കൊച്ചി. പറവൂരിൽ വീട്ടമ്മയെയും ഭർതൃമാതാവായ വയോധികയെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദൂരൂഹത നീങ്ങുന്നില്ല. പ്രദേശത്ത് സാമ്പത്തികമായി നല്ല ചുറ്റുപാടിൽ ജീവിച്ച കുടുംബത്തിന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലന്നാണ് നാട്ടുകാർ പറയുന്നത്.വടക്കേക്കര തുരുത്തിപ്പുറത്തുകൊണ്ടോട്ടിവീട്ടിൽ അംബിക(59) ഭർതൃമാതാവ് സരോജിനി(90) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്.

ഹൃദ്രോഗിയായിരുന്ന അംബികയുടെ ഭർത്താവ് കിഡ്‌നി രോഗം കൂടി ബാധിച്ചതോടെ ചികിത്സയിലിരിക്കെ അഞ്ച് വർഷം മുൻപ് മരിച്ചിരുന്നു. ഭർത്താവിന്റെ മരണത്തോടെ സരോജനിയുടെ സംരക്ഷണ ചുമതല അംബികയിൽ വന്നു ചേരുകയായിരുന്നു. ഇതിനിടെ നാലു വർഷം മുൻപ് നോർത്ത് പറവൂരിൽ വെച്ച് അംബികയുടെ മകൻ വാഹനാപകടത്തിൽ മരിച്ചു. ഇതും ഈ കുടുംബത്തെ തളർത്തിയെങ്കിലും അമ്മായിയും മരുമകളും തമ്മിൽ സ്‌നേഹത്തോടെയാണ് കഴിഞ്ഞതെന്ന് നാട്ടുകാർ പറയുന്നു.

ഈ കുടുംബത്തിന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലന്ന് വാർഡ് മെമ്പർ ഷാരി ടി.കെ. പ്രതികരിച്ചു. സരോജനിക്ക് 90 വയസുണ്ടെങ്കിലും പ്രാഥമിക കൃത്യം നിർവ്വഹിക്കാനും വീട്ടിനുള്ളിൽ നടക്കാനും ഒക്കെ കഴിയുമായിരുന്നു. തൊഴിലുറപ്പിന് പോകുന്ന അംബികയെ കാത്ത് വീടിന്റെ മുറ്റത്ത് വന്നിരിക്കുന്ന സരോജനി നാട്ടുകാരുടെ ദിന കാഴ്ചയായിരുന്നു. അംബികയ്ക്ക് ഒരു മകൾ കൂടി ഉണ്ട്. വിവാഹം കഴിഞ്ഞ് പോയെങ്കിലും വല്ലപ്പോഴും വന്ന് ക്ഷേമം അന്വേഷിക്കുമായിരുന്നു.

കുടുംബത്തിൽ മറ്റ് സാമ്പത്തിക പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇവരുടെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല. മരിച്ച സരോജനിക്ക് മറ്റൊരു മകൻ കൂടി ഉണ്ടായിരുന്നു. അയാളും എട്ട് വർഷം മുൻപ് മരിച്ചു പോയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും കൊടുങ്ങല്ലൂരാണ് താമസം.

ഇന്ന് രാവിലെ അംബികയേയും സരോജനിയേയും വീടിന് പുറത്തേക്ക് കാണാത്തതിനെത്തുടർന്ന് അയൽക്കാർ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് ബന്ധുക്കളെത്തി വീടിനകത്ത് കയറി പരിശോധിച്ചതോടെയാണ് രണ്ടുപേരെയും മരിച്ചനിലയിൽ കണ്ടത്. തൂങ്ങിമരിച്ച നിലയിലാണ് അംബികയെ കണ്ടെത്തിയത്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു സരോജിനിയുടെ മൃതദേഹം. അംബികയും സരോജിനിയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സരോജനിയെ കഴുത്തിൽ തുണി മുറുക്കി കൊന്നതിന് ശേഷം അംബിക ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിന് ആശുപത്രിയിലേക്ക് മാറ്റി