കണ്ണൂർ: തൊടുപുഴയിൽ പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിനെ 13 വർഷത്തിന് ശേഷം പിടികൂടിയതുകൊണ്ട് തീരുന്നില്ല എൻഐഎയുടെ അന്വേഷണം. സവാദിന് സംരക്ഷണം നൽകിയവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. ഒളിവിൽ കഴിയാൻ സവാദിനെ സഹായിച്ചത് പോപ്പുലർ ഫ്രണ്ട്- എസ്. ഡി. പി. ഐ നേതാക്കളും പ്രവർത്തകരുമാണെന്ന വിവരം പുറത്തുവന്നിരുന്നു. ഇതോടെ, പലരും കണ്ണൂർ ജില്ലയിൽ നിന്നും മുങ്ങി. സവാദിന്റെ ഫോണിൽ നിന്നും ലഭിച്ച തെളിവുകളിൽ നിന്നുമാണ് ദേശീയ അന്വേഷണ ഏജൻസി ഇവരിലേക്ക് എത്തിയത്.

13 വർഷം ഒളിവിലിരിക്കാൻ സവാദിനെ സഹായിച്ചത് ആരൊക്കെയാണെന്നും, സവാദ് എവിടെയൊക്കെയാണ് കഴിഞ്ഞതെന്നുമൊക്കെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്താനാണ് എൻഐഎയുടെ നീക്കം. വിദേശത്തായിരുന്നുവെന്ന് പറയപ്പെടുന്ന സവാദ് എപ്പോഴാണ് കേരളത്തിലെത്തിയതെന്ന കാര്യത്തിന് ഉൾപ്പെടെ വ്യക്തത വരേണ്ടതുണ്ട്.

ദേശീയ അന്വേഷണ ഏജൻസിയും മട്ടന്നൂർ പൊലിസും അന്വേഷണമാരംഭിച്ചതോടെയാണ് എസ്ഡിപിഐ പ്രമുഖരിൽ പലരും മട്ടന്നൂരിൽ നിന്നും കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും രായ്ക്കുരാമാനം മുങ്ങിയത്. മട്ടന്നൂർ, ഇരിട്ടി പ്രദേശങ്ങളിൽ സവാദിനെ ഒളിവിൽ പാർപ്പിച്ചത് ഇവരാണെന്നു എൻ. ഐ. എയ്ക്കു നേരത്തെ വിവരം ലഭിച്ചിരുന്നു.

മട്ടന്നൂർ ബേരത്ത് എത്തുന്നതിന് മുൻപ് ഇയാൾ രണ്ടുവർഷം താമസിച്ചത് ഇരിട്ടി വിളക്കോട് ചാക്കാട്ടിലെ എസ്. ഡി. പി. ഐ കേന്ദ്രമായ പൂഴിമുക്കിലാണ്. ഇവിടെ താമിച്ചത് വേലക്കോത്തെ ആമിനയുടെ പേരിലുള്ള വീട്ടിലാണ്. ആമിനയുടെ മകനും എസ്.ഡി.പി. ഐ പ്രവർത്തകനുമായ വി.കെ സവാദാണ് വീടു നോക്കി നടത്തുന്നത്. സവാദിന്റെ അനിയനും എസ്. ഡി. പി. ഐ പ്രവർത്തകനുമായ ഉനൈസ് സി.പി. എം ബ്രാഞ്ച് സെക്രട്ടറി നാരോത്ത് ദിലീപൻ വധക്കേസിൽ പ്രതിയായതിനെ തുടർന്ന് ജയിൽ ശിക്ഷ അനുഭവിച്ചുവരികയാണ്.

