ന്യൂഡൽഹി: വ്യോമസേനയുടെ പരിശീലനവിമാനം തകർന്ന് വീണ് വിമാനത്തിലുണ്ടായിരുന്ന ട്രെയിനിയും പരിശീലകനായ പൈലറ്റും മരിച്ചു. തെലങ്കാനയിലെ റാവേല്ലിയിലാണ് പിലാറ്റസ് പിസി എം.കെ.-II എന്ന വിമാനം പരിശീലനത്തിനിടെ തകർന്നു വീണത്. ഡുണ്ഡിഗൽ വ്യോമസേന അക്കാഡമിയിൽ നിന്നാണ് വിമാനം പുറപ്പെട്ടത്.

എയർഫോഴ്‌സ് ട്രെയിനർ വിമാനമാണ് മേദക് ജില്ലയിൽ തകർന്നുവീണത്. ദൈനംദിന പരിശീലനത്തിന്റെ ഭാഗമായി ഹൈദരാബാദ് എയർഫോഴ്‌സ് അക്കാദമിയിൽ (എഎഫ്എ) നിന്നാണ് പറന്നുയർന്നത്. പരിശീലനം നൽകുന്ന പൈലറ്റും പരിശീലനം നേടുന്ന പൈലറ്റുമാണ് മരിച്ചത്. പിസി 7 എംകെ II വിമാനമാണ് തകർന്നതെന്ന് എഎഫ്എ അറിയിച്ചു.

തകർന്നുവീണ വിമാനം നിമിഷനേരങ്ങൾക്കുള്ളിൽ കത്തിയമർന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. വിമാനത്തിൽ എത്രപേരുണ്ടായിരുന്നു എന്ന് വ്യക്തമല്ലായിരുന്നു എന്നും ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നു. അപകടത്തിൽ പ്രദേശവാസികളായ ആളുകൾക്ക് അപകടമുണ്ടായിട്ടില്ലെന്നും മറ്റു നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടകാരണത്തെ കുറിച്ച് അന്വേഷിക്കാൻ വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബറിൽ പുണെയിലും സമാനമായി പരിശീലനത്തിനിടെ വിമാനം തകർന്നിരുന്നു.