കൊച്ചി: മൂവാറ്റുപുഴയിൽ രണ്ട് അതിഥി തൊഴിലാളികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മൂവാറ്റുപുഴ ആനിക്കാടിനു സമീപം അടൂപറമ്പിലാണ് സംഭവം. അസം സ്വദേശികളായ മോഹൻ തോ, ദീപാങ്കർ ബസുമ എന്നിവരാണ് മരിച്ചത്. അടൂപറമ്പ് കമ്പനിപ്പടിയിൽ പ്രവർത്തിക്കുന്ന തടിമില്ലിലെ തൊഴിലാളികളെയാണ് മില്ലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

തടിമിൽ തൊഴിലാളികളായ ഇരുവരെയും കഴുത്തിനു മുറിവേറ്റ നിലയിലാണ് കണ്ടെത്തിയത്. ശരീരത്തിൽ വേറെയും മുറിവുകളുണ്ടെന്നാണ് വിവരം. മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

കമ്പനിയിലെ കോമ്പൗണ്ടിൽ തന്നെയുള്ള ഇവരുടെ താമസസ്ഥലത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. മരിച്ച ഒരാളുടെ ഭാര്യ ഇയാളെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെവന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

മരിച്ച ഇരുവർക്കും ഒപ്പം താമസിച്ചിരുന്ന ഒരാളെ കാണാതായതായും വിവരമുണ്ട്. സംഭവത്തിൽ മൂവാറ്റുപുഴ പൊലീസ് സംഭവസ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചുവരുന്നു. കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് സംഘം. ഇവർക്ക് ഒപ്പം താമസിച്ചിരുന്നു അസം സ്വദേശിക്കായി അന്വേഷണം തുടങ്ങി.