ആർ. എസ്. എസ് പ്രവർത്തകനായ ശ്യാമപ്രസാദ് വധക്കേസിലെ പ്രതി ചേമ്പോത്ത് ഷഫീറിന്റെ ഉൾപ്പെടെ അറിവോടെയാണ് സവാദ് ഇവിടെ താമസിച്ചതെന്നും വിവരമുണ്ട്. ഷഫീറിന്റെ ഗൃഹപ്രവേശന ചടങ്ങിലും സവാദ് സജീവമായി പങ്കെടുത്തിരുന്നു. എസ്.ഡി.പി. ഐ ബ്രാഞ്ച് സെക്രട്ടറി ഈരടത്ത് മിദിലാജുമായി ഇയാൾ ബന്ധം പുലർത്തിയതായും അന്വേഷണ സംഘത്തിന് വിവരംലഭിച്ചിട്ടുണ്ട്. സവാദിന്റെ ഭാര്യ ഖദീജ ഗർഭിണിയാണെന്നറിഞ്ഞ് കുത്തിവയ്‌പ്പുകൾക്ക് നിർദ്ദേശം നൽകാനെത്തിയ ആശാവർക്കർക്ക് ഇവർ വിവരം നൽകാൻ തയ്യാറായിരുന്നില്ല. ഇവിടെ പേര് രജിസ്റ്റർ ചെയ്യേണ്ടെന്നും കാസർകോട്ടാണ് വീടെന്നു പറഞ്ഞാണ് ഒഴിഞ്ഞുമാറിയത്. ഇവർ പ്രസവിക്കുന്നതിനു മുൻപേ ബേരത്ത് മാറിയിരുന്നു. അവിടെയും സൗകര്യമൊരുക്കിയത് എസ്. ഡി. പി. ഐ പ്രവർത്തകരാണ്.

ജോലിനൽകിയ റിയാസും വാടക വീടൊരുക്കിയ ജുനൈദും എസ്. ഡി. പി. ഐ പ്രവർത്തകരാണ്. വാടകകരാർ ഭാര്യയുടെ പേരിലാക്കിയതും സവാദ് താൻ കുടുങ്ങാതിരിക്കാനാണ്. ഇയാളുടെ ഭാര്യവീട്ടുകാർക്കും എസ്. ഡി.പി. ഐയുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചവിവരം. കൈവെട്ടുകേസിലെ പ്രതിയാണെന്നു അറിഞ്ഞിട്ടും സവാദുമായുള്ള വിവാഹത്തിന് ഇവർ മുൻകൈ എടുക്കുക ആയിരുന്നുവെന്നാണ് വിവരം. മട്ടന്നൂർ നഗരസഭ ഭരിക്കുന്നത് സി പി എമ്മാണെങ്കിലും ഇവിടെ പാർട്ടി ഗ്രാമങ്ങളേറെയുണ്ടെങ്കിലും എസ്.ഡി.പി. ഐയ്ക്കു സ്വാധീനമുള്ള ഒട്ടേറെ പ്രദേശങ്ങളുണ്ട്. മട്ടന്നൂർ ടൗണിലും മറ്റിടങ്ങളിലും എസ്. ഡി. പി. ഐയ്ക്കു സാന്നിധ്യവും സംഘടിതശക്തിയുമുണ്ട്.

ഷാജഹാൻ എന്ന കള്ളപ്പേര്

ഷാജഹാൻ എന്ന പേരാണ് വിവാഹത്തിന് പള്ളിയിലും നൽകിയത്. കാസർകോട് കുഞ്ചത്തൂർ പള്ളിയിൽ 2016 ലായിരുന്നു വിവാഹം. ഉള്ളാൾ ദർഗയിൽ വച്ചായിരുന്നു പെൺകുട്ടിയുടെ പിതാവ് സവാദിനെ കണ്ടുമുട്ടുന്നത്. ആദ്യ കാഴ്ചയിൽ തന്നെ നല്ല പയ്യനാണെന്ന് തോന്നിയെന്നും അതിനാൽ വിവാഹം കഴിച്ച് നൽകിയെന്നുമാണ് പെൺകുട്ടിയുടെ പിതാവ് പറയുന്നത്. ഇയാളുടെ പത്തുമക്കളിൽ രണ്ടാമത്തെ ആളെയാണ് സവാദ് വിവാഹം കഴിച്ചത്.

റിയാസ് എന്നയാളാണ് സവാദിന് പണിയും, താമസിക്കാൻ വീടും സംഘടിപ്പിച്ച് നൽകിയത് എന്ന് വ്യക്തമായിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. ഇതിനൊപ്പം ഷമീർ എന്നയാളും സഹായം നൽകിയിട്ടുണ്ട്. ഇയാൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ എന്നുള്ളതടക്കം അന്വേഷിക്കുന്നുണ്ട്.