കോഴിക്കോട്:'കാന്താര' സിനിമയിലെ വരാഹരൂപം ഗാനം പകർപ്പവകാശ കേസിൽ നിർമ്മാതാവ് വിജയ് കിർഗന്ദൂർ, സംവിധായകൻ ഋഷഭ് ഷെട്ടി എന്നിവർ ചോദ്യം ചെയ്യലിന് ഹാജരായി. കോഴിക്കോട് ടൗൺ സ്റ്റേഷനിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്.ഡി.സി.പി. കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവരുടെ മൊഴി എടുത്തു.തൈക്കുടം ബ്രിഡ്ജ് നൽകിയ പരാതിയിലായിരുന്നു ഇവരെ ചോദ്യം ചെയ്തത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരായ പൃഥ്വിരാജ് ഉൾപ്പെടെ ഒമ്പത് എതിർ കക്ഷികളാണ് കേസിലുള്ളത്.

വിജയ് കിരഗന്ദൂർ, ഋഷഭ് ഷെട്ടി എന്നിവരോട് നാളെയും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചെന്ന് പൊലീസ് അറിയിച്ചു.പൃഥ്വിരാജ് ഉൾപ്പടെ കേരളത്തിലെ വിതരണക്കാരും ചോദ്യം ചെയ്യലിന് ഹാജരാവും. തിങ്കളാഴ്ച ഋഷഭ് ഷെട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

'വരാഹരൂപം' ഉൾപ്പെട്ട 'കാന്താര' സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്തിയ ഹൈക്കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു. പകർപ്പവകാശ ലംഘന കേസിൽ ജാമ്യം അനുവദിക്കുമ്പോൾ ഇത്തരം നിർദ്ദേശങ്ങൾ ആവശ്യമില്ലെന്ന് പറഞ്ഞായിരുന്നു സുപ്രിംകോടതിയുടെ നടപടി. ഫെബ്രുവരി 12,13 തീയതികളിൽ രാവിലെ പത്തിനും ഒരു മണിക്കും ഇടയിൽ പ്രതികളായ ചിത്രത്തിന്റെ നിർമ്മാതാവും, സംവിധായകൻ ഋഷഭ് ഷെട്ടിയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിൽ ഇളവില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.

തുടർന്നായിരുന്നു ഇന്ന് വിജയ് കിരഗന്ദൂർ, സംവിധായകൻ ഋഷഭ് ഷെട്ടി എന്നിവർ ചോദ്യം ചെയ്യലിന് ഹാജരായത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് അനിവാര്യമാണെങ്കിൽ കോടതിയിൽ ഹാജരാക്കി 50000 രൂപയുടെ പണം കെട്ടിവയ്ക്കുകയും, രണ്ട് ആൾജാമ്യത്തിന്റെയും ബലത്തിൽ ജാമ്യം നൽകാം എന്ന ജാമ്യ വ്യവസ്ഥ തുടരുമെന്ന് സുപ്രിംകോടതി അറിയിച്ചിരുന്നു. 'നവരസം' ഗാനത്തിന്റെ ഉടമസ്ഥാവകാശം ഉള്ള മാതൃഭൂമിയുടെ പരാതിയിൽ കോഴിക്കോട് ടൗൺ പൊലീസ് എടുത്ത കേസിലാണ് 'കാന്താര'യുടെ പ്രവർത്തകർക്ക് കേരള ഹൈക്കോടതിയിൽ ജാമ്യം ലഭിച്ചത്.

പകർപ്പവകാശം ലംഘിച്ചു എന്ന കേസിൽ 'നവരസം' എന്ന ഗാനം ചിട്ടപ്പെടുത്തിയ തൈക്കുടം ബ്രിഡ്ജും, മാതൃഭൂമിയും നൽകിയ കേസിൽ ഇടക്കാല വിധിയോ, വിധിയോ വരുന്നതുവരെ ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയ ഹൈക്കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്യുകയുമായിരുന്നു.

'കെജിഎഫ്' നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിർമ്മിച്ച് സെപ്റ്റംബർ 30ന് റിലീസ് ചെയ്യപ്പെട്ട ചിത്രം വലിയ സ്വീകാര്യത നേടിയതിനെ തുടർന്ന് മറ്റ് ഭാഷകളിലേക്കും എത്തിയിരുന്നു. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. ചിത്രത്തിൽ സപ്തമി ഗൗഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ഷനിൽ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീർ, നവീൻ ഡി പടീൽ, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രൻ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകനായ ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിൽ നായകനായതും.