കലിഫോർണിയ: യുഎസിലെ കലിഫോർണിയയിലെ സാൻ മറ്റെയോയിൽ ഭാര്യയേയും ഇരട്ടക്കുട്ടികളായ മക്കളേയും കൊന്ന് ഭർത്താവ് വെടിവച്ചു മരിച്ചതെന്ന നിഗമനത്തിൽ അന്വേഷകർ. കൊല്ലം സ്വദേശികളിൽ 3 പേർ കൊല്ലപ്പെട്ടതാണെന്നും ഒരാൾ ജീവനൊടുക്കിയതാണെന്നും യുഎസ് പൊലീസ് സ്ഥിരീകരിച്ചു. പട്ടത്താനം വികാസ് നഗർ സ്‌നേഹയിൽ ആനന്ദ് സുജിത് ഹെന്റി (42), ഭാര്യ ആലീസ് പ്രിയങ്കയെ (40) വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ചു ജീവനൊടുക്കിയെന്നാണു പൊലീസ് പറയുന്നത്.എന്തിനാണ് കൃത്യം നടത്തിയതെന്നു വെളിപ്പെടുത്തുന്ന ആത്മഹത്യാകുറിപ്പുകളോ, മറ്റു രേഖകളോ പൊലീസ് കണ്ടെത്തിയിട്ടില്ല.

സംശയ രോഗമാണ് ഈ ക്രുരതയ്ക്ക് പിന്നിലെന്ന് വിലയിരുത്തലുണ്ട്. തോക്ക് സ്വയരക്ഷയ്ക്കു വേണ്ടി നേരത്തേ വാങ്ങിവച്ചതാകാമെന്നാണ് അവർ പറയുന്നത്. അമേരിക്കയിലായിരുന്ന ആലീസ് പ്രിയങ്കയുടെ അമ്മ ജൂലിയറ്റ് ഈ മാസം 11നാണ് നാട്ടിലേക്കു തിരിച്ചത്. ആനന്ദും ആലിസും തമ്മിലെ പ്രശ്‌നങ്ങൾ കുടുംബത്തിനും അറിയാമായിരുന്നുവെന്നാണ് സൂചന. എന്നാൽ അവർ ഇതുവരെ പ്രതികരണത്തിന് മുതിർന്നിട്ടില്ല. ആദ്യം വിഷ പുക ശ്വസിച്ചാകും മരണമെന്നായിരുന്നു വിലയിരുത്തൽ. ഇതിനിടെയാണ് തോക്കും വെടിയേറ്റ പാടും ചർച്ചകൾ മാറ്റിമറിച്ചത്.

2016ൽ അജിത് അമേരിക്കൻ കോടതിയിൽ വിവാഹ മോചനത്തിന് ഹർജി നൽകിയിരുന്നു. എന്നാൽ ഇത് അനുവദിക്കപ്പെട്ടില്ല. ഹർജി നൽകിയെങ്കിലും പിന്നീട് തുടർ നടപടികളോട് താൽപ്പര്യം കാട്ടിയില്ല. ഇതിന് ശേഷമാണ് ആലീസ് ഗർഭിണിയായത്. ഇരട്ടു കുട്ടികളുടെ പ്രസവത്തോടെ പുതിയ വീട്ടിലേക്ക് താമസം മാറ്റി. ഇതിനിടെയിലും പ്രശ്‌നങ്ങൾ തുടർന്നുവെന്നാണ് സൂചന. ഇതാണ് ദുരന്തമായി മാറിയത്. പലപ്പോഴും കുടുംബ പ്രശ്‌നത്തിൽ പൊലീസ് ഇടപെട്ടുവെന്ന സൂചനകളുമുണ്ട്. എന്നാൽ വിശദാംശങ്ങൾ പൊലീസ് പുറത്തു പറയുന്നില്ല.

