തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ നേമത്ത് വീട്ടിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അക്യുപങ്ചർ ചികിത്സ നടത്തിയ വെഞ്ഞാറമൂട് സ്വദേശി ഷിഹാബുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് നിന്നാണ് ഇയാളെ നേമം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

ബീമാപള്ളിയിൽ ക്ലിനിക്ക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശിയായ ശിഹാബുദ്ദീൻ, ഷമീറയെ അക്യുപങ്ചർ ചികിത്സയ്ക്ക് വിധേയയാക്കിയിരുന്നുവെന്ന് നേരത്തെ പൊലീസിന് വിവരമുണ്ടായിരുന്നു. പാലക്കാടുള്ള വ്യാജ സിദ്ധന്റെ ശിഷ്യനാണ് ഇയാൾ എന്നാണ് സൂചന. പ്രസവം എടുക്കുന്നതിന് ശരിയായ പരിചരണം ലഭിക്കാതിരുന്നത് യുവതിയുടെ മരണത്തിലേക്ക് നയിച്ചെന്നാണ് വിവരം.

അക്യൂപങ്ചറിന്റെ മറവിൽ ഷിഹാബുദ്ദീൻ വ്യാജ ചികിത്സ നടത്തുകയാണെന്ന് സെപ്റ്റംബർ മാസത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. പ്രമേഹം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങുന്നവെന്ന വിവരത്തിലാണ് സ്‌പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. എന്നാൽ റിപ്പോർട്ടിന്മേൽ പൊലീസും ആരോഗ്യവകുപ്പും തുടർനടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.

ചൊവ്വാഴ്ചയായിരുന്നു വീട്ടിൽ നടന്ന പ്രസവത്തിനിടയിൽ പുത്തൻ പീടികയിൽ കുഞ്ഞിമരയ്ക്കാർ, ഫാത്തിമബീവി ദമ്പതിമാരുടെ മകൾ ഷമീറ (36)യും നവജാത ശിശുവും മരിച്ചത്. സംഭവത്തിൽ, ആശുപത്രിയിൽ കൊണ്ടുപോകാതെ വീട്ടിൽത്തന്നെ പ്രസവം നടത്താൻ പ്രേരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഷമീറയുടെ ഭർത്താവ് നയാസിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ഷമീറയ്ക്ക് പ്രസവവേദനയുണ്ടായത്. വൈകീട്ട് അഞ്ചുമണിയോടെ ബോധരഹിതയായ ഷമീറയെ വീട്ടിലുണ്ടായിരുന്നവർ ആംബുലൻസ് വിളിച്ച് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേതന്നെ അമ്മയും കുഞ്ഞും മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.

പാലക്കാട് സ്വദേശിനിയായ ഷമീറയുടെയും പൂന്തുറ സ്വദേശിയായ നയാസിന്റെയും രണ്ടാം വിവാഹമാണ്. ഷമീറയ്ക്കും നയാസിനും രണ്ട് കുഞ്ഞുങ്ങളുണ്ട്. ഷമീറ പൂർണഗർഭിണിയായപ്പോൾത്തന്നെ ആരോഗ്യവകുപ്പ് അധികൃതരും ഡോക്ടറും ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകണമെന്ന് പലവട്ടം ആവശ്യപ്പെട്ടിരുന്നു. ഇതിനു തയ്യാറാകാതെവന്നപ്പോൾ പൊലീസ് ഇടപെട്ടിട്ടും പ്രസവം വീട്ടിൽ മതിയെന്ന് നയാസ് വാശിപിടിക്കുകയായിരുന്നു.

സംഭവസമയത്ത് നയാസിന്റെ ആദ്യഭാര്യയും മകളുമാണു ഷമീറയ്ക്ക് ഒപ്പമുണ്ടായിരുന്നത്. ആദ്യഭാര്യയുടെ മകൾ അക്യുപംക്ചർ വിദ്യാർത്ഥിയാണെന്നു സംഭവസ്ഥലം സന്ദർശിച്ച മന്ത്രി വി.ശിവൻകുട്ടിയും ആരോഗ്യ പ്രവർത്തകരും പറഞ്ഞു. ചികിത്സ ലഭ്യമാക്കാത്തതിനെ തുടർന്നാണു മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടാകും എന്നാണു പൊലീസ് കരുതുന്നത്. ഷമീറയുടെ നാലാമത്തെ പ്രസവമാണിത്. മുൻപത്തെ മൂന്നും സിസേറിയനായിരുന്നു.