രാജ്കോട്ട്: തന്റെ സുഹൃത്തുമായി ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ യുവതിയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൃത്യം നടത്തിയതിന് പിന്നാലെ ഭാര്യയുടെ മൃതദേഹത്തിനൊപ്പമുള്ള വീഡിയോകളും വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു. സോളാപുർ സ്വദേശിയും ഗുജറാത്തിലെ രാജ്കോട്ടിൽ താമസക്കാരനുമായ ഗുരുപ ജിരോളിയാണ് ഭാര്യ അംബികയെ അതിക്രൂരമായി കൊലപ്പെടുത്തിയത്.

അപ്പാർട്ട്മെന്റിലെ മറ്റുതാമസക്കാരോട് മാപ്പ് ചോദിച്ചാണ് ഇയാൾ വീഡിയോ ചിത്രീകരിച്ചിരുന്നത്. ഭാര്യയെ താൻ കൊന്നതാണെന്ന കുറ്റസമ്മതവും വീഡിയോയിലുണ്ടായിരുന്നു. ഇതിനുപിന്നാലെ പ്രതി തന്നെ പൊലീസിനെ വിളിച്ച് കുറ്റസമ്മതവും നടത്തി. തന്റെ കൂട്ടുകാരനുമായുള്ള രഹസ്യബന്ധം ഉപേക്ഷിക്കാൻ ഭാര്യ തയ്യാറായില്ല. കാമുകനൊപ്പം പോകാനായിരുന്നു ഭാര്യയുടെ ആഗ്രഹം. പത്താംക്ലാസിൽ പഠിക്കുന്ന മകളുടെ പരീക്ഷ കഴിയുന്നത് വരെ കാത്തിരിക്കണമെന്നും അതുവരെ വീട്ടിൽനിന്ന് പോകരുതെന്നും താൻ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാൽ, ഭാര്യ ഇതിന് സമ്മതിച്ചില്ലെന്നും പ്രതി വീഡിയോയിൽ ആരോപിക്കുന്നുണ്ട്.

ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. കരാറുകാരനും വ്യാപാരിയുമായ ജിരോളി രാജ്കോട്ടിലെ അംബിക ടൗൺഷിപ്പിലെ അപ്പാർട്ട്മെന്റിലാണ് താമസം. ചൊവ്വാഴ്ച പുലർച്ചെയാണ് ഭാര്യയെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയുള്ള വീഡിയോ അപ്പാർട്ട്മെന്റിലെ താമസക്കാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഇയാൾ പങ്കുവെച്ചത്.

ചോരയിൽകുളിച്ച് കിടക്കുന്ന ഭാര്യ അംബികയുടെ മൃതദേഹത്തിന് സമീപത്തുനിന്നാണ് പ്രതി വീഡിയോ ചിത്രീകരിച്ചിരുന്നത്. തന്റെ കൂട്ടുകാരനുമായി ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്നും അതിനാൽ ഭാര്യയെ കൊലപ്പെടുത്തിയെന്നുമായിരുന്നു വീഡിയോയിൽ പറഞ്ഞിരുന്നത്. സംഭവത്തിൽ ഇയാൾ മറ്റുള്ളവരോട് മാപ്പ് ചോദിക്കുന്നതും വീഡിയോയിലുണ്ട്. അതേസമയം, ഭാര്യയെ കൊലപ്പെടുത്തിയതിൽ തനിക്ക് പശ്ചാത്താപമില്ലെന്നും ഭാര്യ തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായും പ്രതി പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്താൽ കൈയിൽ വിലങ്ങണിയിക്കരുതെന്നും സ്ഥിരം കുറ്റവാളികളോട് പെരുമാറുന്നത് പോലെ തന്നോട് പെരുമാറരുതെന്നും ഇയാൾ അഭ്യർത്ഥിച്ചിരുന്നു.

സോളാപുർ സ്വദേശിയായ ജിരോളിയും കുടുംബവും 2003 മുതലാണ് രാജ്കോട്ടിൽ സ്ഥിരതാമസമാക്കിയത്. ദമ്പതിമാർക്ക് 17 വയസ്സുള്ള മകളും പത്ത് വയസ്സുള്ള മകനും ഉണ്ട്. ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം.

തലയ്ക്കടിച്ചാണ് പ്രതി ഭാര്യയെ കൊലപ്പെടുത്തിയതെന്നും ഇതിനുശേഷം രണ്ട് വീഡിയോകളാണ് മൃതദേഹത്തിനൊപ്പം പ്രതി ചിത്രീകരിച്ചതെന്നും പൊലീസ് പറഞ്ഞു. ഈ വീഡിയോകളാണ് പിന്നീട് അപ്പാർട്ട്മെന്റിലെ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചത്. ഇതിനുശേഷം 5.30-ഓടെ ഭാര്യയെ കൊലപ്പെടുത്തിയെന്ന് പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.

സംഭവത്തിൽ പ്രതിയുടെ മൊഴികൾ പരിശോധിച്ചുവരികയാണെന്നാണ് പൊലീസ് പറഞ്ഞു. വീഡിയോകളും ഇത് ചിത്രീകരിച്ച മൊബൈൽഫോണും ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഭാര്യയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച സുഹൃത്തിന്റെയടക്കം മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.