തിരുവല്ല: തിരുവല്ലയിൽ കാണാതായ 15കാരി മടങ്ങിയെത്തി. കാണാതായ കുട്ടിയുടെ ചിത്രങ്ങൾ പൊലീസ് പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെ കുട്ടിയെ തിരുവല്ല പൊലീസ് സ്‌റ്റേഷനിലാക്കി കൂടെയുണ്ടായിരുന്ന യുവാവ് മുങ്ങി. ഈ യുവാവിനെ പൊലീസ് പിടികൂടി. പെൺകുട്ടിക്കൊപ്പം പോയതായി സംശയിക്കുന്ന യുവാക്കളുടെ ചിത്രം പുറത്തുവിട്ടാണ് പൊലീസ് നിർണ്ണായക നീക്കം നടത്തിയത്. ഒരാളെ കണ്ടെത്താൻ നീക്കം സജീവമായി.

നാടകീയ സംഭവങ്ങളാണ് നടന്നത്. വെള്ളിയാഴ്ച രാവിലെ മുതൽ കാണാതായ സംഭവത്തിലാണ് യുവാക്കളുടെ ചിത്രം പൊലീസ് പുറത്തുവിട്ടത്. ഇവരെ തിരിച്ചറിയുന്നവർ പൊലീസിൽ അറിയിക്കണമെന്നായിരുന്നു നിർദ്ദേശം. വെള്ളയിൽ കറുത്ത പുള്ളികളുള്ള ഷർട്ട് ധരിച്ച രണ്ടുപേരാണ് പെൺകുട്ടിയെ ബസ് സ്റ്റാൻഡിൽനിന്നു കൊണ്ടുപോയതെന്നായിരുന്നു വിവരം.

പെൺകുട്ടി ബസ് സ്റ്റാൻഡിൽ വച്ച് യൂണിഫോം മാറ്റി പുതിയ വസ്ത്രം ധരിച്ചാണ് ഇവർക്കൊപ്പം പോയത്. ഇതു കണ്ടെത്തിയത് നിർണ്ണായകമായി. ഇതോടെ കുട്ടിയെ തിരുവല്ല പൊലീസ് സ്‌റ്റേഷനിൽ കൊണ്ടാക്കാൻ യുവാക്കൾ നിർബന്ധിതരാകുകയായിരുന്നു. അന്വേഷണം വ്യാപകമായതോടെയാണ് ഈ നീക്കം യുവാക്കൾ നടത്തിയത്. തന്ത്രപരമായി കുട്ടിയെ സ്റ്റേഷനിലാക്കി യുവാവ് മുങ്ങുകയായിരുന്നു. ഇയാളെ പിടികൂടി.

ഒരാളാണ് സ്റ്റേഷനിൽ പെൺകുട്ടിക്കൊപ്പം എത്തിയത്. മറ്റൊരാളെ കണ്ടെത്താനായിട്ടില്ല. ഇയാൾക്ക് വേണ്ടിയും തിരിച്ചിൽ ശക്തമാക്കി. വെള്ളിയാഴ്ച രാവിലെ സ്‌കൂളിലേക്ക് എന്നു പറഞ്ഞ് ഇറങ്ങിയ പെൺകുട്ടിയെ പിന്നീടു കാണാതാവുകയായിരുന്നു. തിരുവല്ല സ്‌കൂൾ വിദ്യാർത്ഥിനിയാണ്. ഉച്ചയായിട്ടും വീട്ടിലെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷിച്ചത്. അമ്മ സ്‌കൂളിലും പിന്നീട് ട്യൂഷൻ ക്ലാസിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെ പൊലീസിൽ പരാതി നൽകി.

ബന്ധുവീടുകളിലും എത്തിയിട്ടില്ലെന്ന് ഉറപ്പായതോടെ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു. ഇതിൽ കുട്ടി രണ്ട് ആൺകുട്ടികൾക്കൊപ്പം സംസാരിച്ചു നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ചില സൂചനകൾ കിട്ടി. ഇതിനിടെ പെൺകുട്ടിയെ സ്റ്റേഷനിൽ കൊണ്ടാക്കി. ബസിൽ നിന്നുള്ള ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.

പെൺകുട്ടിയും ഈ യുവാക്കളും ഒരുമിച്ച് സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് ലഭിച്ചത്. തിരുവല്ല കെ.എസ്.ആർ.ടി.സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ചാണ് യാത്ര തുടർന്നത്. ഇവിടെ നിന്നും കെ.എസ്.ആർ.ടി.സി ബസിൽ തൃശ്ശൂരിലേക്ക് പോയന്നാണ് സൂചന. ഇതോടെ പൊലീസ് അന്വേഷണം തൃശ്ശൂരിലേക്കും വ്യാപിപ്പിച്ചു. വെള്ളയിൽ കറുത്ത പുള്ളികളുള്ള ഷർട്ട് ധരിച്ച രണ്ടുപേരാണ് പെൺകുട്ടിയുടെ കൂടെയുള്ളതൈന്നും കണ്ടെത്തി. ഈ യുവാക്കളെ കണ്ടെത്തുകയും ചെയ്തു.

പൊൺകുട്ടിയെ കാണാതായിട്ട് 36 മണിക്കൂറുകൾക്ക് ശേഷമാണ് പെൺകുട്ടിയുടെയും പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെയും ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടത്. മാതാപിതാക്കൾ അറിയാതെ പെൺകുട്ടി മൊബൈൽഫോണും സിംകാർഡും ഉപയോഗിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.