തിരുവനന്തപുരം: മനോരോഗമുള്ള വീട്ടമ്മയെ വീട്ടിൽ കയറി ആക്രമിച്ച ശേഷം കഴുത്തിൽ മുന കൂർപ്പിച്ച റബ്ബർ കമ്പ് കുത്തിയിറക്കിയ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്ത് നെയ്യാറ്റിൻകര പൊലീസ്. അതിയന്നൂർ കമുകിൻകോട് ഒറ്റപ്ലാവിള വീട്ടിൽ അനീഷ് (25), അരംഗമുകൾ മേലെ വീട്ടിൽ നിഖിൽ (21) എന്നിവരാണ് റിമാന്റിലായത്. വധശ്രമത്തിനാണ് കേസ്. നെയ്യറ്റിൻകര ശബരിമുട്ടത്താണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

വസ്തു അതിർത്തി സംബന്ധിച്ച് വിജയകുമാരിയും അയൽവാസിയുമായി തർക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. വീട് നിർമ്മിക്കുന്നതിന്റെ ഭാഗമായി, അയൽവാസി കഴിഞ്ഞ ദിവസം മണ്ണുമാന്തി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യാൻ എത്തിയതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇരുവരും പ്രകോപനപരമായി സംസാരിച്ചുവെങ്കിലും നാട്ടുകാർ ഇടപെട്ട് ശാന്തരാക്കുകയായിരുന്നു.മനോരോഗമുള്ള വിജയകുമാരിയിക്ക് നേരെ പ്രതികൾ നേരത്തെയും അതിക്രമങ്ങൾ നടത്തിയിട്ടുണ്ട്. അന്ന് വസ്തുവിലെ ജോലികൾ പൂർത്തിയാക്കി ജെ സി ബി കൊണ്ടു പോയ ശേഷം ഉടമയായ അനീഷ് തന്റെ ബന്ധുവായ നിഖിലിനെയും കൂട്ടി വസ്തുവിൽ എത്തി.

മാസ്‌ക്ക് ധരിച്ച് എത്തിയ ഇരുവരും അവിടെ വെച്ച് മുഖ്ം മൂടി കൂടി ധരിച്ചു.ഇതിനി ശേഷം തൊട്ടടുത്ത പുരയിടത്തിൽ നിന്നും റബ്ബർ കമ്പ് ഒടിച്ചെടുത്ത് മുന കൂർപ്പിച്ചു. പിന്നീട് ആരും വീട്ടിൽ ഇല്ല എന്ന് ബോധ്യത്തിൽ മനോരോഗമുള്ള വീട്ടമ്മയുടെ വീട്ടിനുള്ളിൽ കടന്നു ആക്രമിച്ചു നിലത്തിട്ടു. പിന്നീട് കൂർത്ത റബ്ബർ കമ്പ് കഴുത്തിൽ കുത്തി ഇറക്കി. നിലത്തിട്ട് ചവിട്ടയ ശേഷം വലതു കൈ അടിച്ചൊടിച്ചു. ഈ സമയം വീട്ടമ്മ ഒച്ചവെച്ചെങ്കിലും ആരും കേട്ടിരുന്നില്ല. തുർന്ന് പോളിടെക്നിക്ക് വിദ്യാർത്ഥിയായ മകൾ വരുമ്പോൾ രണ്ടു പേർ ഓടി പോകുന്നത് കണ്ടു ഇതിൽ ഒരാൾ ധരിച്ചിരുന്നത് ചുവന്ന ഷർട്ടാണെന്നും തിരിച്ചറിഞ്ഞു.

കുത്തേറ്റ് കിടന്നിരുന്ന വീട്ടമ്മ അപ്പോഴും വിളിച്ചു പറയുന്നുണ്ടായിരുന്നു തൊട്ടടുത്ത വസ്തുക്കാരാണ് ആക്രമണം നടത്തിയതെന്ന്. നാട്ടുകാർ എത്തി108 ആംബുലൻസിൽ വിജയകുമാരിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. വാർഡ് മെംബർ അറിയിച്ചതനുസരിച്ച് നെയ്യാറ്റിൻകര എസ് ഐ സജീവ് നെല്ലിക്കാടിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. വിജയകുമാരിയുടെ മകളുടെ മൊഴി അനുസരിച്ച് ആക്രമിച്ചതിൽ ഒരാൾ ചുവന്ന ഷർട്ട് ധിരിച്ചിരുന്നു. ആക്രമിച്ചവരെ സംബന്ധിച്ച് വീട്ടമ്മ പറഞ്ഞ കാര്യങ്ങളും മകൾ പോലസിനോടു പറഞ്ഞു. ഇതനുസരിച്ച് തൊട്ടടുത്ത വീട്ടിലെ വസ്തുവിന്റെ ഉടമയായ അനീഷിന്റെ വീട്ടിൽ പൊലീസ് എത്തുമ്പോൾ പിതാവ് അനിൽ മാത്രമാണ് ഉണ്ടായിരുന്നത്. അനിലിനെ കൊണ്ട് അനീഷിനെ വിളിപ്പിച്ചപ്പോൾ ഭാര്യവീട്ടിൽ ഉണ്ടെന്ന് വിവരം ലഭിച്ചു.

അനിലിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഉടൻ തന്നെ അനീഷിന്റെ ഭാര്യ വീട്ടിൽ എത്തി. കൃത്യം നടത്തിയപ്പോൾ ധരിച്ചിരുന്നു അതേ ചുവപ്പ് ഷർട്ട് തന്നെയാണ് അനീഷ് ധരിച്ചിരുന്നത്. അരങ്ങമുകിലെത്തി അനീഷിന്റെ ബന്ധു നിഖിലിനെയും കസ്റ്റഡിയിലെടുത്തു. അതിക്രമം ആരും കണ്ടില്ലന്ന വിശ്വാസത്തിലാണ് പ്രതികൾ ഒളിവിൽ പോകാത്തത്. പ്രതികൾ കുറ്റം സമ്മതിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ ഒരു കൺസ്ട്രക്ഷ്ൻ കമ്പിനിയിൽ ജോലി ചെയ്യുന്ന അനീഷ് പെട്ടെന്നുള്ള പ്രകോപനത്തിലാണ് ആക്രമണത്തിന് മുതിർന്നതെന്ന് പൊലീസിനോട് സമ്മതിച്ചു.

നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റു ചെയ്തു.അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള വിജയകുമാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. കഴുത്തിൽ കുത്തിയറിക്കിയ റബ്ബർ കമ്പ് ഓപ്പറേഷനിലൂടെ നീക്കം ചെയ്തെങ്കിലും ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. വെന്റിലേറ്ററിൽ കഴിയുന്ന വിജയകുമാരി ഇപ്പോഴും അബോധവസ്ഥയിൽ തന്നെയാണ്.