കോഴിക്കോട്: കൊയിലാണ്ടിയിൽ, സിപിഎം സെൻട്രൽ ലോക്കൽ സെക്രട്ടറി പി വി സത്യനാഥനെ കൊലപ്പെടുത്തിയത് വ്യക്തിവൈരാഗ്യം കൊണ്ടെന്ന് പ്രതി അഭിലാഷ്. തനിക്കെതിരെ നേരത്തെ ഉണ്ടായ പല അക്രമ സംഭവങ്ങളും പാർട്ടി ചെറുത്തില്ലെന്നും സംരക്ഷിച്ചില്ലെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് ലോക്കൽ സെക്രട്ടറിയെ ആക്രമിച്ചതെന്നും പ്രതി പൊലീസിന് മൊഴി നൽകി. സിപിഎം മുൻ ബ്രാഞ്ച് കമ്മിറ്റി അംഗമാണ് അഭിലാഷ്.

സത്യനാഥനെ കൊല ചെയ്യാൻ ഉപയോഗിച്ച ആയുധം കണ്ടെത്തിയിട്ടുണ്ട്. കൃത്യം നടന്ന സ്ഥലത്തിന് അടുത്ത് നിന്നാണ് കുത്താനുപയോഗിച്ച കത്തി കണ്ടെത്തിയത്. പ്രതി സിപിഎം മുൻ ബ്രാഞ്ച് കമ്മിറ്റി അംഗം അഭിലാഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അതേസമയം, സത്യനാഥന്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. വടകര ഡിവൈ.എസ്‌പിയുടെ നേതൃത്വത്തിൽ 14 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. പേരാമ്പ്ര, താമരശ്ശേരി ഡിവൈ.എസ്‌പിമാരും അന്വേഷണ സംഘത്തിൽ ഉണ്ട്.

വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് സത്യനാഥന് വെട്ടേറ്റത്. പെരുവട്ടൂർ മുത്താമ്പി ചെറിയപ്പുറം പരദേവതാ പേരില്ലാത്തോൻ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേളയ്ക്കിടെയായിരുന്നു സംഭവം. സംഭവത്തിൽ പ്രതിയായ പെരുവട്ടൂർ പുറത്തോന അഭിലാഷ് (30) സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. പ്രതി അഭിലാഷ് സിപിഎം. പ്രവർത്തകനാണെന്ന വാർത്തകൾ തള്ളി പാർട്ടി നേരത്തേ രംഗത്തെത്തിയിരുന്നു. കൊലപാതകി സിപിഎം. പ്രവർത്തകനാണെന്ന രീതിയിൽ ചില മാധ്യമങ്ങളിൽ വാർത്ത നൽകിയതായി ശ്രദ്ധയിൽപ്പെട്ടതായും പാർട്ടിയെ കരിവാരിത്തേക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇതിന് പിന്നിലുള്ളതെന്നും സിപിഎം. ഏരിയാ കമ്മറ്റി വെള്ളിയാഴ്ച പ്രസ്താവനയിൽ വിശദീകരിച്ചു.

'കൊല ചെയ്ത പെരുവട്ടൂർ പുറത്തോന അഭിലാഷ് സിപിഎം. പ്രവർത്തകനല്ല. എട്ടു വർഷങ്ങൾക്ക് മുൻപ് സിപിഎം പ്രവർത്തകനായിരുന്നു. അക്കാലത്ത് നഗരസഭയുടെ ഭാരവാഹികളുടെ ഡ്രൈവറായി കുറച്ചു കാലം പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് പ്രദേശത്തെ പല പ്രശ്‌നങ്ങളിലും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.' സിപിഎം. പ്രസ്താവനയിൽ പറഞ്ഞു.

യാതൊരു പ്രകോപനവുമില്ലാതെയാണ് ക്ഷേത്രത്തിൽ വച്ച് സത്യനാഥിനെ ക്രൂരമായി കൊല ചെയ്തത്. കൊലപാതകത്തിൽ സിപിഎം. ശക്തമായി പ്രതിഷേധിക്കുന്നെന്നും സംഭവവുമായി ബന്ധപ്പെട്ട് മുഴുവൻ ജനാധിപത്യവിശ്വാസികളും ജാഗരൂകരാകണമെന്നും ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ ആവശ്യപ്പെട്ടു.

സത്യനാഥന്റെ മൃതദേഹം വിലാപയാത്രയായി കൊയിലാണ്ടിയിൽ എത്തിച്ചു. നിരവധി പേരുടെ അകമ്പടിയോടെ വൈകീട്ട് മൂന്നരയ്ക്കാണ് വിലാപയാത്ര കൊയിലാണ്ടിയിലെത്തിയത്. പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള സിപിഎം. കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. സിപിഎം. ഉന്നതനേതാക്കൾ ഉൾപ്പെടെ നൂറുകണക്കിന് പേരാണ് സത്യനാഥന്റെ
അന്തിമോപചാരം അർപ്പിക്കാൻ കൊയിലാണ്ടിയിലെത്തിയത്.

കോഴിക്കോട് കൊയിലാണ്ടിയിൽ ക്ഷേത്രമുറ്റത്ത് വച്ചാണ് ലോക്കൽ സെക്രട്ടറി കുത്തേറ്റ് കൊല്ലപ്പെട്ടത്. മൂന്ന് വലിയ മുറിവുകളാണ് സത്യനാഥന്റെ ശരീരത്തിലുള്ളത്. കഴുത്തിൽ ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 10 മണിയോടെ ചെറിയപ്പുറം പരദേവതാ ക്ഷേത്ര മുറ്റത്താണ് അരുംകൊല അരങ്ങേറിയത്.ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള ഗാനമേള നടക്കുന്നതിനിടെയാണ് ദാരുണ സംഭവമുണ്ടായത്.

ഉത്സവത്തിനെത്തിയ ഭക്തജനങ്ങളും ഗാനമേള കേൾക്കാൻ എത്തിയ നാട്ടുകാരും അടക്കം നൂറുകണക്കിനാളുകൾ ക്ഷേത്ര പരിസരത്ത് തിങ്ങിനിറഞ്ഞു നിൽക്കവെയായിരുന്നു ക്ഷേത്ര ഓഫീസിന് മുന്നിൽ സിസിടിവി ക്യാമറകൾക്ക് തൊട്ടു താഴെ വച്ചുള്ള കൊലപാതകം.