കാസർഗോഡ്: പാണത്തൂരിൽ കുടുംബ വഴക്കിനിടെയുണ്ടായ സംഘർഷത്തിൽ ഭർത്താവിനെ വെട്ടിക്കൊന്ന സംഭവത്തിൽ ഭാര്യ പൊലീസ് കസ്റ്റഡിയിൽ . പാണത്തൂർ പൂത്തൂരടുക്കം പനച്ചിക്കാട് വീട്ടിൽ ബാബു വർഗീസാണു(54) കൊല്ലപ്പെട്ടത്. ഭാര്യ സീമന്തിനിയെ പൊലീസ് ഇന്നലയേ കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായി ചോദ്യം ചെയ്തതിനെ തുടർന്ന് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി.

മദ്യപിച്ചെത്തി ഭാര്യയുമായുണ്ടായ വഴക്കിനിടെയാണു ബാബുവിനു പരുക്കേറ്റതെന്നാണു പൊലീസ് പറയുന്നത്. സ്ഥിരമായി മദ്യപിച്ച് എത്തുന്ന ബാബു നാട്ടുകാർക്കും വീട്ടുകാർക്കും തലവേദനയാണ്. നാട്ടുകാരുമായും തല്ല് ഉണ്ടാക്കുന്ന ബാബുവിന് സമീപവാസികളും എതിരാണ്. എല്ലാ ദിവസവും കൂലിപ്പണിക്ക് പോകും.

വീട്ടിലെ ചെലവിന് കാശ് കൊടുക്കാതെ കിട്ടുന്ന പണത്തിന് മുഴുവൻ കുടിക്കും. ബാബുവിന് വെട്ടേറ്റ ദിവസവും ഒരു കാരണവുമില്ലാതെയാണ് ഭാര്യയെ മർദ്ദിച്ചത്. മർദ്ദനം സഹിക്കാതെ വന്നപ്പോഴാണ് വാക്കത്തിയെടുത്താണ് സീമന്തിനി പ്രതിരോധിച്ചതെന്ന് പറയപ്പെടുന്നു. വാക്കത്തി കണ്ട് ബാബു ഭയന്ന് മാറുമെന്ന് അവർ കരുതി. എന്നാൽ കത്തിയെടുത്തതും പൂർവ്വാധികം ശക്തിയോടെ തന്നെ ബാബു മർദ്ദനം തുടർന്നു. ഇതിനിടയിലാണ് സഹികെട്ട് സീമന്തിനി ഭർത്താവിനെ വെട്ടിയത്.

പിന്നീട് ഭാര്യയും നാട്ടുകാരും ചേർന്നു ബാബുവിനെ പാണത്തൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രക്തം വാർന്നു പോയതാണു മരണ കാരണമെന്ന് പാണത്തൂരിലെ ആശുപത്രി അധികൃതർ പറഞ്ഞു. ബാബുവിന്റെ ശരീരത്തിൽ വെട്ടേറ്റ 3 പാടുകളുണ്ട്. തലയ്ക്കും വലതു ചെവിയോടു ചേർന്നുമുള്ള ആഴത്തിലുള്ള മുറിവാണു മരണ കാരണമായെതെന്നാണു പ്രാഥമിക വിലയിരുത്തൽ. ഭാര്യ സീമന്തനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണെന്ന് രാജപുരം സിഐ കൃഷ്ണൻ കെ.കാളിദാസൻ പറഞ്ഞു.

ഭാര്യ കുറ്റം സമ്മതിച്ചുവെന്നാണ് വിവരം. അതാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവം സംബന്ധിച്ച് നാട്ടുകാരും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പരിശോധനയ്ക്കായി ഇന്നലെ തന്നെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് സംസ്‌ക്കരിക്കും. പരേതരായ വർഗീസിന്റെയും അന്നമ്മയുടെയും മകനാണ് കൊല്ലപ്പെട്ട ബാബു. മക്കൾ: അബിൻ, സുബിൻ.