കൊച്ചി: സിനിമാ വിതരണത്തിന്റെയും വിദേശത്ത് കമ്പനി പങ്കാളിത്തത്തിന്റെയും പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ ഓസ്ട്രേലിൻ മലയാളിയായ വ്യവസായിക്കെതിരെ ചലച്ചിത്ര നിർമ്മാതാവ് വീണ്ടും രംഗത്ത്. ജയസൂര്യ നായകനായ വെള്ളം എന്ന സിനിമയുടെ നിർമ്മാതാവ് കെ.വി മുരളീദാസാണ് പരാതിയുമായി എത്തിയിരിക്കുന്നത്. മുരളീദാസിന്റെ ബയോപിക് ആയാണ് സംവിധായകൻ പ്രജീഷ് സെൻ വെള്ളം ഒരുക്കിയത്. കൂടുതൽ പരാതിക്കാരുമായാണ് മുരളി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

ഓസ്ട്രേലിയയിലെ പെർത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന ആലപ്പുഴ ചമ്പക്കുളം സ്വദേശി ഷിബു ജോണിനെതിരെയാണ് പരാതി. സിനിമാ വിതരണത്തിന്റെയും വിദേശ കമ്പനികളിലെ പങ്കാളിത്തത്തിന്റെയും പേരിൽ ഇയാൾ കോടിക്കണക്കിന് രൂപ പറ്റിച്ചെന്ന് മുരളി നേരത്തെ തന്നെ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഓസ്ട്രേലിയയിൽ ഇയാളുടെ തട്ടിപ്പിനിരയായ പത്തോളം പേരും കേസ് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേരള പൊലീസും ഓസ്ട്രേലിയൻ ഫെഡറൽ പൊലീസും ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഓസ്ട്രേലിയയിൽ നിൽക്കാൻ സാധിക്കാത്ത അവസ്ഥയിൽ ഷിബു അടുത്തദിവസം കേരളത്തിലെത്താനിരിക്കെയാണ് മുരളി ആരോപണവുമായി എത്തുന്നത്.

സിനിമകളുടെ ഓവർസീസ് വിതരണക്കാരനായ ലണ്ടൻ മലയാളി വഴിയാണ് മുരളി ഷിബുവിനെ പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും ഓസ്ട്രേലിയയിൽ 65 ശതമാനം ഷിബുവിനും 35 ശതമാനം മുരളിക്കും എന്ന പങ്കാളിത്ത വ്യവസ്ഥയിൽ വാട്ടർമാൻ ഓസ്ട്രേലിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി ആരംഭിച്ചു. എന്നാൽ ഒരു വർഷം കഴിയുന്നതിന് മുമ്പേ അക്കൗണ്ടന്റിന്റെ സഹായത്തോടെ തന്റെ അറിവോ സമ്മതമോ ഇല്ലാതെ കമ്പനിയുടെ പങ്കാളിത്തത്തിൽ നിന്നും ഒഴിവാക്കിയെന്നും കച്ചവടത്തിനായി പെർത്തിലേക്ക് കയറ്റിയയച്ച ടൈലിന്റെ വിലയായ 1.16 കോടി രൂപ നൽകിയില്ലെന്നുമാണ് മുരളി നടക്കാവ് പൊലീസിൽ പരാതി നൽകിയത്. ഈ കേസിൽ ഷിബുവിന്റെ മകൻ ആകാശും പ്രതിയാണ്.

കണ്ണൂരിലെ പരിയാരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ പരാതിയുണ്ട്. ഈ കേസിൽ ഷിബുവിന്റെ ഭാര്യ ജോമോൾ ആണ് മറ്റൊരു പ്രതി. പിലാത്തറ നരീക്കാംവള്ളി ഇല്ലത്തുവീട്ടിൽ സ്മിതയാണ് ഈ കേസിലെ പരാതിക്കാരി. ഭർത്താവ് അനൂപിനെ നിർമ്മാണക്കമ്പനിയിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 28 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഓസ്ട്രേലിയയിൽ പരാതി നൽകിയിരിക്കുന്നവരിൽ മലയാളിയായ ഒരാൾക്ക് മാത്രം 50 കോടി രൂപയാണ് നഷ്ടമായിരിക്കുന്നത്.

മലയാളത്തിലെ പ്രമുഖ നിർമ്മാതാക്കൾ ഉൾപ്പെടെയുള്ളവരാണ് ഇപ്പോൾ ഇയാൾക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. പ്രദർശന വിജയം നേടിയ പല ചിത്രങ്ങളുടെയും വിതരണാവകാശവും കമ്പനിയിലെ പങ്കാളിത്തവും വാഗ്ദാനം ചെയ്താണ് തട്ടിപ്പുകൾ ഏറെയും. ഇതോടൊപ്പം ഓസ്ട്രേലിയൻ വിസ നൽകാമെന്ന് പറഞ്ഞ് നിരവധി മലയാളികളെയും ഇയാൾ പറ്റിച്ചിട്ടുണ്ടെന്ന് മുരളി വെളിപ്പെടുത്തുന്നു. തന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരുടെ അക്കൗണ്ടുകൾ വഴി പണമിടപാട് നടത്തി അവരെ നിയമക്കുരുക്കിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയും കൂടെനിർത്തുന്നതാണ് ഷിബുവിന്റെ രീതിയെന്ന് മുരളി പറയുന്നു. ഇത്തരത്തിൽ ഭീഷണിക്ക് വഴങ്ങി അവർ കുറഞ്ഞകൂലിക്കും ഓവർടൈം ഇല്ലാതെയും ജോലി ചെയ്യാൻ നിർബന്ധിതരുമാകുന്നു.

ഷിബുവിന്റെ ഒരു സ്ഥാപനം പോലും ടാക്സ് അടയ്ക്കുന്നില്ലെന്നതിന്റെയും വാട്ടർമാൻ ഓസ്ട്രേലിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റുകളും തട്ടിപ്പിനിരയായ കൂടുതൽ പേരുടെ പരാതികളുമാണ് മുരളി നിരത്തുന്ന തെളിവുകൾ. ഈ പരാതികൾ കണക്കിലെടുത്ത് ഇയാളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അന്വേഷണം നടത്തണമെന്നും മുരളി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.