കൊച്ചി: രാജ്യത്തെ നടുക്കിയ കൈവെട്ട് കേസിൽ, 13 വർഷത്തിനുശേഷം കോടതി വിധി വരുമ്പോഴും, ഒന്നാം പ്രതിയെ ഇനിയും പിടികൂടാൻ ആയട്ടില്ല. ദേശീയ കുറ്റാന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിച്ച കേസിലെ ഒന്നാം പ്രതിയ അശമന്നുർ സവാദ് എന്ന എറണാകുളം ഓടക്കാലി സ്വദേശി സവാദാണ് ഇപ്പോഴും ഒളിവിൽ കഴിയുന്നത്. വിവരം നൽകുന്നവർക്ക് പത്തുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടും, ലുക്ക്ഔട്ട് നോട്ടീസും, റെഡ് കോർണർ നോട്ടീസും പുറപ്പെടുവിച്ചിട്ടും മുഖ്യപ്രതി എവിടെയാണെന്ന് ആർക്കും അറിയില്ല!

2010 ജൂലൈ നാലിനായിരുന്നു പോപ്പുലർ ഫ്രണ്ട് സംഘം, തൊടുപുഴ ന്യൂമാൻ കോളജ് അദ്ധ്യാപകനായ പ്രൊഫസർ ടി ജെ ജോസഫിനെ ആക്രമിച്ച് വലതുകൈ വെട്ടിമാറ്റിയത്. ഇതിൽ ഒളിവിൽ പോയ പല പ്രതികളും സ്വത്ത് കണ്ടുകെട്ടുമെന്ന് പ്രഖ്യാപനം വന്നതിനെ തുടർന്നാണ് കീഴടങ്ങിയത്. ഇങ്ങനെ 2015നുശേഷം കീഴടങ്ങിയ പ്രതികളുടെ വിചാരണയാണ് ഇപ്പോൾ പൂർത്തിയായത്. അതുപോലെ തന്നെ കേസിലെ ഗൂഢാലോചകരെയും സൂത്രധാരനെയും ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേരളത്തിലും വിദേശത്തും കേന്ദ്രീകരിച്ച വലിയ ഗൂഢാലോചന ഇതിന്റെ പിന്നിൽ നടന്നിട്ടുണ്ടെന്ന് തുടക്കം മുതൽ തന്നെ പൊലീസ് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ആ രീതിയിലേക്കൊന്നും അന്വേഷണം പുരോഗമിച്ചില്ല. കൈവെട്ടിയ പ്രതികളും, അവരെ ഒളിവിൽ പാർക്കാൻ സഹായിച്ചവരുമായി കേസ് ഒതുങ്ങുകയായിരുന്നു.

വിധി വന്നതിനുശേഷം പ്രൊഫ. ടി ജെ ജോസഫ്, മറുനാടൻ മലയാളിയോടെ ഇങ്ങനെ പ്രതികരിച്ചു. 'ഇപ്പോൾ ശിക്ഷ കിട്ടിയിരിക്കുന്നത് ഈ കേസിൽ നേരിട്ട് ഉൾപ്പെട്ടവർക്ക് മാത്രമാണ്. സത്യത്തിൽ അവരും എന്നെപ്പോലെ വെറും ഇര മാത്രമാണ്. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ഗോത്രനിയമങ്ങളിൽ അന്ധരാക്കപ്പെട്ടവർ ആണ് അവർ പക്ഷേ ആഴത്തിൽ അന്വേഷിച്ച് ഈ കേസിലെ സൂത്രധാരരെ കണ്ടെത്താനുള്ള ശ്രമം ഉണ്ടായിട്ടില്ല''- പ്രൊഫ. ജോസഫ് പറഞ്ഞു.

തൊടുപുഴ ന്യൂമാൻ കോളജ് അദ്ധ്യാപകനായ പ്രൊഫ. ടി ജെ ജോസഫ് തയ്യാറാക്കിയ ചോദ്യപ്പേപ്പറിൽ പ്രവാചകനിന്ദയുണ്ടെന്ന് വ്യാജ ആരോപണം ആരോപിച്ചായിരുന്നു ആക്രമണം. വാനിൽ എത്തിയ സംഘം പള്ളിയിൽ നിന്ന് കാറിൽ മടങ്ങുകയായിരുന്ന ജോസഫിന്റെ വീടിനു സമീപം തടഞ്ഞുനിർത്തി പുറത്തിറക്കിയാണു ആക്രമിച്ചത്.

സംഭവത്തിലെ പ്രധാന പ്രതികളിലൊരാളായ ജാഫറിനെ അന്നേ ദിവസം തന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൂടാതെ വാനിന്റെ ഉടമസ്ഥനെതിരെയും കേസെടുത്തു. 2011 മാർച്ച് 9-നാണ് കേസ് എൻ.ഐ.എ ഏറ്റെടുത്തത്. 42 ഓളം പേരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നത്. ഇതിൽ 2015-ൽ ആദ്യഘട്ട വിധി പ്രസ്താവിച്ചിരുന്നു. അന്ന് 31 പ്രതികളാണ് വിചാരണ നേരിട്ടത്. ഇതിൽ നിന്ന് 18 പേരെ ഒഴിവാക്കിയിരുന്നു. പത്ത് പ്രതികൾക്ക് എട്ട് വർഷം തടവ് ശിക്ഷയും കോടതി വിധിച്ചിരുന്നു.

കേസിലെ മുഖ്യപ്രതികളിൽ ഒരാളായ നാസർ കീഴടങ്ങിയത് 2015ൽ ആയിരുന്നു. കൊച്ചി എൻ.ഐ.എ. കോടതിയിലാണ് കീഴടങ്ങിയത്. നാല് വർഷത്തോളം താൻ കേരളത്തിൽ തന്നെ ഉണ്ടായിരുന്നതായി കീഴടങ്ങാൻ എത്തിയപ്പോൾ നാസർ മാധ്യമങ്ങളോട് പറഞ്ഞത്. ഒളിവിലായ നാസർ വിദേശത്തേക്ക് കടന്നെന്ന ധാരണയിൽ പൊലീസ് റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതുപോലെ തന്നെ അശമന്നുർ സവാദിനുവേണ്ടിയും റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പക്ഷേ പ്രതി ഇപ്പോഴും ഒളിവിലാണ്.

കേസിൽ രണ്ടാംഘട്ട വിധിയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഭീകരവാദപ്രവർത്തനം തെളിഞ്ഞതായി എൻഐഎ. കോടതി വ്യക്തമാക്കി. രണ്ടാം പ്രതി സജൽ, മൂന്നാം പ്രതി നാസർ, അഞ്ചാം പ്രതി നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് പ്രതികളുടെ ശിക്ഷ കോടതി വിധി പ്രസ്താവിക്കും.

ഭീകരപ്രവർത്തനം, ഗൂഢാലോചന, ആയുധം കൈവശംവെക്കൽ, ഒളിവിൽ പോകൽ, വാഹനത്തിന് നാശം വരുത്തൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. രണ്ടാംഘട്ടത്തിൽ 11 പ്രതികളാണ് വിചാരണ നേരിട്ടത്. ഷഫീക്ക്, അസീസ് ഓടക്കാലി, മഹമ്മദ് റാഫി, സുബൈദ്, മൺസൂർ എന്നീ അഞ്ച് പ്രതികളെയാണ് കോടതി വെറുതേ വിട്ടത്.