കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അന്വേഷണം നാല് ദിവസം പിന്നിടുമ്പോഴും കുറ്റവാളികളെക്കുറിച്ച് കാര്യമായ വ്യക്തതയില്ലാതെ പൊലീസ്. അന്വേഷണത്തിന്റെ ഭാഗമായുണ്ടായ സംശയങ്ങൾക്കും വൈരുദ്ധ്യങ്ങൾക്കും വ്യക്തത വരുത്താനായി വീണ്ടും കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കും. കസ്റ്റഡിയിലെടുത്ത ഫോണിൽ നിന്നുള്ള വിശദാംശങ്ങൾ ലഭിക്കുന്നതോടെ അന്വേഷണത്തിൽ കാര്യമായ പുരോഗതി കൈവരിക്കാമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. പ്രതികൾക്കായി ജില്ലയ്ക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

കുട്ടിയുടെ അച്ഛൻ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്‌ളാറ്റിൽ പ്രത്യേക പൊലീസ് സംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു. ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് കുട്ടിയുടെ അച്ഛനായ റെജി. പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ 10 വർഷമായി റെജി ജോലി ചെയ്യുന്നുണ്ട്. ഇവിടെയടുത്തുള്ള ഫ്‌ളാറ്റിലാണ് റെജി താമസിച്ചിരുന്നത്. ഈ കെട്ടിടത്തിലാണ് ഇന്ന് വൈകിട്ടോടെ പൊലീസെത്തി പരിശോധിച്ചത്. റെജി ഉപയോഗിച്ചിരുന്ന ഒരു ഫോൺ ഈ ഫ്‌ളാറ്റിലുണ്ടായിരുന്നു. അതാണ് പൊലീസ് കൊണ്ടുപോയത്. മറ്റെന്തെങ്കിലും ഇവിടെ നിന്ന് കണ്ടെടുത്തോയെന്ന് വ്യക്തമല്ല.

നഴ്സിങ് മേഖലയിലെ വിദേശ റിക്രൂട്ട്മെന്റ് കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ കോടികളുടെ സാമ്പത്തിക ഇടപാടിലെ തർക്കമെന്നും സംശയം. നഴ്സിങ് സംഘടനയുമായി ബന്ധപ്പെട്ടവരെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പെൺകുട്ടിയുടെ പിതാവ് നഴ്സിങ് സംഘടനയുടെ പത്തനംതിട്ട ജില്ലാ ഭാരവാഹിയാണ്.

സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതും സിസിടിവി ശേഖരണവും വാഹന പരിശോധനയും തുടരും. കുട്ടിയുമായി തട്ടിക്കൊണ്ടു പോകൽ സംഘം സഞ്ചരിക്കുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ആദ്യം അമ്മയുടെ ഫോൺ നമ്പറിലേക്ക് വിളിച്ചിരുന്നു. ഈ നമ്പർ എങ്ങനെ കിട്ടി, പ്രതികൾ പത്ത് ലക്ഷം രൂപ മാത്രം നഷ്ടപരിഹാരമായി ചോദിച്ചത് തുടങ്ങി നിരവധി സംശയം പൊലീസിനുണ്ട്. ഇവയെല്ലാം തീർക്കാൻ എല്ലാ വശവും അന്വേഷിക്കേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു.

കേസിൽ കസ്റ്റഡിയിലെടുത്തയാളെ ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പ്രതികൾക്ക് കാർ വാടകയ്ക്ക് നൽകിയ വ്യക്തിയാണ് കസ്റ്റഡിയിലായത്. വ്യാഴാഴ്ച വൈകീട്ടാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൊല്ലം ചിറക്കര സ്വദേശിയെയാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആവശ്യമെങ്കിൽ ഇദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.

അതിനിടെ, കേസുമായി ബന്ധപ്പെട്ട് മൂന്ന് രേഖാചിത്രങ്ങൾ കൂടെ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. കുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ ഒരാൾ കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ ഡ്രൈവറെന്ന് സംശയിക്കുന്നയാളാണ്. രണ്ടാമത്തെ ആൾ കുട്ടിയെ പരിചരിച്ച സ്ത്രീയാണ്. മൂന്നാമത്തെ ആൾ കുട്ടിയെ ആശ്രാമം മൈതാനത്തുകൊണ്ടുവിട്ട യുവതിയാണ്. ഇവരുടെ ചിത്രം തലയിൽ വെള്ള ഷാളിട്ട നിലയിലാണ്. നേരത്തെ ഇതേ വിഷയത്തിൽ രണ്ട് രേഖാചിത്രങ്ങളും പൊലീസ് പുറത്തുവിട്ടിരുന്നു.

കുട്ടിയുടെ കൂടുതൽ മൊഴികളും നിലവിൽ പുറത്തുവന്നിട്ടുണ്ട്. ഓടിട്ട ആളൊഴിഞ്ഞ വീട്ടിലായിരുന്നു തട്ടിക്കൊണ്ട് പോയ ദിവസം താമസിച്ചിരുന്നതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. ആളുകൾ കൂടുന്ന സ്ഥലത്ത് തല താഴ്‌ത്തിപ്പിടിച്ചിരുന്നു. ഭക്ഷണം വാങ്ങി നൽകിയിരുന്നു. കാർട്ടൂൺ കാണിച്ച് തന്നു. പിറ്റേന്ന് രാവിലെ കാരിലും ഓട്ടോയിലുമായിട്ടാണ് സഞ്ചരിച്ചത്. ശേഷം, പപ്പയിപ്പോൾ വിളിക്കാൻ വരുമെന്ന് പറഞ്ഞ് യുവതി സ്ഥലംവിടുകയായിരുന്നുവെന്നും കുട്ടി വ്യക്തമാക്കി.