ആലപ്പുഴ: രാജധാനി എക്സ്‌പ്രസിൽ വെച്ച് യുവതിക്ക് മദ്യം നൽകി പീഡിപ്പിച്ചെന്ന പരാതി വ്യാജമല്ലെന്ന് പ്രാഥമികമായി ഉറപ്പിച്ച് റെയിൽവേ പൊലീസ്. യുവതിയുടെ പരാതി വാർത്തയായപ്പോൾ ട്രയിനിൽ ഇങ്ങനെയൊക്കെ നടക്കുമോ സഹയാത്രികർ ഉണ്ടായിരുന്നില്ലേ ഇങ്ങനെയുള്ള ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ പലരും ഉയർത്തിയിരുന്നു. ഇപ്പോൾ റിമാന്റിലുള്ള സൈനികനായ പത്തനംതിട്ട ജില്ലയിലെ നിരണം മാന്നാർ കടപ്രപ്രതീഷ് ഭവനിൽ പ്രതീഷ് കുമാർ കെ.പി. (31) നെയും പരാതിക്കാരിയേയും അന്വേഷണ സംഘം വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു.

ഡോക്ടർമാരുടെ പരിശോധനയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായെന്ന് സ്ഥിരീകരിച്ചുവെന്ന് പൊലീസ് വെളിപ്പെടുത്തി. ഇതോടെ രാജധാനി എക്സ്‌പ്രസിൽ നടന്ന പീഡനം വ്യാജ പരാതിയാണോ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വന്നപ്രചരണങ്ങൾക്ക് പ്രസക്തിയില്ലാതായി. വ്യാജ പ്രചരണങ്ങൾ പൂർണമായും തള്ളിക്കളയുകയാണ് അന്വേഷണ ഉദ്യോഗസ്ഥനായ കൊച്ചി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് എസ് എച്ച് ഒ ക്രിസ്പിൻ സാം . ഇനി പ്രതിയെ കസ്റ്റഡിയിൽ വാങ്ങില്ല.

സാഹചര്യ തെളിവുകളും മറ്റ് ശാസ്ത്രീയ തെളിവുകളും ലഭിച്ചു കഴിഞ്ഞതിനാൽ സഹയാത്രികരുടെ മൊഴി കൂടി എടുത്ത് കഴിഞ്ഞാൽ കോടതിയിൽ കുറ്റപത്രം നൽകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കഴിഞ്ഞ 16ന് അർദ്ധ രാത്രിയിൽ രാജധാനി എക്സ്‌പ്രസിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയ ഉടൻ ബി 1 കോച്ചിന് അടുത്ത് എത്തിയ യുവതിയുടെ ഭർത്താവ് കണ്ടത് അവിശ്വസനീയമായ കാഴ്ച. ട്രയിനിൽ നിന്നിറങ്ങിയ യുവതി അവശ നിലയിലായിരുന്നു. കാലുകൾ നിലത്ത് ഉറയ്ക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന യുവതിയെ കണ്ട് ഭർത്താവ് ഞെട്ടി.

അസഹ്യമായ മദ്യത്തിന്റെ ഗന്ധവുമുണ്ടായിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സെവനപ്പിൽ കലർത്തി മദ്യം നൽകി ചതിച്ചതും ലൈംഗിക അതിക്രമം ഉണ്ടായതും ഉൾപ്പെടെയുള്ള കാര്യങ്ങൾ പറഞ്ഞ് യുവതി മനസ് തുറന്നത്. രഹസ്യമായി പകർത്തിയ പ്രതിയുടെ ദൃശ്യങ്ങളും യുവതി ഭർത്താവിന് കൈമാറി. തുടർന്ന് 17 ന് രാവിലെ ഭർത്താവിനൊപ്പം തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് സി ഐ യെ നേരിൽ കണ്ട് പരാതി നൽകുകയായിരുന്നു. അതേ സമയം സൈനികന്റെ ജോലി തെറിക്കുമെന്ന് ഉറപ്പായി.

സഹയാത്രികയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് പ്രതീഷ് എന്ന കാര്യം ആലപ്പുഴ റെയിൽവേ പൊലീസ് ജമ്മു കശ്മീരിലെ 17 ഗാർഡ് റെജിമെന്റ് കമാന്റിങ് ഓഫീസറെ ഉടൻ രേഖാമൂലം അറിയിക്കും. എഫ്. ഐ ആറിന്റെ കോപ്പിയടക്കം ലഭിക്കുന്നതിനാൽ കരസേനയിൽ നിന്നു തന്നെ പ്രതീഷിനെ പിരിച്ചു വിടും. ജമ്മു കാശ്മീരിലെ രജൗരി ജില്ലയിൽ നാരിയൻ ട്രാൻസിസ്റ്റ് ക്യാമ്പിൽ 17 ഗാർഡ് റെജിമെന്റിൽ നായിക് റാങ്കിലാണ് പ്രതീഷ് ജോലി നോക്കുന്നത്. പ്രതീഷിന്റെ ഭാര്യ കടപ്ര പഞ്ചായത്തിലെ വാർഡ് മെംബറാണ്.ബി ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചാണ് അവർ ജയിച്ചത്.

മണിപ്പാൽ യൂണിവേഴ്‌സിറ്റിയിൽ പി ജി കോഴ്‌സിന് പഠിക്കുന്ന യുവതി രാജധാനി എക്സ്‌പ്രസിൽ വെച്ച് പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ തലനാരിഴ കീറിയുള്ള പരിശോധനയാണ് അന്വേഷണ സംഘം നടത്തിയത്. ആലപ്പുഴ റെയിൽവേ പൊലീസ് സബ് ഇൻസ്‌പെക്ടർ ഷാനിഫ്. എച്ച് എസ് ന്റെ നേതൃത്വത്തിലാണ് ആദ്യഘട്ട അന്വേഷണം നടന്നത്.വ്യാഴാഴ്ച വൈകുന്നേരം 3 മണിക്കും 7 മണിക്കും ഇടയിൽ താൻ പീഡിപ്പിക്കപ്പെട്ടുവെന്നാണ് യുവതി നൽകിയ പരാതിയിലുള്ളത്.