കോഴിക്കോട്: കുറിയർ വഴി മയക്കുമരുന്ന് വരുന്നുണ്ടെന്ന് അറിയിച്ച ശേഷം അന്വേഷണ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വൻതട്ടിപ്പ് നടത്തിയ സംഘത്തിനൊപ്പം കർണാടക പൊലീസ് പിടികൂടിയവരിൽ കോഴിക്കോട്ടെ മുസ്ലിം ലീഗ് പ്രാദേശിക നേതാവും. ഒളവണ്ണ സ്വദേശിയും മുസ്ലിംലീഗ് പഞ്ചായത്ത് കമ്മറ്റി അംഗവുമായ മുല്ലപ്പള്ളി ആഷിഖി(45)നെയാണ് മാത്തറയിലുള്ള വീട്ടിലെത്തി കർണാടക പൊലീസ് സംഘം പിടികൂടിയത്. കോഴിക്കോട് സ്വദേശിയായ എംപി. നൗഷാദ്, മലപ്പുറം സ്വദേശികളായ അർഷദ്, കെ.റിയാസ്, കെ.പി. നൗഫൽ, മുഹമ്മദ് റാസി, മുഹമ്മദ് നിംഷാദ് എന്നിവരാണ് കേസിൽ പിടിയിലായ മലയാളികൾ. ഇവരെ കർണാടക പൊലീസ് കേരളത്തിൽനിന്ന് പിടികൂടുകയായിരുന്നു.

ബെംഗളൂരു ഹുളിമാവ് പൊലീസ് രജിസ്റ്റർചെയ്ത കേസിലാണ് ആഷിഖിനെ അറസ്റ്റുചെയ്തത്. ഐ.പി.സി. 419, 420, ഐ.ടി. വകുപ്പിലെ 66(സി), 66(ഡി) എന്നിവയാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ബെംഗളൂരുവിൽ ചെറുകിട വ്യവസായ സംരംഭം നടത്തുന്ന കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ 51-കാരനാണ് പാരാതിക്കാരൻ. 2023 നവംബർ 30-നാണ് സംഭവം നടന്നത്. എന്നാൽ ആഷിഖിനെ കേസിൽ കുടുക്കിയതാണെന്നും ഗൾഫുമായി ബന്ധമുള്ള കോഴിക്കോട് കൊടുവള്ളിയിലുള്ള സംഘമാണ് ഇതിന് പിന്നിലെന്നുമാണ് സഹോദരൻ അസീസ് ആരോപിക്കുന്നത്. റിമാൻഡിലായിരുന്ന ആഷിഖ്, ജാമ്യം ലഭിച്ച് ഉടൻ ജയിൽമോചിതനാകുമെന്നും അസീസ് പറയുന്നു.

ബെംഗളൂരുവിലടക്കമുള്ള മലയാളി യുവാക്കൾ ഉൾപ്പെടെ തട്ടിപ്പിന് ഇരയായ നിരവധി പേരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് മലയാളികളുൾപ്പെട്ട തട്ടിപ്പ് സംഘത്തെ കഴിഞ്ഞ ദിവസം കേരളത്തിലെത്തി കർണാക പൊലീസ് അറസ്റ്റു ചെയ്തത്. ഏഴു മലയാളികളും കർണാടക, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് സ്വദേശികളുമാണ് അറസ്റ്റിലായത്. കുറിയർ വഴി മയക്കുമരുന്ന് വരുന്നുണ്ടെന്ന് പറഞ്ഞാണ് ഇവർ തട്ടിപ്പിനിരയായവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തിരുന്നത്.

കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ 51-കാരനെ കബളിപ്പിച്ച് പണം തട്ടിയെന്ന പരാതിയിലാണ് സംഘം പിടിയിലായത്. മുംബൈയിലെ സെഡ് എക്‌സ് എന്ന അന്താരാഷ്ട്ര കൊറിയർ കമ്പനിയുടെ കസറ്റമർ കെയർ സർവ്വീസിൽനിന്നാണെന്ന് പറഞ്ഞാണ് ആദ്യം ഫോൺ കോൾ വന്നത്. മുംബൈയിൽനിന്നു തായ്വാനിലേക്ക് അയക്കുന്ന കൊറിയറിൽ 950 ഗ്രാം എം.ഡി.എം.എ, അഞ്ച് സിംകാർഡുകൾ, കാലാവധികഴിഞ്ഞ 10 പാസ്‌പോർട്ട്, 1000 യു.എസ് ഡോളർ എന്നിവ ഉണ്ടെന്നും ഇതോടൊപ്പമുണ്ടായിരുന്ന ആധാർ കാർഡിൽ നിങ്ങളുടെ പേരാണുള്ളതെന്നും ഇയാൾ പറഞ്ഞു.

