കൊച്ചി: മിൽമ, ബിവറേജസ് കോർപ്പറേഷൻ, ഔഷധി എന്നിവ അടക്കമുള്ള പൊതു മേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയോളം രൂപ തട്ടിച്ചെടുത്ത കേസിലെ പ്രധാന പ്രതി അമ്പലമേട് പുത്തൻകുരിശ് കാണിനാട് വട്ടത്തിൽ ജിനരാജ് (64), നെ കൂടുതൽ ചോദ്യം ചെയ്യാനായി കുന്നത്തുനാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങിയ ശേഷം ജിനരാജുമായി ബന്ധമുള്ള മുഴുവൻ പേരെയും ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.

കിഴക്കമ്പലം ടെക്‌സാസ് വില്ലയിൽ വെണ്ണിത്തടത്തിൽ വത്സൻ മത്തായി (52) ആണ് ജിനരാജിന്റെ പ്രധാന സഹായി. ഇയാളെ മുന്നിൽ നിർത്തിയാണ് തട്ടിപ്പുകൾ മുഴുവൻ നടത്തിയത്. ജിനരാജിനെ ഒരിക്കൽ പരിചയപ്പെടുന്നവർ മറക്കില്ല. മാന്യമായ പെരുമാറ്റം, ആരെയും ആകർഷിക്കുന്ന സംസാര രീതി ഇതൊക്കെയാണ് പലരും ഇദ്ദേഹത്തിന്റെ കെണിയിൽ വീഴാൻ കാരണം. സർക്കാർ ജീവനക്കാരും പ്രാദേശിക രാഷ്ട്രീയക്കാരും പോലും ഇയാളുടെ കെണിയിൽ വീണിട്ടുണ്ടെന്നാണ് വിവരം.

ബിവറേജസ് കോർപറേഷനിൽ ജോലി നൽകാമെന്ന് പറഞ്ഞ് കുട്ടമംഗലം സ്വദേശിയായ യുവാവിൽ നിന്ന് നാലര ലക്ഷം രൂപയും, മിൽമയിൽ ജോലി നൽകാമെന്നു പറഞ്ഞ് പുത്തൻകുരിശ് സ്വദേശിയിൽ നിന്ന് 3 ലക്ഷം രൂപയും തട്ടിയെടുത്തുവെന്ന പരാതിയിലാണ്് പൊലീസ് ഇവർക്കെതിരെ അന്വേഷണം തുടങ്ങുന്നത്.

ഉദ്യോഗാർത്ഥികൾക്ക് ഇവർ ബവ്കോയുടെ വ്യാജ ലെറ്റർ പാഡിൽ നിയമന ഉത്തരവ് നൽകിയിരുന്നു. ജോലിയിൽ പ്രവേശിക്കാൻ പോകുമ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് നിയമന ഉത്തരവുകൾ മാറ്റി മാറ്റി നൽകിയാണു തട്ടിപ്പ് നടത്തിയത്. ബവ്കോയുടെ പേരിൽ മൂന്ന് കത്തുകൾ പരാതിക്കാരനായ യുവാവിനു നൽകിയിട്ടുണ്ട്. ഇയാളിൽ നിന്നു നാലര ലക്ഷം രൂപ പണമായാണു വാങ്ങിയത്. മിൽമയിൽ ജോലി വാഗ്ദാനം ചെയ്തത് ചെക്ക് വാങ്ങിയായിരുന്നു.

ജിനരാജ് റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനാണെന്നാണ് പരിചയപ്പെടുത്തിയിരുന്നത്. ഇതിനായി ഉദ്യോഗാർതഥികളുടെ മുന്നിൽ ഇരുന്ന് പല ഉന്നതരെയും ഫോണിൽ വിളിക്കുന്നതായി അഭിനയിക്കുമായിരുന്നു. ഇയാൾ ഔഷധി, ടെൽക് എന്നീ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉദ്യോഗാർഥികളെ നേരിട്ട് കണ്ടെത്തി വലയിൽ വീഴ്‌ത്തുകയാണ് രീതി. സ്ഥിരം നിയമനമാണ് നൽകുന്നതെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണു പണം തട്ടുന്നത്. കൂടുതൽ പേർ പരാതിയുമായി സ്റ്റേഷനിൽ എത്തുന്നുണ്ട്. ഉദ്യോഗാർത്ഥികളുമായി കരാർ ഉറപ്പിക്കുന്നതും മറ്റു ഇടപാടുകൾ നടത്തുന്നതും വിശ്വസ്തനായ വത്സൻ മത്തായി നേരിട്ടായിരുന്നു..

ജിനരാജിന് അമ്പലമേട് സ്റ്റേഷനിൽ സമാനമായ തട്ടിപ്പു കേസുണ്ട്. എറണാകുളം നോർത്തിലും ഞാറക്കൽ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ സമാന കേസുകളുണ്ട്. എസ്ഐമാരായ എ.എൽ. അഭിലാഷ്, കെ.ആർ.ഹരിദാസ്, എഎസ്ഐമാരായ കെ.പി. വേണുഗോപാൽ, ജെ.സജി, എസ്സിപിഒമാരായ ടി.എ. അഫ്‌സൽ, ജോബി ചാക്കോ, അഭിലാഷ് എന്നിവരാണ് കേസ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.