കൊച്ചി: എല്ലാ സാമ്പത്തിക സ്രോതസുകളും അടച്ച് പോപ്പുലർ ഫ്രണ്ടിനെ അടപടലം പൂട്ടാനാണ് കേന്ദ്രജൻസികൾ പൊലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്. സാമ്പത്തികസഹായം ലഭിക്കുന്ന മാർഗ്ഗങ്ങൾ തടയാനും ക്രിമിനൽ കേസുകളിൽ പ്രതികളായവരും, വാറണ്ട് നിലവിലുള്ളവരുമായ പോപ്പുലർ ഫ്രണ്ട് നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്യാനും മുൻപ് സംഘടന വിട്ടുപോയവരെയും അനുഭാവികളെയുമടക്കം തുടർച്ചയായി നിരീക്ഷണത്തിലാക്കാനുമാണ് പൊലീസ് മേധാവിക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.

സമൂഹമാധ്യമങ്ങളിലെ ഇവരുടെ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ നടപടിയെടുക്കും. വ്യാജ പ്രൊഫൈലുകളിലെ ആശയപ്രചാരണം കണ്ടെത്താൻ സൈബർ ഡോം, സൈബർ സെൽ എന്നിവയുടെ നേതൃത്വത്തിൽ സൈബർ പട്രോൾ കർശനമാക്കും. സംഘടനയുടെയും നേതാക്കളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ, വസ്തുവകകൾ എന്നിവ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയുന്നതിനുവേണ്ടി നോട്ടിഫൈ ചെയ്യുന്നതിന് ജില്ലാ പൊലീസ് മേധാവിമാർ നടപടി സ്വീകരിക്കും. സർക്കാർ ഉത്തരവ് പ്രകാരമുള്ള അധികാരം ജില്ലാ മജിസ്‌ട്രേറ്റുമായി കൂടിയാലോചിച്ച് ജില്ലാ പൊലീസ് മേധാവിമാർ വിനിയോഗിക്കും.

പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ പണിമുടക്കിനെത്തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ നഷ്ടപരിഹാരം ഈടാക്കാൻ സംഘടനയുടെയും സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൾ സത്താറിന്റെയും സ്വത്തുക്കൾ ജപ്തി ചെയ്യും. ആസ്തികൾ കണ്ടുകെട്ടാനും സ്വത്തുകൾ വിറ്റ് നഷ്ടമുണ്ടായവർക്ക് പണം തിരികെ നൽകാനും സർക്കാർ തീരുമാനമായിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വസതികളിലും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) റെയ്ഡ് നടത്തി നേതാക്കളെ പിടികൂടിയതിനെതിരേയായിരുന്നു ഹർത്താൽ. ഹർത്താലിൽ 70 കെ.എസ്.ആർ.ടി.സി ബസുകൾ തകർത്തതിലൂടെ 50ലക്ഷം നഷ്ടമുണ്ടായി. 8ഡ്രൈവർമാർക്കും 2കണ്ടക്ടർമാർക്കും ഒരു യാത്രക്കാരിക്കും പരിക്കേറ്റു. സംസ്ഥാന വ്യാപകമായി ഹർത്താൽ അനുകൂലികൾ അക്രമം നടത്തിയിട്ടുണ്ട്. ഇതിന്റെ പൂർണ വിവരങ്ങൾ കേന്ദ്രത്തിനും കോടതിക്കും കൈമാറിയിട്ടുണ്ട്. ജനുവരി 15നകം നേതാക്കളുടെ ആസ്തികൾ ജപ്തി ചെയ്യും. ഹർത്താലിനിടെ അക്രമം കാട്ടിയതിന് ഇതുവരെ 281കേസുകളുമുണ്ട്. ഇതിലെ പ്രതികളെയും അറസ്റ്റ് ചെയ്യും.