വിവരം കസ്റ്റംസിൽ അറിയിച്ചിട്ടുണ്ടെന്നും പരാതി ഫയൽ ചെയ്തെന്നും ഇയാൾ അറിയിച്ചു. കോൾ മുംബൈ സൈബർ പൊലീസിന് കൈമാറുകയാണെന്നും അവരുമായി സംസാരിക്കാനും ഇയാൾ ആവശ്യപ്പെട്ടു. ഫോണെടുത്ത ശേഷം സൈബർ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ ആൾ വിവരങ്ങൾ ചോദിച്ചറിഞ്ഞു.

പിന്നീട് വീഡിയോ കോളിങ് ആപ്പ് വഴി ഇയാൾ സംസാരിക്കുകയും പൊലീസ് ഉദ്യോഗസ്ഥനാണെന്ന് തെളിയിക്കുന്ന തിരിച്ചറിയൽ രേഖ കാണിക്കുകയും ചെയ്തു. ആധാർ കാർഡും ബാങ്ക് അക്കൗണ്ടും ഉപയോഗിച്ച് നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും മൊഴി ഖേപ്പെടുത്താൻ മുംബൈയിൽ എത്തണമെന്നും ഇയാൾ ആവശ്യപ്പെട്ടു.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കണമെന്നും ഇതിന് അക്കൗണ്ടിലുള്ള തുക മുഴുവൻ ആർ.ബി.ഐയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്നും ഇയാൾ നിർദേശിച്ചു. പരിശോധനയ്ക്കു ശേഷം പണം തിരിച്ചയക്കുമെന്നും ഭയപ്പെടാനില്ലെന്നും ഇയാൾ പറഞ്ഞു. തുടർന്ന് ഇയാൾ തന്ന അക്കൗണ്ടിലേക്ക് 19,88,887 ലക്ഷം രൂപ അയച്ചു. പിന്നീടാണ് തട്ടിപ്പിനിരയായതായി മനസ്സിലായത്. തുടർന്ന് കർണാടക പൊലീസിനെ സമീപിച്ചു.

തട്ടിപ്പിനിരയായി പണം നഷ്ടമായവരിൽ ഒട്ടേറെ മലയാളികളാണുള്ളത്. പരാതിക്കാർ കൂടിയതോടെ ബെംഗളൂരു പൊലീസ് പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു. വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ അന്വേണമാണ് പ്രതികളിലേക്കെത്തിച്ചത്. തട്ടിപ്പിനു പിന്നിൽ രാജ്യാന്തര ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

കർണാടക ഭട്കൽ സ്വദേശികളായ അസീം അഫൻഡി, മുഹമ്മദ് സലീം ഷെയ്ഖ്, ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശി കൻസിഭായ് റബാനി, രാജസ്ഥാൻ പാലി സ്വദേശികളായ ദിലീപ് സോണി, രമേഷ്‌കുമാർ, ലളിത് കുമാർ, രാജ്കോട്ട് ജാംനഗർ സ്വദേശി മഖാനി കരീംലാൽ കമറുദ്ദീൻ എന്നിവരെയും ബെംഗളൂരു പൊലീസിന്റെ പ്രത്യേക സംഘവും സൈബർ ക്രൈംപൊലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു.

സംഘാംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് 25,47,000 രൂപ പൊലീസ് പിടിച്ചെടുത്തു. ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. ഐ.ബി., സിബിഐ., ഇ.ഡി., എൻ.ഐ.എ., എന്നിവയിൽനിന്നുള്ള ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി പണക്കാരുടെ ഫോൺ നമ്പരുകളിലേക്ക് വിളിച്ചായിരുന്നു തട്ടിപ്പെന്ന് ബെംഗളൂരു പൊലീസ് കമ്മിഷണർ ഡി. ദയാനന്ദ് പറഞ്ഞു.

കൊച്ചിയിലെ ഡോക്ടർക്ക് നഷ്ടമായത് 41.61 ലക്ഷം

കുറിയറിൽ എം.ഡി.എം.എ. ലഭിച്ചെന്ന പേരിൽ വ്യാജസന്ദേശം നൽകി ഡോക്ടറുടെ പക്കൽനിന്ന് 41.61 ലക്ഷം തട്ടിയ കേസിൽ മലപ്പുറം സ്വദേശികളായ ഏഴു പേരാണ് കഴിഞ്ഞദിവസം പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. മലപ്പുറം ചെമ്മലശേരി സ്വദേശികളായ എൻ. മുഹമ്മദ് അഫ്സൽ (27), കുഞ്ഞലവി (27), കൊളത്തൂർ സ്വദേശികളായ നിസാമുദീൻ ഐബക് (20), സിദിഖ് അഖ്ബർ (23) എന്നിവർ പിടിയിലായവരിൽ ഉൾപ്പെടും. ഇടപ്പള്ളി സ്വദേശിയായ ഡോക്ടറാണ് തട്ടിപ്പിനിരയായത്. ബെംഗളൂരുവിലെ വ്യവസായിയിൽനിന്നു പണംതട്ടിയ സമാനരീതിയിലാണ് ഡോക്ടറേയും കബളിപ്പിച്ചത്. സംഘത്തിലെ മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നാണ് പൊലീസ് അറിയിക്കുന്നത്.