കൽപ്പറ്റ: പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളജ് വിദ്യാർത്ഥിയുടെ മരണം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കൾ. സിദ്ധാർഥന്റെ മരണം കൊലപാതകമാണെന്ന സംശയം കൂട്ടുന്നതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. എന്നാൽ പൊലീസ് കാര്യമായ രീതിയിൽ അന്വേഷണം നടത്തുന്നുമില്ല.

വിദ്യാർത്ഥി ക്രൂരമർദനത്തിനിരയായെന്നു റിപ്പോർട്ടിൽ പറയുന്നു. രണ്ടോ മൂന്നോ ദിവസം പഴക്കമുള്ള നിരവധി മുറിവുകൾ ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്. വടികൊണ്ട് അടിച്ചതിന്റെ പാടുകളുമുണ്ട്. കഴുത്തിലെ മുറിവിൽ അസ്വാഭാവികതയുണ്ട്. കുരുക്കു മുറുകിയ ഭാഗത്ത് അസാധാരണ മുറിവുണ്ട്. മരണകാരണം തൂങ്ങിയതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആരാണ് സിദ്ധാർഥിനെ മർദ്ദിച്ചതെന്നാണ് ഉയരുന്ന ചോദ്യം.

മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അമ്മ ഷീബ മുഖ്യമന്ത്രി, എഡിജിപി തുടങ്ങിയവർക്ക് പരാതി നൽകിയിരുന്നു. ഫെബ്രുവരി 14ന് വാലന്റൈൻസ് ഡേ പരിപാടിക്കിടെയുണ്ടായ സംഭവത്തിന്റെ പേരിൽ സിദ്ധാർഥനെ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിച്ചതായും പരസ്യവിചാരണ നടത്തിയതായും ഇതേത്തുടർന്നാണു സിദ്ധാർഥന്റെ മരണമെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ആരോപണത്തിന് ആക്കം കൂട്ടുന്നതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും കോളജ് യൂണിയൻ പ്രസിഡന്റും അടക്കം 12 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു.
പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ, എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാൻ എന്നിവരുടൾപ്പെടെ 12 പേരെയാണ് സസ്‌പെൻഡ് ചെയ്തത്. സിദ്ധാർഥന്റെ മരണത്തിൽ വിദ്യാർത്ഥികളുടെ പരാതിയെത്തുടർന്ന് ആന്റി റാഗിങ് കമ്മിറ്റി യോഗം ചേർന്നാണ് സസ്‌പെൻഷൻ തീരുമാനമെടുത്തത്.

സിദ്ധാർഥന്റെ സഹപാഠികളും സീനിയർ-ജൂനിയർ വിദ്യാർത്ഥികളുമടക്കം പന്ത്രണ്ടുപേർക്കെതിരേ റാഗിങ്നിരോധന വകുപ്പുകളുൾപ്പെടെ ചേർത്ത് കേസെടുത്തിട്ടുണ്ട്. ഇവരെല്ലാം ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സിദ്ധാർഥനെ കഴിഞ്ഞ 18-നാണ് ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വാലൈന്റെൻസ് ഡേ ദിനാചരണത്തിനിടെ കോളേജിൽ തർക്കമുണ്ടായിരുന്നു. സിദ്ധാർഥൻ സഹപാഠിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണമുയർന്നിരുന്നു.

ഇതേത്തുടർന്ന് 16-നും 17-നും സിദ്ധാർഥന് മറ്റുവിദ്യാർത്ഥികളിൽനിന്ന് മർദനമേറ്റെന്നും പരസ്യവിചാരണ നേരിടേണ്ടിവന്നെന്നുമാണ് ആരോപണം. മർദനമേറ്റതും പരസ്യവിചാരണയിൽ മാനസികമായി തകർന്നതും സിദ്ധാർഥനെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് ആരോപണം.സിദ്ധാർഥൻ റാഗിങ്ങിനിരയായെന്നു കാണിച്ച് ദേശീയ റാഗിങ് വിരുദ്ധ സമിതിക്കുമുമ്പാകെ പരാതിപോയതോടെയാണ് വിഷയത്തിൽ കോളേജ് അധികൃതർ ഇടപെടുന്നത്.