മുംബൈ: സെൽഫിയെടുക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷാക്കെതിരെ ഭോജ്പുരി നടിയും സോഷ്യൻ മീഡിയ ഇൻഫ്‌ളുവൻസറുമായ സപ്ന ഗില്ലിന്റെ പരാതിയിൽ കേസെടുത്തു. അന്ധേരി മജിസ്‌ട്രേറ്റ് കോടതിയിലാണ് സപ്ന കേസ് ഫയൽ ചെയ്തത്. പൃഥ്വി ഷായുടെ സുഹൃത്ത് സുരേന്ദ്ര യാദവിനെതിരെയും സപ്നയുടെ പരാതിയിൽ കേസെടുത്തിട്ടുണ്ട്.

ഇന്ത്യൻ ക്രിക്കറ്റ് താരവും സുഹൃത്തും ചേർന്ന് പൊതു സ്ഥലത്തുവച്ച് അപമാനിച്ചെന്നും ശാരീരികമായി ആക്രമിച്ചെന്നുമാണു സപ്നയുടെ പരാതിയിലുള്ളത്. നെഞ്ചിൽ പിടിച്ച് പൃഥ്വി ഷാ തള്ളിയെന്നും സപ്ന പരാതിയിൽ ആരോപിക്കുന്നു.

ഫെബ്രുവരി 15ന് അന്ദേരിയിലെ ഒരു ഹോട്ടലിന് പുറത്തുവെച്ച് പൃഥ്വി ഷായും സുഹൃത്തും ചേർന്ന് ബാറ്റ് കൊണ്ട് ആക്രമിച്ചെന്നാണ് പരാതി. തന്റെ കൂടെയുണ്ടായിരുന്ന കൗമാരക്കാരിയായ സുഹൃത്തിനെ മോശം ഉദ്ദേശ്യത്തോടെ ഷാ സ്പർശിച്ചെന്നും പ്രതിരോധിച്ചപ്പോൾ ഷാ അവരെ തള്ളി മാറ്റിയെന്നും പരാതിയിൽ പറയുന്നു.

23കാരനായ പൃഥി ഷാക്കൊപ്പം സെൽഫി എടുക്കുന്നതിനെചൊല്ലിയുള്ള തർക്കമാണ് പ്രശ്‌നത്തിന്റെ തുടക്കം. അന്ദേരിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന ഷായെ സെൽഫിയെടുക്കാനായി ഗില്ലും സുഹൃത്തും സമീപിക്കുകയും തുടർന്ന് തർക്കമുണ്ടാവുകയായിരുന്നു. ബാറ്റുകൊണ്ട് തന്നെ മർദിച്ചതായും വാഹനത്തിന്റെ ഗ്ലാസ് തകർത്തതായും കാണിച്ച് ഷാ അന്നുതന്നെ ഗില്ലിനെതിരെ പരാതി നൽകിയിരുന്നു. ഇതിൽ ഗില്ലിന് ജാമ്യം ലഭിച്ചിരുന്നു. ഈ കേസ് നിലനിൽക്കെയാണ് ഗിൽ കോടതിയിൽ പരാതി നൽകിയത്.

വിഷയത്തിൽ പൃഥി ഷാക്കും സുഹൃത്തിനുമെതിരെ കേസെടുത്തില്ലെന്നാരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥരായ സതീഷ് കവാൻകർ, ഭഗവത് രാമ ഗരണ്ടെ എന്നിവർക്കെതിരെ ഗിൽ പരാതി നൽകിയിട്ടുണ്ട്. ആരോപണത്തിന് കൃത്യമായ തെളിവുണ്ടെന്നും ഇത് ഉറപ്പുവരുത്തുന്ന മെഡിക്കൽ റിപ്പോർട്ടുകൾ കൈവശമുണ്ടെന്നും ഗില്ലിന്റെ അഭിഭാഷകനായ അലി കാഷിഫ് ഖാൻ പറഞ്ഞു. കേസ് ഏപ്രിൽ 17ന് അന്ദേരി മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും.

ബാറ്റ് ഉപയോഗിച്ച് ആക്രമിച്ചതിന് ഐപിസി 354, 509, 324 വകുപ്പുകൾ ക്രിക്കറ്റ് താരത്തിനെതിരെ ചുമത്തണമെന്ന് സപ്ന ആവശ്യപ്പെട്ടു. ലൈംഗികാതിക്രമം തെളിയിക്കുന്നതിന് മെഡിക്കൽ രേഖകളും പരാതിക്കൊപ്പം കോടതിയിൽ സമർപ്പിച്ചു.

സപ്ന ഗില്ലും സുഹൃത്തുക്കളും ചേർന്ന് പൃഥ്വി ഷായെയും സുഹൃത്തിനെയും ആക്രമിച്ചതായും കാർ തല്ലിത്തകർത്തതായും കണ്ടെത്തി പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് സപ്നയെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീടു ജാമ്യം നേടി ജയിൽ മോചിതയായി.

വാഹനത്തിൽ കയറി രക്ഷപ്പെട്ടപ്പോൾ പിന്തുടർന്ന അക്രമി സംഘം സിഗ്‌നലിൽവച്ച് വാഹനം തല്ലിത്തകർത്തതായാണു പൃഥ്വി ഷായുടെ സുഹൃത്തിന്റെ പരാതിയിലുള്ളത്. അഭിഭാഷകൻ വഴി അന്ധേരിയിലെ എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ ക്രിക്കറ്റ് താരത്തിനെതിരെ സപ്ന പരാതി നൽകിയിരുന്നു. ക്രിക്കറ്റ് താരത്തിനും സുഹൃത്തിനുമെതിരെ കേസെടുക്കണമെന്നായിരുന്നു ആവശ്യം.

ദുഃഖവെള്ളി ദിനം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (07-04-2023) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