കോഴിക്കോട്: ഫ്രാഞ്ചൈസി ബിസിനസിലൂടെ 48 ശതമാനം പലിശവരെ വാഗ്ദാനം ചെയ്താണ്, പ്രവീൺ റാണയെന്ന വ്യാജഡോക്ടർ മലയാളികളിൽനിന്ന് കോടികൾ അടിച്ചു മാറ്റിയത്. റാണയുടെ തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നൊന്നായി പുറത്തുവരവെയാണ് ഇപ്പോൾ കോഴിക്കോട്നിന്ന് സമാനമായ നിക്ഷേപ തട്ടിപ്പ് പുറത്തുവരുന്നത്. ഉയർന്നപലിശ വാഗ്ദാനംചെയ്ത് ജീവനക്കാരിൽനിന്നുൾപ്പെടെ ലക്ഷങ്ങൾ നിക്ഷേപം നടത്തിയ 'എനി ടൈം മണി' സ്ഥാപനത്തിൽ നടന്നത് കോടികളുടെ തട്ടിപ്പെന്നാണ് പൊലീസ് പറയുന്നത്.

അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മ മുതലെടുത്താണ് ഇവരുടെ തട്ടിപ്പ്. നിക്ഷേപങ്ങൾക്ക് ഇവർ കരുവാക്കുന്നത് ജീവനക്കാരെയാണ്. 2020-ൽ പാലാഴിയിൽ ബൈപ്പാസിന് സമീപം ആരംഭിച്ച 'എനി ടൈം മണി' ധനകാര്യസ്ഥാപനത്തിൽ ആകർഷകമായ ശമ്പളവ്യവസ്ഥയിലാണ് ജീവനക്കാരെ നിയമിച്ചിരുന്നത്. 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ 45,000 രൂപ ശമ്പളവും നിക്ഷേപിച്ച തുകയ്ക്ക് ഒമ്പതുശതമാനം പലിശയും ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. 25,000 രൂപമുതൽ 35,000 രൂപവരെ ശമ്പളം ലഭിക്കണമെങ്കിൽ 10 ലക്ഷം രൂപ നിക്ഷേപം കണ്ടെത്താനായിരുന്നു നിർദ്ദേശമെന്ന് ജീവനക്കാർ പറയുന്നു. ജോലിയിൽ പ്രവേശിച്ച് മൂന്നുമാസത്തിനകം തുക നിക്ഷേപിച്ചാൽ മതിയെന്നായിരുന്നു വ്യവസ്ഥ. കണ്ണൂർ അർബൻ നിധി ലിമിറ്റഡിന്റെ അനുബന്ധസ്ഥാപനമാണ് 'എനി ടൈം മണി' എന്നാണ് ഉടമകൾ പറഞ്ഞിരുന്നത്. മൊത്തം 50 കോടിയുടെ തട്ടിപ്പ് ഇവിടെ നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

സ്വന്തം പണവും ബന്ധുക്കളുടെയും പരിചയക്കാരുടെയുമെല്ലാം കൈയിൽനിന്നുള്ള ലക്ഷങ്ങളും സ്ഥാപനത്തിന്റെ നിർദ്ദേശപ്രകാരം കണ്ണൂർ അർബൻ നിധി കമ്പനിയിൽ ജീവനക്കാർ നിക്ഷേപിച്ചു. 35 ലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ട്. ജൂൺവരെ ജീവനക്കാർക്ക് കൃത്യമായ ശമ്പളം നൽകിയിരുന്നു. എന്നാൽ, മുന്നറിയിപ്പൊന്നുമില്ലാതെ ഓഗസ്റ്റ് 30-നുശേഷം ജോലിക്ക് വരേണ്ടതില്ലെന്ന് കമ്പനി നിർദ്ദേശിക്കുകയായിരുന്നെന്ന് ജീവനക്കാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഉടമസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുമായിരുന്നെന്നും ജീവനക്കാർ പറഞ്ഞു. രണ്ടു ജീവനക്കാർ പന്തീരാങ്കാവ് പൊലീസിലും 21 പേർ കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്കുമാണ് പരാതിനൽകിയത്.പത്തോളം പരാതികൾ വ്യാഴാഴ്ച പന്തീരാങ്കാവ് സ്റ്റേഷനിൽ വന്നെങ്കിലും രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെയടിസ്ഥാനത്തിൽ പാലാഴിയിലെ സ്ഥാപനത്തിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഒട്ടേറെ രേഖകളും പിടിച്ചെടുത്തു.'എനി ടൈം മണി' എന്ന സ്ഥാപനത്തിന് വിവിധ ബാങ്കുകളിലായി ഏഴ് അക്കൗണ്ടുകളാണുള്ളത്. ഈ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികളായിട്ടുണ്ട്.

