപ്പിന് വലിയമല സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിയെ കാറിൽ കടത്തി കൊണ്ട് പോയി ബാംഗ്ലൂരിലെ ഹുസൂർ എന്ന സ്ഥലത്ത് എത്തിച്ച് മുറിയെടുത്ത് താമസിപ്പിച്ച് ജീവിമോൻ പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

മുറിയെടുത്ത് തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് വിവരം. വലിയമല സി ഐ ഒ എ സുനിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം ബാംഗ്ലൂരിൽ എത്തി പ്രതിയെ ലൊക്കേറ്റ് ചെയ്ത ശേഷം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മുൻപ് ചില ജോലികൾക്ക് ഇവിടെ എത്തിയ പരിചയം വച്ചാണ് പെൺകുട്ടിയെ ഇങ്ങോട്ടു തന്നെ കടത്തി കൊണ്ടു വന്നത്. കേസിലെ രണ്ടാം പ്രതി ആയ അമ്മാവൻ ജറോൾഡിൻ പെൺകുട്ടിയെ കടത്തിക്കൊണ്ടു പോകാൻ ഒന്നാം പ്രതിക്ക് സൗകര്യമൊരുക്കി എന്നാണ് കേസ്.

പ്രതികൾ ഇരുവരുടെയും പേരിൽ തമിഴ്‌നാട്ടിൽ പെൺകുട്ടികളെ കടത്തിക്കൊണ്ടു പോകൽ, എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്ന് കടത്ത് എന്നീ കേസുകളിൽ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.