ചെങ്ങന്നൂർ: പമ്പാനദിയിൽ ചെങ്ങന്നൂർ പാറക്കടവിൽ രണ്ട് ശബരിമല തീർത്ഥാടകർ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. കുളിക്കാൻ ഇറങ്ങവെ വൈകുന്നേരം 5.30 നാണ് സംഭവം. ചെന്നൈ സ്വദേശി സന്തോഷ് (19 ), ടീ നഗർ സ്വദേശി അവിനാഷ് (21) എന്നിവരാണ് മരിച്ചത്. വൈകുന്നേരത്തോടെ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇവർ. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്നതിടെയാണ് അപകടം സംഭവിച്ചത്.

അതേസമയം അപകടം നടന്ന സ്ഥലത്ത് നഗരസഭയുടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നില്ല എന്ന് പരാതി ഉയരുന്നുണ്ട്. ഇതിന് മുൻപ് ഇതേസ്ഥലത്ത് നിരവധി ആളുകൾ ഒഴുക്കിൽപ്പെട്ടതായാണ് വിവരം. സ്ഥലത്ത് അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു.

ശബരിമല ദർശനത്തിന് ശേഷം ചെങ്ങന്നൂരിലെത്തിയ സംഘം ചെന്നൈ മെയിലിൽ നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇതിന് മുൻപ് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞ് ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി രാത്രി ഏഴോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപെട്ട് സന്തോഷ് മുങ്ങിതാണപ്പോൾ രക്ഷപ്പെടുത്താൻ ശ്രമിച്ചതായിരുന്നു അവിനാഷ്. അവിനാഷും മുങ്ങിതാഴ്ന്നുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. ഗുരുസ്വാമി രവിയുടെ നേതൃത്വത്തിൽ ഇവർ അടക്കം 22 പേരാണ് ഞായറാഴ്ച ശബരിമല ദർശനത്തിനായി എത്തിയത്. സംഘത്തിൽ മൂന്ന് സ്ത്രീകളും ഉണ്ടായിരുന്നു.