ഹർത്താലിനെത്തുടർന്നുള്ള അക്രമങ്ങളിൽ നഷ്ടപരിഹാരം ഉറപ്പാക്കാൻ നിയോഗിച്ച ക്‌ളെയിം കമ്മിഷണർക്ക് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിംഗിന് സൗകര്യമൊരുക്കുമെന്നും പോപ്പുലർ ഫ്രണ്ടിന്റെയും അബ്ദുൾ സത്താറിന്റെയും സ്വത്തു വകകൾ സംബന്ധിച്ച വിവരങ്ങൾ രജിസ്‌ട്രേഷൻ ഐ.ജി കൈമാറിയിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഹർത്താലുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയായ അബ്ദുൾ സത്താറിനെ ഓരോ കോടതിയിലും നേരിട്ട് ഹാജരാക്കുന്നതിനു പകരം വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരാകാൻ അനുവദിക്കണമെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ കഴിയുന്ന അബ്ദുൾ സത്താറിനെ വീഡിയോ കോൺഫറൻസിങ് മുഖേന ഹാജരാക്കുന്ന കാര്യത്തിൽ നിലപാട് അറിയിക്കാൻ സർക്കാർ സമയം തേടിയിട്ടുണ്ട്.

രാഷ്ട്രീയ, സാമൂഹ്യ, മത സംഘടനകളും മറ്റ് ഗ്രൂപ്പുകളും സൃഷ്ടിക്കുന്ന വർഗ്ഗീയ സംഘർഷം, ഹർത്താൽ, ബന്ദ്, പ്രകടനം, റോഡുപരോധം മുതലായവയുടെ ഭാഗമായി സ്വകാര്യസ്വത്തുക്കൾ നശിപ്പിക്കപ്പെടുന്നത് തടയാൻ നിയമം നിലവിലുണ്ട്. സ്വകാര്യസ്വത്ത് നശിപ്പിക്കുന്നത് പൊതുമുതൽ നശിപ്പിക്കുന്നതിന് സമാനമായ കുറ്റമായി കണ്ട് അക്രമത്തിന് നേതൃത്വം നൽകിയവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കും. പൗരന്മാരുടെ സ്വത്തിന് സുരക്ഷയും വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന അക്രമപ്രവർത്തനങ്ങൾ നേരിടാനും ഉതകുന്ന നിയമമാണിത്. പൊതുമുതൽ നശിപ്പിക്കുന്നത് തടയാനും കുറ്റക്കാരെ ശിക്ഷിക്കാനും ശക്തമായ കേന്ദ്‌റനിയമം നിലവിലുണ്ട്. എന്നാൽ സ്വകാര്യമുതലുകൾ നശിപ്പിക്കുന്നത് തടയാനുള്ള നിയമം ഫലപ്‌റദമല്ലെന്നതിനാലാണ് പുതിയ നിയമം കൊണ്ടുവന്നത്. സ്വകാര്യസ്വത്തുക്കൾ നശിപ്പിച്ച പ്രതികൾക്ക് പ്‌റോസിക്യൂഷന്റെ ഭാഗംകേട്ടശേഷം മാത്രമേ ജാമ്യം അനുവദിക്കാവൂ.

സ്വത്തുക്കൾക്കുണ്ടായ നഷ്ടത്തിന്റെ പകുതി തുക ബാങ്ക് ഗ്യാരന്റി നൽകിയാലോ കോടതിയിൽ പണം കെട്ടിവച്ചാലോ മാത്‌റമേ ജാമ്യം ലഭിക്കൂ. സർക്കാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ റിപ്പോർട്ടു പ്‌റകാരമായിരിക്കും സ്വത്തുക്കളുടെ നഷ്ടം കോടതി കണക്കാക്കുക. കുറ്റം തെളിഞ്ഞാൽ സ്വത്തുക്കൾക്കുള്ള നഷ്ടപരിഹാരം റവന്യൂ റിക്കവറി ആക്ട് പ്രകാരം ഈടാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. അക്രമം നടത്തുന്നവരെ ശക്തമായ നിയമത്തിന്റെ ബലത്തിൽ പിടികൂടി നടപടിയെടുക്കും.