തിരുവനന്തപുരം: കാട്ടാക്കട താലൂക്കിലെ ഒരു പ്രമുഖ സ്‌കൂളിലെ രണ്ട് വിദ്യാർത്ഥിനികളെ
പീഡിപ്പിച്ചതിന് സ്‌കൂളിന്റെ മുൻ മാനേജരായ വൈദികൻ അറസ്റ്റിൽ. മാരായമുട്ടം സ്വദേശി ഫാദർ ജസ്റ്റിനെയാണ് കാട്ടാക്കട ഡി വൈ എസ് പിക്ക് കീഴിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. ഒരു വർഷം മുൻപാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ഫാദർ ജസ്റ്റിൻ സ്‌കൂൾ മാനേജർ ആയിരിക്കെ അവിടെ പഠിച്ച രണ്ട് പെൺകുട്ടികളെ കായികപരിശീലനത്തിനും കലാ മത്സര പരിശീലനത്തിനും ഫാദർ തന്നെ പ്രത്യേക താൽപര്യം എടുത്ത് നിയോഗിച്ചു. സ്‌കൂൾ സമയം കഴിഞ്ഞും കുട്ടികളെ പരിശീലന കാര്യം പറഞ്ഞ് പിടിച്ചു നിർത്തി. ഇതിനിടെ സ്‌കൂളിൽ വെച്ച് ചൂഷണം ആരംഭിച്ചു. പള്ളിമേടയിൽ കൊണ്ടു പോയും പീഡിപ്പിച്ചു. സ്‌കൂളിന് സമീപത്തെ മറ്റു ചില സ്ഥലങ്ങളിലും പെൺകുട്ടികളെ എത്തിച്ച് ചൂഷണം ചെയ്തു.

പെൺകുട്ടികൾ ഉപരിപഠനാർത്ഥം മറ്റൊരു സ്‌കൂളിൽ ചേർന്ന ശേഷം നടന്ന കൺസിലിംഗിലാണ് പീഡന വിവരം പുറത്തറിയുന്നത്. പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെട്ട വിവരം മനസിലാക്കി സ്‌കൂൾ അധികൃതരാണ് ചൈൽഡ് വെൽഫയർ കമ്മിറ്റിയെ വിവരം അറിയിച്ചത്. ചൈൽഡ് വെൽഫയർ കമ്മിറ്റി നൽകിയ വിവരം അനുസരിച്ചാണ് ഫാദർ ജസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

നിലവിൽ തിരുവനന്തപുരം നഗരത്തിലെ ഒരു പ്രധാന പള്ളിയിലെ വികാരിയാണ് ഫാദർ ജസ്റ്റിൻ. ഫാദർ ജസ്റ്റിൻ സ്‌കൂൾ മാനേജർ ആയിരിക്കെ മറ്റൊരു പെൺകുട്ടിയെ കൂടി പീഡിപ്പിച്ചതായുള്ള വിവരങ്ങളും പുറത്ത് വരുന്നു. തമിഴ്‌നാട് അതിർത്തിയിലെ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസമുള്ള കുട്ടിയുടെ മാതാപിതാക്കളാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.