ബലപ്രയോഗത്തിലൂടെ ആരെങ്കിലും വീട്ടിനുള്ളിൽ കടന്നതായി സൂചനയൊന്നും ലഭിച്ചിട്ടില്ല. തിങ്കളാഴ്ച വീട്ടിൽനിന്ന് വെടിയൊച്ച കേട്ടതായി അയൽവാസികളിൽനിന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കുടുംബപ്രശ്‌നങ്ങളെത്തുടർന്നുള്ള കൊലപാതകവും ആത്മഹത്യയുമാണ് നടന്നതെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വീട്ടിൽനിന്ന് മറ്റ് തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ല. ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.

4 വയസ്സുള്ള ഇരട്ടക്കുട്ടികളായ നോഹയും നെയ്ഥനും കൊല്ലപ്പെട്ടത് എങ്ങനെയെന്നു പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. വിഷമോ, കൂടിയ അളവിൽ മരുന്നുകളോ നൽകിയാകാം കുട്ടികളെ കൊലപ്പെടുത്തിയതെന്നാണു നിഗമനം. കുട്ടികളുടെ ശരീരത്തിൽ ക്ഷതമേറ്റതിന്റെ പാടുകളില്ലെന്നും പൊലീസ് പറഞ്ഞു. ആനന്ദിന്റെയും ആലീസിന്റെയും മൃതദേഹം കുളിമുറിയിൽ നിന്നാണു കണ്ടെത്തിയത്. വെടിവച്ചതെന്നു കരുതുന്ന നിറതോക്കും അവിടെ നിന്നു ലഭിച്ചു. മക്കളുടെ മൃതദേഹങ്ങൾ കിടപ്പുമുറിയിലായിരുന്നു.

ആനന്ദിന്റെ ദുബായിലുള്ള സഹോദരൻ അജിത് അമേരിക്കയിൽ എത്തി. മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാനുള്ള ശ്രമം നടക്കുന്നതായും ബന്ധുക്കൾ പറഞ്ഞു. ആനന്ദിന്റെ വീട്ടിൽ നിന്നു വെടിയൊച്ച കേട്ടിരുന്നതായി സമീപവാസികൾ പറഞ്ഞെന്നാണു പൊലീസ് പറയുന്നത്. പുറത്തു നിന്നെത്തി കൊലപാതകം നടത്തിയതിനുള്ള സാധ്യതയില്ലെന്നും പൊലീസ് പറയുന്നു.

കുടുംബത്തിലെ 4 പേരെയും മരിച്ച നിലയിൽ അമേരിക്കൻ സമയം തിങ്കളാഴ്ച രാവിലെ 9.15നാണ് കണ്ടെത്തിയത്. ചൂട് നിയന്ത്രിക്കാനുള്ള സംവിധാനത്തിൽ നിന്നുയർന്ന വിഷവാതകം ശ്വസിച്ചാണു മരണമെന്നായിരുന്നു തുടക്കത്തിൽ സംശയിച്ചിരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താമെന്നാണ് പൊലീസ് സംഘം പറയുന്നത്. 0.9 എംഎം റൈഫിളാണ് വെടിവയ്ക്കാൻ ഉപയോഗിച്ചതെന്നു പൊലീസ് പറഞ്ഞു.

തോക്ക് സ്വയരക്ഷയ്ക്കു വേണ്ടി നേരത്തേ വാങ്ങിവച്ചതാകാമെന്നാണ് അവർ പറയുന്നത്. അമേരിക്കയിലായിരുന്ന ആലീസ് പ്രിയങ്കയുടെ അമ്മ ജൂലിയറ്റ് ഈ മാസം 11നാണ് നാട്ടിലേക്കു തിരിച്ചത്. അവർ കൊല്ലം കിളികൊല്ലൂരിലെ വീട്ടിലെത്തി തിരികെ വിളിച്ചപ്പോൾ മറുപടിയില്ലാത്തതു കൊണ്ട് ബന്ധു മുഖേന അന്വേഷിച്ചിരുന്നു. ബന്ധു, സുഹൃത്തിനെ ആനന്ദിന്റെ വീട്ടിലേക്കു വിട്ടു. കോളിങ് ബെല്ലടിച്ചിട്ടു വീട്ടുകാർ പുറത്തിറങ്ങിയില്ലെന്നു സുഹൃത്ത് പറഞ്ഞു. ഇതിനെത്തുടർന്നു പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.