കണ്ണൂർ നിധി തട്ടിയത് 150 കോടി

അതിനിടെ എനി ടൈം മണിയുടെ മാതൃസ്ഥാപനമായ കണ്ണൂർ അർബൻ നിധിയും ശുദ്ധ തട്ടിപ്പാണെന്ന് ബോധ്യപ്പെടുകയാണ്. 150കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ഇവർക്കെതിരെ അന്വേഷണം നടക്കയാണ്. കണ്ണൂർ അർബൻ നിധി ഡയറക്ടർ തൃശൂർ കുന്നത്ത് പീടികയിൽ കെ.എം.ഗഫൂർ, സഹസ്ഥാപനമായ എനി ടൈം മണിയുടെ ഡയറക്ടർമാരായ മലപ്പുറം ചങ്ങരംകുളം മേലെപ്പാട്ട് വളപ്പിൽ ഷൗക്കത്ത് അലി, ആന്റണി, അർബൻ നിധി അസിസ്റ്റന്റ് ജനറൽ മാനേജർ കണ്ണൂർ സ്വദേശി ജീന, എച്ച്ആർ മാനേജർ പ്രഭീഷ്, ബ്രാഞ്ച് മാനേജർ ഷൈജു എന്നിവർക്കെതിരെയാണ് കേസെടുത്തത്.

ഒന്നും രണ്ടും പ്രതികളായ ഗഫൂറിനെയും ഷൗക്കത്തലിയെയും നേരത്തെ പൊലീസ് പിടികൂടിയിരുന്നു. അസി.ജനറൽ മാനേജർ തോട്ടട ആദികടലായി വട്ടക്കുളത്തെ സി.വി.ജീന(45) കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ദിവസങ്ങൾക്ക് മുമ്പ് കീഴടങ്ങിയിരുന്നു. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതികളുയർന്ന കണ്ണൂർ അർബൻ നിധി തുടങ്ങിയതു മുതൽ അസി.ജനറൽ മാനേജരായിരുന്നു ജീന. ഇവർ ഏറെ പേരെ നിർബന്ധിച്ചു നിക്ഷേപം നടത്തിച്ചതായി പൊലീസിനു പരാതികൾ ലഭിച്ചിരുന്നു.

കൂടുതൽ തെളിവെടുപ്പിനായി ഒന്നും രണ്ടും പ്രതികളായ ഗഫൂറിനെയും ഷൗക്കത്തലിയെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഇവരെ സ്ഥാപനത്തിലും മറ്റും എത്തിച്ചു തെളിവെടുപ്പ് തുടങ്ങിയിട്ടുണ്ട്. 150 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണു പൊലീസ് സംശയിക്കുന്നത്. ഇതുവരെ 230 പരാതികൾ ലഭിച്ചു. നിലവിൽ 9 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം താവക്കരയിലെ സ്ഥാപനത്തിൽ റെയ്ഡ് നടത്തി കസ്റ്റഡിയിലെടുത്ത കംപ്യൂട്ടറുകളുടെ പരിശോധനയും അന്വേഷണ സംഘം നടത്തിയിട്ടുണ്ട്.

പിടിച്ചെടുത്ത കംപ്യൂട്ടറുകളുടേയും ലാപ്‌ടോപ്പുകളുടേയും രഹസ്യ പാസ്വേർഡ് ചോദിച്ചറിഞ്ഞു സൈബർ പൊലിസ് പരിശോധന തുടങ്ങിയിട്ടുണ്ട്. ഇതിൽ രണ്ടെണ്ണത്തിന്റെ പാസ്വേർഡ് മാത്രമേ ലഭിച്ചിട്ടുള്ളൂ. ജീനയ്ക്കാണ് പാസ്വേർഡുകൾ കൂടുതൽ അറിയാവുന്നതെന്നാണ് പൊലിസ് പറയുന്നത്. ഇതിനിടെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വിട്ടുകിട്ടിയ ഡയറക്ടർമാരായ കെ. എം ഗഫൂർ, മേലെടത്ത് ഷൗക്കത്തലി എന്നിവരെ തെളിവെടുപ്പിനായി തൃശൂരിലേക്ക് കൊണ്ടു പോയിട്ടുണ്ട്.