വയനാട്: കേരളത്തിൽ നടന്ന ലോൺ ആപ്പ് തട്ടിപ്പിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി വയനാട്ടിലെ മീനങ്ങാടി പൊലീസ്. ലോൺ ആപ്പിന്റെ തട്ടിപ്പിനിരയായി വയനാട്ടിൽ യുവാവ് ആത്മഹത്യചെയ്ത സംഭവത്തിലാണ് അറസ്റ്റ്. ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് 44കാരൻ ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്.

അന്തഃസംസ്ഥാന തട്ടിപ്പു സംഘത്തിലെ നാലുപേരെയാണ് മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെത്തിയ പൊലീസ് സംഘം അതിസാഹസികമായാണ് പ്രതികളെ പിടികൂടിയത്. കേരളത്തിൽ ഇത്തരത്തിൽ നൂറുകണക്കിന് തട്ടിപ്പുകൾ നടന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരമൊരു കേസിൽ പ്രതികൾ അറസ്റ്റിലാവുന്നത്.

സെപ്റ്റംബർ 15-നാണ് പൂതാടി, താഴെമുണ്ട ചിറക്കൊന്നത്ത് വീട്ടിൽ സി.എസ്. അജയരാജ് (44) ജീവനൊടുക്കിയത്. യുവാവിന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തിയ ഗുജറാത്ത് അമറേലി സ്വദേശികളായ ഖേറാനി സമിർഭായ് (30), കൽവത്തർ മുഹമ്മദ് ഫരിജ് (20), അലി അജിത്ത് ഭായ് (43) എന്നിവരെയും പ്രായപൂർത്തിയാവാത്ത ഒരാളുമാണ് അറസ്റ്റിലായത്.

വയനാട് ജില്ലാ പൊലീസ് മേധാവി ടി. നാരായണന്റെ നിർദേശപ്രകാരം മീനങ്ങാടി ഇൻസ്‌പെക്ടർ പി.ജെ. കുര്യാക്കോസിന്റെ േനതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. കാൻഡി കാഷ് എന്ന വായ്പാ ആപ്പ് തട്ടിപ്പുസംഘം ചിത്രങ്ങൾ മോർഫ് ചെയ്ത് ബന്ധുക്കൾക്ക് അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയതിനെത്തുടർന്നായിരുന്നു ആത്മഹത്യ.