ആലപ്പുഴ: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ പൊലീസ് കസ്റ്റഡിയിൽ വിട്ട മുൻ എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിനെ കായംകുളത്തെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ഇന്ന് ഉച്ചയോടെയാണ് നിഖിൽ തോമസിനെ കായംകുളത്തെ വീട്ടിൽ തെളിവെടുപ്പിനായി എത്തിച്ചത്. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. നാളെയും തെളിവെടുപ്പ് തുടരും. വ്യാജ സർട്ടിഫിക്കറ്റ് ഇടപാടിനു പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനുമായി ഏഴു ദിവസത്തേക്കാണ് നിഖിലിനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. രണ്ടു ലക്ഷം രൂപ വാങ്ങി നിഖിലിന് സർട്ടിഫിക്കറ്റും മറ്റു രേഖകളും നൽകിയ മുൻ എസ്എഫ്‌ഐ നേതാവും കേസിലെ രണ്ടാം പ്രതിയുമായ അബിൻ സി.രാജിനായി തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കും.

കേസിൽ പ്രതി ചേർത്ത മുൻ എസ്എഫ്‌ഐ നേതാവ് അബിൻ സി.രാജിനെ മാലദ്വീപിൽനിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും പൊലീസ് നടത്തുന്നുണ്ട്. കേസിൽ രണ്ടാം പ്രതിയാണ് അബിൻ സി.രാജ്. സുഹൃത്തു മുഖേന അബിനുമായി അന്വേഷണ ഉദ്യോഗസ്ഥർ സംസാരിച്ചിരുന്നു. താൻ നൽകിയ സർട്ടിഫിക്കറ്റും രേഖകളും ഒറിജിനലാണെന്നാണ് ഇയാൾ പറയുന്നത്.

പൊലീസ് നിർദേശപ്രകാരം നാട്ടിലെത്തിയില്ലെങ്കിൽ ഇയാൾക്കായി വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് തിരച്ചിൽ നോട്ടിസും തുടർന്ന് റെഡ് കോർണർ നോട്ടിസും പുറപ്പെടുവിക്കാനാണു തീരുമാനം. നിഖിലിനു രേഖകൾ നൽകിയ എറണാകുളത്തെ ഓറിയോൺ എന്ന എജൻസിയിലും കലിംഗ യൂണിവേഴ്‌സിറ്റി അടക്കമുള്ള സ്ഥലങ്ങളിലും നിഖിലിനെ തെളിവെടുപ്പിനായി കൊണ്ടുപോകും.

തന്റെ മൊബൈൽ ഫോൺ വീടിനു സമീപമുള്ള കരിപ്പുഴ തോട്ടിൽ ഉപേക്ഷിച്ചു എന്നാണ് നിഖിൽ പൊലീസിനോട് പറഞ്ഞത്. ഇത് പൂർണമായും പൊലീസ് വിശ്വസിക്കുന്നില്ല. ഫോൺ കണ്ടെത്താനുള്ള ശ്രമങ്ങളും പൊലീസ് നടത്തുന്നുണ്ട്. നിഖിലിന്റെ ജാമ്യാപേക്ഷയിൽ പൊലീസ് നാളെ റിപ്പോർട്ട് സമർപ്പിക്കും. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ നിഖിൽ തോമസിനെ ശനിയാഴ്ചയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

അഞ്ച് ദിവസമായി ഒളിവിലായിരുന്ന നിഖിലിനെ പുലർച്ചെ കോഴിക്കോട്ടു നിന്ന് കൊട്ടാരക്കരയിലേക്ക് വരുന്നതിനിടെ കോട്ടയത്ത് വെച്ച് കെ.എസ്.ആർ.ടി.സി. ബസിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാദേശിക കോടതിയിൽ ഹാജരാക്കിയ ഇയാളെ ജൂൺ 30 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേരള, കലിംഗ സർവകലാശാലകളിലും, സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തിയ എറണാകുളത്തെ ഒറിയോൺ എന്ന സ്ഥാപനത്തിലും നിഖിൽ ഒളിവിൽ കഴിഞ്ഞ ഇടങ്ങളിലും തെളിവെടുപ്പ് നടക്കും.

വ്യാജ ബികോം സർട്ടിഫിക്കറ്റ് നൽകിയാണ് കായംകുളം മിലാദ് ഇ-ഷെരീഫ് മെമോറിയൽ (എംഎസ്എം) കോളജിൽ എം.കോം പ്രവേശനം നേടിയതെന്ന് പ്രതി സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. മുൻ എസ്എഫ്ഐ നേതാവ് അബിൻ സി. രാജിന്റെ സഹായത്തോടെ കൊച്ചിയിലെ ഒരു ഏജൻസിയിൽ നിന്നാണ് സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചതെന്ന് നിഖിൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. 2020-ൽ അബിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തതായി റിപ്പോർട്ടുണ്ട്. അബിൻ ഇപ്പോൾ മാലിദ്വീപിലാണ് ജോലി ചെയ്യുന്നത്.

വഞ്ചനയ്ക്കും വ്യാജരേഖ ചമയ്ക്കലിനും നിഖിലിനെതിരെ അടുത്തിടെ പൊലീസ് കേസെടുത്തിരുന്നു. 2017-20 കാലയളവിൽ എംഎസ്എം കോളേജിൽ ബികോം പഠിച്ചു. എന്നിരുന്നാലും പരീക്ഷ ജയിച്ചില്ല. പിന്നീട്, റായ്പൂരിലെ കലിംഗ സർവകലാശാല നൽകിയ 2017-20 ബികോം സർട്ടിഫിക്കറ്റുമായി 2022 ജനുവരിയിൽ അതേ കോളേജിൽ എംകോം കോഴ്സിന് (2021 - 23 ബാച്ച്) ചേർന്നു. സംഭവം വിവാദമായതോടെ ജൂൺ 19-ന് എംഎസ്എം കോളേജ് നിഖിലിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. രണ്ട് ദിവസത്തിന് ശേഷം കേരള സർവകലാശാല എംകോം രജിസ്‌ട്രേഷനും നിഖിലിന് നൽകിയ യോഗ്യതാ സർട്ടിഫിക്കറ്റും റദ്ദാക്കി. എസ്എഫ്‌ഐ കായംകുളം ഏരിയാ സെക്രട്ടറിയും, സിപിഐ (എം) കായംകുളം മാർക്കറ്റ് ബ്രാഞ്ച് അംഗവുമായിരുന്നു നിഖിൽ. ആരോപണത്തെ തുടർന്ന് ഇരു സംഘടനകളിൽ നിന്നും ഇയാളെ പുറത്താക്കി.