മലപ്പുറം: ഹണിട്രാപ്പിൽ കുടുക്കി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ.ചേർപ്പുളശ്ശേരി തൂത സ്വദേശി ഉണ്ണിക്കുന്നുപുറത്തു ശ്രീധരൻ (36) ആണ് പിടിയിലായത്.രണ്ട് വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഹണിട്രാപ്പിൽ കുടുക്കി വ്യാപാരിയെ തട്ടിക്കൊണ്ട് പോയി മർദിച്ച് ആഡംബര കാറും സ്വർണവും അടക്കം 50 ലക്ഷത്തോളം രൂപയുടെ വസ്തുക്കളുമാണ് സംഘം തട്ടിയെടുത്തത്. ആഡംബര കാർ,സ്വർണാഭരണങ്ങൾ,പണം,വിലകൂടിയ വാച്ച് അടക്കം 50 ലക്ഷത്തോളം രൂപയുടെ വസ്തുക്കളാണ് സംഘം കവർന്നത്.കാർ നേരത്തെ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു.14 ഓളം പ്രതികൾ ഉള്ള കേസിൽ പന്ത്രണ്ട് പേർ നേരത്തെ പിടിയിലായിരുന്നു.

ചാലിശ്ശേരി സ്വദേശിയായ അടക്ക വ്യാപാരിയെ സീരിയലിൽ അഭിനയിപ്പിക്കാം എന്നു വിശ്വസിപ്പിച്ച് അണ്ണക്കംപാട്ടെ ലോഡ്ജിൽ എത്തിച്ച ശേഷം ആഡംബര കാർ, ശരീരത്തിൽ അണിഞ്ഞിരുന്ന സ്വർണം, പണം, വിലകൂടിയ വാച്ച് ഉൾപ്പെടെയുള്ളവ കവരുകയായിരുന്നുവെന്നായിരുന്നു ആദ്യം പൊലീസ് കരുതിയിരുന്നത്. തുടരന്വേഷണത്തിലാണ് സംഭവം ഹണി ട്രാപ്പാണെന്ന് വ്യക്തമായത്. ഒളിസങ്കേതത്തിലെത്തിച്ചു പാർപ്പിച്ച ശേഷം ദിവസങ്ങൾക്കുശേഷം വാഹനത്തിൽ ചങ്ങരംകുളത്ത് തിരികെ എത്തിച്ച് വഴിയരികിൽ ഇറക്കിവിടുകയായിരുന്നു.

നേരത്തെ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന നിസാമുദ്ദീനെ പെരുമ്പടപ്പ് പൊലീസ് പിടികൂടിയതിനെ തുടർന്ന് ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തിരുന്നു. തുടർന്നാണ് കൂടുതൽ പ്രതികളിലേക്ക് അന്വേഷണം എത്തിയത്.തുടർന്ന് എസ്ഐ ആന്റോ ഫ്രാൻസിസ്, വിജിത്, എസ്സിപിഒമാരായ പി.രാജേഷ്, കെ.ഷിജു, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ തെളിവെടുപ്പു നടത്തി പൊന്നാനി കോടതിയിൽ ഹാജരാക്കുകയായരുന്നു.