പിറവം: അരീക്കൽ വെള്ളച്ചാട്ട കേന്ദ്രത്തിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റിൽ. മുവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ കോതമംഗലം സ്വദേശി അമ്പാട്ടുകുഴിയിൽ പരീത് (45) ആണ് അറസ്റ്റിലായത്. ഒപ്പമുണ്ടായിരുന ഇയാളുടെ സഹപ്രവർത്തകൻ അശമന്നൂർ സ്വദേശി ബൈജുവിനെതിരെ പരാതിയില്ലാത്തതിനാൽ, ഇയാൾക്കെതിരെ കേസെടുത്തിട്ടില്ല.

പരീതിനെതിരെ 354 വകുപ്പാണ് ചാർജ് ചെയ്തിരിക്കുന്നത്. രാമമംഗലം പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകുന്നേരത്തോടെ വെള്ളച്ചാട്ട പ്രദേശത്ത് കുളിച്ചു കൊണ്ടിരുന്ന എറണാകുളത്തു നിന്നുമെത്തിയ പത്തംഗ കുടുംബത്തില സ്ത്രീകളോട് പരീത് അപമര്യാദയായി പെരുമാറിയതായിട്ടാണ് പരാതി. തുടർന്ന് ഇവർ തമ്മിലുള്ള വാക്കു തർക്കം കയ്യാങ്കളിയിലെത്തുകയും, നാട്ടുകാർ പൊലീസിനെ വിളിച്ചുവരുത്തുകയുമായിരുന്നു. പൊലീസുകാരായ ഇരുവരും ഇവിടെ കുളിക്കാനായി എത്തിയതാണ്.

ഇവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ പരാതിപ്പെട്ടതിനെത്തുടർന്ന് രാമമംഗലം പൊലീസ് ഇവരെ വൈദ്യ പരിശോധനക്ക് വിധേയരാക്കിയിരുന്നു. ഇന്നലെ അവധി ദിവസമായതിനാൽ അരീക്കലിൽ രാവിലെ മുതൽ തിരക്കായിരുന്നു. വൈകുന്നേരമായിട്ടും തിരക്കൊഴിഞ്ഞിരുന്നില്ല. ഇതിനിടെ ഇരു കൂട്ടരും വെള്ളത്തിൽ ഇറങ്ങിയ ശേഷമാണ് ഒച്ചപ്പാടും പരാതിക്ക് ഇടയാക്കിയ സംഭവവും നടന്നത്.

സ്ത്രീകളുടെ ബഹളത്തെത്തുടർന്ന് നാട്ടുകാർ പൊലീസുകാരനെ കയ്യേറ്റം ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു വർഷം മുമ്പ് ഒളിക്യാമറ വെച്ചതുമായി ബന്ധപ്പെട്ട് ഇവിടെ പ്രശ്‌നമുണ്ടായിരുന്നു.