താമരശ്ശേരി: താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപം ജൂവലറിയുടെ ഭിത്തി തുരന്ന് അമ്പതുപവൻ സ്വർണം കവർച്ചചെയ്ത മൂന്നംഗ സംഘത്തിലെ ശേഷിക്കുന്ന രണ്ട് പ്രതികൾക്കൂടി പിടിയിൽ. നേരത്തെ പിടിയിലായ പൂനൂർ പാലം തലക്കൽ നവാഫി (27)ന്റെ സഹോദരൻ നിസാർ (25), ഒളവണ്ണ പുത്തോട് പാടം നസീറ മൽസിലിൽ മുഹമ്മദ് നിഹാൽ (21) എന്നിവരാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ആർഭാടജീവിതം നയിക്കുന്നതിനും ലഹരിമരുന്ന് ഉപയോഗിക്കുന്നതിനും വേണ്ടിയാണ് പ്രതികൾ കവർച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ആർഭാട ജീവിതം നയിക്കുന്ന വിവരം നാട്ടുകാരിൽ നിന്ന് അറിഞ്ഞതോടെയാണ് നവാഫിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

കവർച്ച ചെയ്ത സ്വർണത്തിന്റെ ഒരുഭാഗവും ഇവരിൽനിന്ന് പിടിച്ചെടുത്തു. കവർച്ചചെയ്തതിൽ 157 ഗ്രാം സ്വർണം നേരത്തെ പ്രതിയുടെ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. പ്രതികളെ താമരശ്ശേരി ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിൽ ചോദ്യംചെയ്തുവരികയാണ്. റൂറൽ ജില്ലാ പൊലീസ് മേധാവി താമരശ്ശേരിയിലെത്തി പ്രതികളെ ചോദ്യംചെയ്യും. ബാക്കിയുള്ള മോഷണ മുതലുകൾ പ്രതികൾ വിൽപ്പന നടത്തിയെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി ടൗണിലെ റെനാ ഗോൾഡ് ജൂവലറിയുടെ ചുമർ ലോക്കർ പൊളിച്ച് കഴിഞ്ഞ മാസം 24നായിരുന്നു കവർച്ച. സിസിടിവി ക്യാമറയിൽ പെയിന്റ് സ്‌പ്രേ ചെയ്തശേഷം ലോക്കർ മുറിച്ചാണ് സ്വർണം കവർന്നത്.

ബുധനാഴ്ച താമരശ്ശേരി പള്ളിപ്പുറത്തെ വാടകക്വാർട്ടേഴ്‌സിൽനിന്നാണ് കോഴിക്കോട് റൂറൽ എസ്‌പി. ഡോ. അർവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും താമരശ്ശേരി ഡിവൈ.എസ്‌പി പി. പ്രമോദിന്റെ മേൽനോട്ടത്തിലുള്ള സംഘവും ചേർന്ന് മുഖ്യപ്രതി നവാഫിനെ പിടികൂടിയത്. താമരശ്ശേരി കോരങ്ങാട്ട് സഹോദരനൊപ്പം ചേർന്ന് 'കെ.പി. ചിപ്‌സ്' എന്ന കട നടത്തിവരുന്ന നവാഫ് പെട്ടെന്ന് പണമുണ്ടാക്കുന്നതിനും ആഡംബരജീവിതം നയിക്കുന്നതിനും വേണ്ടിയാണ് കവർച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു.

ഈ കേസിനുപുറമേ കഴിഞ്ഞ ഡിസംബർ 28-ന് പുലർച്ചെ ഈങ്ങാപ്പുഴയിലെ കുന്നുമ്മൽ ജൂവലറിയിൽനിന്ന് മുപ്പതിനായിരം രൂപ വിലവരുന്ന വെള്ളിയാഭരണങ്ങളും പതിനായിരം രൂപയും കവർന്ന കേസിലും മുഖ്യപ്രതിയാണ് നവാഫെന്ന് പൊലീസ് അറിയിച്ചു. 2020-ൽ താമരശ്ശേരിയിൽ മൊബൈൽ ഫോൺ മോഷണം നടത്തിയതിന് പിടിക്കപ്പെട്ട ഇയാൾ, ഒരുമാസം ജയിൽശിക്ഷ അനുഭവിച്ചിരുന്നു.

താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപത്തെ 'റന ഗോൾഡി'ൽനിന്ന് ജനുവരി 24-ന് പുലർച്ചെയാണ് നവാഫും സഹോദരൻ നിസാറും സുഹൃത്ത് നിഹാലും ചേർന്ന് ലോക്കർ തകർത്ത് 23 ലക്ഷം രൂപ വിലമതിക്കുന്ന 400 ഗ്രാമോളം വരുന്ന സ്വർണാഭരണങ്ങൾ കവർന്നത്. പ്രതികളെ കണ്ടെത്താനായി താമരശ്ശേരിമുതൽ കോഴിക്കോടുവരെയും മലപ്പുറത്തെ കൊണ്ടോട്ടിവരെയുമുള്ള നൂറോളം സി.സി.ടി.വി. ക്യാമറകൾ പൊലീസ് പരിശോധിച്ചിരുന്നു.

എന്നിട്ടും പ്രതികളെക്കുറിച്ച് കാര്യമായ സൂചനയൊന്നും ലഭ്യമാവാതിരുന്ന സാഹചര്യത്തിൽ താമരശ്ശേരി പരിസരത്തെ മുൻകുറ്റവാളികളുടെ വിവരങ്ങൾ തേടി. അങ്ങനെയാണ് മുൻകുറ്റവാളിയായ നവാഫിന്റെ കുടുംബം പൊലീസ് സ്റ്റേഷന്റെ ചുറ്റുമതിലിന് അമ്പതുമീറ്റർ പരിധിക്കുള്ളിൽ താമസിച്ചിരുന്നതായും പിന്നീട് സംശയാസ്പദമായ നിലയിൽ വീടൊഴിഞ്ഞുപോയതായും കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് നവാഫിന്റെ പങ്ക് വെളിവാകുന്നതും ഇയാൾ പിടിയിലാവുന്നതും.

മൂന്നംഗസംഘം വാടകയ്ക്ക് താമസിച്ചതും കവർച്ച ആസൂത്രണംചെയ്തതും പൊലീസ് സ്റ്റേഷന് സമീപത്തെ വാടകവീട്ടിൽവച്ചാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. സ്വർണക്കവർച്ച കേസിലെ മുഖ്യപ്രതി പൂനൂർ പാലംതലക്കൽ നവാഫും ഭാര്യയും കൊടുവള്ളി പറക്കുന്ന് എന്ന സ്ഥലത്തായിരുന്നു താമസം. അതേസമയം, സഹോദരനും കേസിലെ മറ്റൊരു പ്രതിയുമായ നിസാർ ഉമ്മയ്ക്കും മറ്റു സഹോദരങ്ങൾക്കുമൊപ്പം താമസിച്ചത് പൊലീസ് സ്റ്റേഷന്റെ ചുറ്റുമതിലിന്റെ പിൻഭാഗത്തുനിന്ന് അമ്പതുമീറ്ററോളം അടുത്തായി സ്ഥിതിചെയ്യുന്ന വാടകവീട്ടിലായിരുന്നു. മൂന്നാഴ്ചയോളംമാത്രം താമസിച്ച താമരശ്ശേരി ടൗണിലെ ഈ വാടകവീട്ടിൽവച്ചായിരുന്നു കവർച്ചയുടെ ആസൂത്രണം.

കവർച്ചയ്ക്ക് പിന്നാലെയുള്ള അന്വേഷണത്തിനൊടുവിൽ ജൂവലറിയിൽനിന്ന് മണം പിടിച്ച പൊലീസ് നായ ഇവരുടെ വാടകവീടിന് സമീപത്തെ വയൽപ്രദേശംവരെ വന്നിരുന്നു. കവർച്ചകഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുശേഷംതന്നെ ഇരുവരും തങ്ങളുടെ വാടകവീട് ഒഴിയുകയും ചെയ്തു. നവാഫ് പള്ളിപ്പുറം ഭാഗത്തെ വാടകക്വാർട്ടേഴ്‌സിലേക്കും നിസാറും കുടുംബവും ഇരൂൾക്കുന്നിലെ വാടകവീട്ടിലേക്കും താമസം മാറുകയായിരുന്നു. ഇരുൾക്കുന്നിലെ വീട്ടിൽനിന്നാണ് 20 പവനോളം സ്വർണവും കവർച്ചാസമയത്ത് ഉപയോഗിച്ച കോട്ടുകളുമെല്ലാം പൊലീസ് ബുധനാഴ്ച കണ്ടെടുത്തിരുന്നു.