ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി നൂറനാട് സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസിൽഅറസ്റ്റിലായ യുവാവിനെ റിമാന്റു ചെയ്തു. മാവേലിക്കര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. നൂറനാട് പാലമേൽ പത്താം വാർഡിൽ മണലാടി കിഴക്കേതിൽ അൻഷാദിനെയാണ് (29) നൂറനാട് പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തത്.

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പലസ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു പരാതി. ഒന്നര വർഷം മുൻപാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മോഡലിങ് താരം കൂടിയായ പ്രതി ഇൻസ്റ്റാഗ്രാമിൽ യുവതികളെ ആകർഷിക്കാൻ മോഡലിങ് വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത് പതിവായിരുന്നു.

ഈ പോസ്റ്റിൽ ഒരു ലൈക്ക് കൊടുത്തതാണ് പ്രണയാഭ്യർത്ഥനയിലേക്ക് നീങ്ങിയത്. റെന്റ് കാർ ഉടമയായ പ്രതി യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പിന്നീട് പ്രലോഭനങ്ങൾ നടത്തി.ഇതിന് ശേഷമാണ് മരടിലെ ഹോട്ടലിൽ ഉൾപ്പെടെ കൊണ്ട് പോയി പീഡിപ്പിച്ചത്.

പുറത്തു പറഞ്ഞാൽ യുവതിയെയും മാതാപിതാക്കളെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു. റിമാന്റിലുള്ള പ്രതിയെ വിവിധ ഹോട്ടലുകളിൽ കൊണ്ടുപോയി തെളിവെടുക്കുന്നതിന്റെ ഭാഗമായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും.

നൂറനാട് സിഐ പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ അടൂരിൽ നിന്നാണ് അൻഷാദിനെ അറസ്റ്റ് ചെയ്തത്. അവിടെ ഒളിവിൽ കഴിയുന്നതിനിടെ പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

അറസ്റ്റിന് എസ്‌ഐമാരായ നിധീഷ്, ബിന്ദുരാജ്, എഎസ്‌ഐ രാജേന്ദ്രൻ, സിപിഒമാരായ ജയേഷ്, രാധാകൃഷ്ണൻ ആചാരി എന്നിവരും സംഘത്തിലുണ്ടായിരുന്നു.