കോഴിക്കോട്: തീവണ്ടി യാത്രയ്ക്കിടെ സൈനികൻ പെൺകുട്ടിയെ മദ്യംനൽകി പീഡിപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് റെയിൽവേ പൊലീസ്. പീഡനം നടന്നിട്ടില്ലെന്ന മെഡിക്കൽ റിപ്പോർട്ടോ മറ്റോ പൊലീസ് നൽകിയിട്ടില്ലെന്നും കേസിൽ ഇപ്പോഴും അന്വേഷണം തുടരുകയാണെന്നും കേസിന്റെ അന്വേഷണച്ചുമതലയുള്ള റെയിൽവേ പൊലീസ് ഇൻസ്പെക്ടർ ക്രിസ്പിൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

അതിവേഗം കുറ്റപത്രം നൽകുമെന്നും സൈനികനെതിരെ കേസുള്ള കാര്യം രേഖമൂലം സൈന്യത്തെ അറിയിച്ചിട്ടുണ്ടെന്നും റെയിൽവേ പൊലീസ് വിശദീകരിച്ചു. പാങ്ങോട്ടുള്ള സൈനിക ബറ്റാലിയനേയും കാര്യം അറിയിച്ചിട്ടുണ്ട്. ഇതോടെ കേസ് അട്ടിമറിക്കപ്പെട്ടുവെന്ന തരത്തിൽ നടക്കുന്ന പ്രചരണങ്ങൾ ശരിയല്ലെന്ന് വ്യക്തമാവുകയാണ്. ഒരു ഘട്ടത്തിലും പരാതിക്കാരി മൊഴി മാറ്റിയിട്ടില്ല. അവർ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്നും റെയിൽവേ പൊലീസ് വിശദീകരിച്ചു.

മണിപ്പാലിൽ പഠിക്കുന്ന പെൺകുട്ടി ഭർത്താവ് വിദേശത്തേക്ക് പോകുന്നതു കൊണ്ടാണ് നാട്ടിലേക്ക് എത്തിയത്. ഇതിനിടെയാണ് മദ്യം നൽകിയുള്ള പീഡനമുണ്ടായത്. പട്ടാളക്കാർക്ക് മദ്യം തീവണ്ടിയിൽ കൊണ്ടു വരാൻ കഴിയും. എന്നാൽ അത് കുടിക്കാനോ മറ്റുള്ളവർക്ക് നൽകാനോ സാധ്യമില്ല. ഈ സാഹചര്യത്തിൽ ഇതും പട്ടാളക്കാരൻ ചെയ്ത കുറ്റമാണെന്ന് റെയിൽവേ പൊലീസ് സൂചന നൽകുന്നുണ്ട്. ഇതെല്ലാം കുറ്റപത്രത്തിലേക്ക് വരുമ്പോൾ വിശദമായി പ്രതിപാദിക്കാനും താൽപ്പര്യമുണ്ട്. ആദ്യം കേസ് അന്വേഷിച്ചത് റെയിൽവേ പൊലീസ് എസ് ഐയുടെ നേതൃത്വത്തിലായിരുന്നു. പിന്നീട് അത് സിഐ ഏറ്റെടുത്തു.

രാജധാനി എക്സ്പ്രസിൽവെച്ച് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയെ മദ്യം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സൈനികനായ പത്തനംതിട്ട കടപ്ര നിരണം സ്വദേശി പ്രതീഷ്‌കുമാറിനെ മാർച്ച് 18-നാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ഉഡുപ്പിയിൽനിന്ന് തീവണ്ടിയിൽ കയറിയ വിദ്യാർത്ഥിനിയുമായി പ്രതി സൗഹൃദം സ്ഥാപിക്കുകയും പിന്നാലെ നിർബന്ധിച്ച് മദ്യം നൽകി ലൈംഗികാതിക്രമം നടത്തിയെന്നുമായിരുന്നു പരാതി. എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയ്ക്കായിരുന്നു സംഭവം. ബിജെപി കൗൺസിലറുടെ ഭർത്താവാണ് ജയിലിലുള്ള പ്രതീഷ് കുമാർ.

അതേസമയം, അറസ്റ്റിലായ സൈനികൻ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നെന്നും പൊലീസ് ഇക്കാര്യം കോടതിയെ അറിയിക്കുമെന്നുമാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. മദ്യപിച്ച് വീട്ടുകാർക്ക് മുന്നിലെത്തിയ പെൺകുട്ടി കെട്ടിച്ചമച്ച കഥയാണ് പീഡനപരാതിയെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഈ പ്രചാരണമെല്ലാം തീർത്തും വ്യാജമാണെന്നാണ് റെയിൽവേ പൊലീസ് വിശദീകരിക്കുന്നത്..

കേസിൽ പെൺകുട്ടിയുടെ രഹസ്യമൊഴി മജിസ്‌ട്രേട്ടിന് മുമ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടി ഇപ്പോഴും പരാതിയിൽ ഉറച്ചുനിൽക്കുകയാണ്. അറസ്റ്റിലായ സൈനികൻ ഇപ്പോഴും റിമാൻഡിലാണ്. നേരത്തെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയതാണെന്നും കേസിൽ അന്വേഷണം തുടരുകയാണെന്നും റെയിൽവേ പൊലീസ് പറഞ്ഞു.