ഭുവനേശ്വർ: ട്യൂഷനെടുക്കുന്ന അദ്ധ്യാപകന്റെ മകനെ കുത്തിക്കൊലപ്പെടുത്തിയ 16 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫീസ് നൽകാത്തതിന്റെ പേരിൽ അദ്ധ്യാപകൻ ശല്യപ്പെടുത്തിയതിന്റെ പക വീട്ടാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയ 16കാരൻ 14 വയസ്സുള്ള അദ്ധ്യാപകന്റെ മകനെ കുത്തിക്കൊല്ലുകയായിരുന്നു. ഒഡീഷയിലെ ഭുവനേശ്വറിൽ ബുധനാഴ്ചയാണ് സംഭവം. സംഭവത്തിന് പിന്നാലെ 16 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അദ്ധ്യാപകന്റെ വീട്ടിലെത്തിയ 16കാരൻ വാതിൽ തള്ളി തുറന്ന് 14കാരന്റെ നെഞ്ചിലും കഴുത്തിലും വയറിലും പലതവണ കുത്തി. കുട്ടിയെ കുടുംബം ഉടൻ തന്നെ ഖുർദ ടൗണിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംസ്ഥാന സർക്കാർ നടത്തുന്ന ഒഡീഷ ആദർശ് വിദ്യാലയത്തിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. പരീക്ഷയ്ക്കായി കുട്ടി വീട്ടിലിരുന്ന് പഠിക്കുമ്പോഴാണ് സംഭവം. 16 കാരന്റെ സ്‌കൂൾ ബാഗ് സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. തുടർന്ന് വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു.

കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് രണ്ടു വർഷം മുൻപ് 16കാരന് ട്യൂഷൻ എടുത്തിരുന്നു. ഇതിനു കൊടുക്കാനുള്ള 3000 5,000 രൂപ ഫീസ് അടയ്ക്കാൻ ആവശ്യപ്പെട്ടു. ഇതു വീണ്ടും വീണ്ടും ചോദിച്ചതോടെ 16കാരൻ പ്രകോപിതനായി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ഫീസിന്റെ പേരിൽ തന്റെ വിദ്യാർത്ഥികളെ ആരെയും ശല്യപ്പെടുത്തിയിട്ടില്ലെന്ന് അദ്ധ്യാപകൻ പറഞ്ഞു.