ചണ്ഡിഗഡ്: ഹരിയാനയിലെ സർക്കാർ സ്‌കൂൾ പ്രിൻസിപ്പലിനെതിരെ ലൈംഗിക പീഡന പരാതിയുമായി വിദ്യാർത്ഥിനികൾ. സ്‌കൂൾ പ്രിസിപ്പലിനെതിരെ അറുപതോളം വിദ്യാർത്ഥിനികളാണ് പരാതി നൽകിയിരിക്കുന്നത്. പ്രിൻസിപ്പൾ ഓരോരോ കാരണങ്ങൾ പറഞ്ഞ് ഓഫിസ് റൂമിലേക്ക് വിളിച്ച ശേഷം സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചതായും അശ്ലീലച്ചുവയോടെ സംസാരിച്ചതായും പെൺകുട്ടികൾ നൽകിയ പരാതിയിൽ പറയുന്നു. ജിന്ത് ജില്ലയിലെ ഗേൾസ് സീനിയർ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികളാണ് പ്രിൻസിപ്പളിന്റെ പീഡനത്തിനിരയായത്.

ഓഫിസ് മുറിയിൽ കറുത്ത ജനാല ഗ്ലാസുകൾ സ്ഥാപിച്ച ശേഷമാണ് പ്രിൻസിപ്പൽ തങ്ങളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതെന്നു പെൺകുട്ടികളുടെ പരാതിയിൽ പറയുന്നു. വിവിധ ക്ലാസുകളിലെ വിദ്യാർത്ഥിനികളാണ് ഇയാളുടെ അതിക്രമത്തിന് ഇരയായത്. ഓരോ കാര്യം പറഞ്ഞ് ഓഫിസ് മുറിയിലേക്കു വിളിപ്പിച്ചാണ് ഇയാൾ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തത്. തങ്ങളുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചുവെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും പെൺകുട്ടികൾ പറയുന്നു.

കുട്ടികളെ മുറിയിലേക്ക് അയച്ചിരുന്ന ഒരു അദ്ധ്യാപികയ്ക്കും ഇക്കാര്യത്തിൽ പങ്കുണ്ടെന്നും വിദ്യാർത്ഥിനികൾ നൽകിയ പരാതിയിൽ പറയുന്നു. വിവിധ ക്ലാസുകളിൽനിന്നുള്ള 15 പെൺകുട്ടികളാണ് ആദ്യഘട്ടത്തിൽ പരാതി നൽകിയിരുന്നത്. പിന്നാലെ ഒരു കൂട്ടം വിദ്യാർത്ഥിനികൾ പ്രധാനമന്ത്രിയുടെ ഓഫിസ്, ദേശീയ വനിതാ കമ്മിഷൻ, സംസ്ഥാന വനിതാ കമ്മിഷൻ എന്നിവർക്ക് തങ്ങൾ നേരിടുന്ന ദുരവസ്ഥ ചൂണ്ടിക്കാട്ടി കത്തയയ്ക്കുകയായിരുന്നു. ഓഗസ്റ്റ് 31-നാണ് കത്തയച്ചത്. അറുപതോളം വിദ്യാർത്ഥിനികൾ പ്രിൻസിപ്പലിനെതിരെ പരാതി നൽകിയതായി വനിതാ കമ്മിഷൻ അധ്യക്ഷ രേണു ഭാട്ടിയ പറഞ്ഞു.

പ്രിൻസിപ്പലിന്റെ ലൈംഗിക പീഡനത്തിൽ മനംനൊന്ത് രണ്ടു പെൺകുട്ടികൾ ആത്മഹത്യ ചെയ്തുവെന്ന ആരോപണം സംസ്ഥാന വനിതാ കമ്മിഷൻ അന്വേഷിക്കുന്നതായും അധികൃതർ വ്യക്തമാക്കി. കുറ്റാരോപിതനായ പ്രിൻസിപ്പലിനെ കമ്മിഷൻ വിളിപ്പിച്ചെങ്കിലും ഹാജരായിട്ടില്ല. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത് ഗുരുതരമായ വീഴ്ചയാണെന്നും രേണു ഭാട്ടിയ കുറ്റപ്പെടുത്തി. പൊലീസിനോടും വിദ്യാഭ്യാസ വകുപ്പിനോടും കമ്മിഷൻ വിശദീകരണം തേടി.

വിദ്യാർത്ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ കമ്മിഷൻ സെപ്റ്റംബർ 14-ന് പൊലീസിനു നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഒരു മാസത്തിലേറെ വൈകിയാണു കേസെടുത്തത്. വിദ്യാഭ്യാസ വകുപ്പും പെൺകുട്ടികളുടെ പരാതിയിൽ ഒരു മാസത്തോളം അടയിരുന്നുവെന്ന് രേണു ഭാട്ടിയ ആരോപിച്ചു.