കൊല്ലം: പുനലൂരിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങളുമായി കല്ലടയാറ്റിൽ ചാടിയ അമ്മയും മക്കളും മരിച്ച സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. ഇന്നലെ ഉച്ചയോടെ പുനലൂരിൽ കല്ലടയാറ്റിൽ വ്യവസായ പാർക്കിനു സമീപമാണ് സംഭവം നടന്നത്. ചാത്തന്നൂർ കല്ലുവാതുക്കൽ പാറയിൽ ജംക്ഷൻ പാലമൂട്ടിൽ വീട്ടിൽ സജി ചാക്കോയുടെ ഭാര്യ, പിറവന്തൂർ കമുകുംചേരി ചരുവിള പുത്തൻ വീട്ടിൽ രമ്യ (30), മക്കളായ സരയൂ (5), സൗരവ് (3) എന്നിവരാണ് മരിച്ചത്.

6 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത രമ്യയ്ക്ക് ഉണ്ടായിരുന്നുവെന്ന് പിതാവ് പൊലീസിനോടു പറഞ്ഞു. വീടുവെയ്ക്കാനാണ് പണം കടം വാങ്ങുകയും വായ്പ എടുക്കുകയും ചെയ്തത്. കണിയാപുരത്തെ സ്വകാര്യ ക്ലിനിക്കിൽ എക്‌സ്‌റേ ടെക്‌നിഷ്യനാണു രമ്യ. ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ എത്തിയ ശേഷം ക്ഷേത്രത്തിൽ പോകുന്നെന്നു പറഞ്ഞാണ് കല്ലുവാതുക്കലിലെ ഭർതൃവീട്ടിൽ നിന്ന് ഇറങ്ങിയത്.

രമ്യയുടെ ബാഗിലും കല്ലുവാതുക്കൽ വീട്ടിലെ ഡയറിയിലും മരണം സൂചിപ്പിക്കുന്ന വിവരങ്ങൾ എഴുതിവച്ചത് കണ്ടെത്തി. സാമ്പത്തിക ബാധ്യതയുണ്ടെന്നും കുട്ടികളെ ആർക്കും വിട്ടുകൊടുക്കില്ലെന്നും കത്തിൽ എഴുതിയിട്ടുണ്ടെന്ന് പുനലൂർ പൊലീസ് പറഞ്ഞു. പണം പണം പണം എന്ന് ആവർത്തിച്ച് കത്തിൽ എഴുതിയിട്ടുണ്ട്. പണം വേണമെന്നും കത്തിൽ പറയുന്നു. വീട്ടിൽ നിന്നും കണ്ടെടുത്ത ആത്മഹത്യാ കുറിപ്പ് രമ്യയുടെ ബന്ധുക്കൾ നാളെ പൊലീസിന് കൈമാറും.

കല്ലടയാറ്റിൽ കുര്യോട്ടുമല ശുദ്ധജല പദ്ധതിക്ക് വെള്ളം ശേഖരിക്കുന്ന പമ്പ് ഹൗസിനു സമീപത്തെ കടവിൽ ഒരു സ്ത്രീ കുഞ്ഞുങ്ങളുമായി ചാടുന്നത് ആറിന്റെ മറുകരയിലുള്ളവർ കണ്ടിരുന്നു. ഇവർ ശബ്ദം ഉയർത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നിമിഷനേരം കൊണ്ട് ആറ്റിലേക്കു ചാടുകയായിരുന്നെന്ന് പറയുന്നു. നാട്ടുകാർ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. പ്രദേശവാസികൾ മൂവരെയും കരയ്‌ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകാതെ അഗ്‌നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി.

മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സരയൂ ഒന്നാം ക്ലാസ് വിദ്യാർത്ഥിയും സൗരവ് അങ്കണവാടി വിദ്യാർത്ഥിയുമാണ്. നേരത്തേ പട്ടികജാതി വികസന പദ്ധതിയിൽ പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിൽ നിന്നു ലഭിച്ച തുക വിനിയോഗിച്ച് വീട് നിർമ്മാണം തുടങ്ങിയിരുന്നെങ്കിലും പൂർത്തിയാക്കാനായിരുന്നില്ല. ഭർത്താവ് സജി ചാക്കോ ഖത്തറിൽ ഡ്രൈവറാണ്. ഒരുവർഷം മുൻപാണ് ഖത്തറിലേക്ക് പോയത്.

രമ്യയുടെ മാതാപിതാക്കളുടെ മൊഴി ഇന്നലെ വൈകിട്ട് രേഖപ്പെടുത്തിയ ശേഷം പൊലീസ് കേസെടുത്തു. രാജുവും രമണിയുമാണ് രമ്യയുടെ മാതാപിതാക്കൾ. സഹോദരി രശ്മി. മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.