തിരുവനന്തപുരം: സാദിക് ബാഷയെന്ന ഐസിഎസ് തീവ്രവാദ ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രത്തിൽ ആരോപിച്ച വ്യക്തിയെ കേരളാ പൊലീസ് കസ്റ്റഡിയിൽ എടുത്തത് വട്ടിയൂർക്കാവ് ജമാ അത്ത് പരിസരത്ത് നിന്നും. ജമാ അത്തിന്റെ കുരതലാണ് സാദിഖ് ബാഷയെ കുടുക്കിയത്. സംഘത്തിൽ നാലു പേരാണ് ഉണ്ടായിരുന്നത്. പൊലീസ് ചുമത്തിയ പ്രാഥമിക എഫ് ഐ ആറിലാണ് ഈ വിവരങ്ങളുള്ളത്. ഗുരുതര സ്വാഭാവമുള്ള വകുപ്പുകളൊന്നും ആദ്യ പ്രാഥമിക എഫ് ഐ ആറിൽ ഉണ്ടായിരുന്നില്ല. ഐപിസിയിലെ 417ഉം 34ഉം വകുപ്പുകളും കെപി ആക്ടിലെ 117സിയുമാണ് ചുമത്തിയത്. ഇയാളെ ജയിലിലേക്ക് മാറ്റി. വിശദമായ ചോദ്യം ചെയ്യൽ ഇനിയും ഉണ്ടാകും.

പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയെ അനുനയിപ്പിക്കാൻ പൊലീസിന്റേതെന്ന് തോന്നിപ്പിക്കുന്ന സ്റ്റികർ പതിച്ച വാഹനത്തിൽ ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്നതായിരുന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്ത് 24 മാസം ജയിലിൽ കഴിഞ്ഞ തമിഴ്‌നാട്ടുകാരനായ സാദിഖ് ബാഷയും സംഘവും. കാറിൽ പൊലീസെന്ന് ഇംഗ്ലീഷ് സ്റ്റികറാണ് ഒട്ടിച്ചിരുന്നത്. പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയുമായി ഒത്തുതീർപ്പ് ചർച്ചയ്ക്ക് എത്തിയതായിരുന്നു ഇയാൾ. എന്നാൽ ഭാര്യയുമായുള്ള അനുനയ ചർച്ച ഫലം കണ്ടില്ല. തിരുവനന്തപുരം സ്വദേശിയാണ് ഇയാളുടെ ഭാര്യ. വിവാഹമോചനത്തിനായി ഇവർ പള്ളി വഴി നീങ്ങിയിരുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ എത്തിയ സാദിഖ് പള്ളിയിൽവെച്ച് പ്രശ്നം ഉണ്ടാക്കി. ഭാര്യ ബഹളം ഉണ്ടാക്കിയതോടെ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. വട്ടിയൂർക്കാവ് പൊലീസ് സ്‌റ്റേഷന് തൊട്ടുമുമ്പിലായിരുന്നു ഇതെല്ലാം സംഭവിച്ചത്.

ആറ്റുകാൽ പൊങ്കാല ദിനത്തിൽ വൈകിട്ട് അഞ്ചരയ്ക്കായിരുന്നു കേസിന് ആധാരമായ സംഭവം എന്നും എഎഫ് ഐ ആറിൽ വ്യക്തമാണ്. സ്വമേധയായാണ് പൊലീസ് കേസെടുത്തത്. 40 വയസ്സുള്ള സാദിഖ് ബാഷയും 38 വയസ്സുള്ള നൂറുൾ ഹാലിഖും 32 വയസ്സ് പ്രായമുള്ള നാസറും 40 വയസ്സുള്ള ഷാഹുൽ ഹമീദുമാണ് കേസിലെ പ്രതികൾ. നാലു പേരും തമിഴ്‌നാട് സ്വദേശികളാണ്. ആൾമാറാട്ടം നടത്തി ചതിക്കണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി വട്ടിയൂർകാവ് ജമാഅത്ത് പരിസരത്ത് പൊലീസ് എന്ന സ്റ്റിക്കർ ഒച്ചിച്ച് ഇവർ എത്തിയെന്നാണ് കുറ്റാരോപണം. വൈകിട്ട് അഞ്ചരയ്ക്കാണ് ഇതുണ്ടായതെന്ന് എഫ് ആ ആർ ഉള്ളടക്കത്തിലും പറയുന്നു. കുടുംബ പ്രശ്‌നം തീർക്കാനാണ് എത്തിയതെന്ന മൊഴി പൊലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. വിശദമായ ചോദ്യം ചെയ്യൽ ഇക്കാര്യത്തിലുണ്ടാകും.

ജമാത്ത് കമ്മറ്റി ഓഫീസിന് സമീപം നാലു പേരെത്തി പൊലീസ് ഉദ്യോഗസ്ഥർ എന്ന നിലയിൽ പെരുമാറുന്നതായി വിവരം കിട്ടിയതിനെ തുടർന്നാണ് വട്ടിയൂർക്കാവ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്. ഈ സമയം ടി എൻ 01 എ എസ് 9282 എന്ന വാഹനം പൊലീസ് സ്റ്റിക്കർ ഒട്ടിച്ച് കിടക്കുന്നുണ്ടായിരുന്നു. പൊലീസുകാരാണെന്ന് പറഞ്ഞവരോട് ഐഡന്റിറ്റി കാർഡ് വട്ടിയൂർക്കാവ് സ്റ്റേഷനിൽ നിന്നെത്തിയവർ ചോദിച്ചതാണ് നിർണ്ണയാകമായത്. ഇതോടെ പ്രതികൾ വെട്ടിലായി.

ഐഎസ് ബന്ധം ആരോപിച്ചു എൻഐഎ അറസ്റ്റ് ചെയ്ത് 24 മാസം ജയിലിൽ കഴിഞ്ഞയാളാണ് പിടിയിലായ മയിലാടുതുറൈ സ്വദേശി സാദിഖ് ബാഷ. 2022 ഫെബ്രുവരിയിൽ പൊലീസിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മയിലാടുംതുറൈയ്ക്കടുത്തുള്ള നിഡൂരിൽവച്ചു സാദിഖ് ബാഷ, മുഹമ്മദ് ആഷിഖ്, ജഗബർ അലി, റഹ്‌മത്ത്, കാരയ്ക്കൽ സ്വദേശി മുഹമ്മദ് ഇർഫാൻ എന്നിവരെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു. ഐഎസിനു വേണ്ടി ധനസമാഹരണം നടത്തിയെന്ന കേസിൽ പിന്നീട് എൻഐഎ ഇവരെ പിടികൂടി. സാദിഖ് ബാഷ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നെന്നും ഐഎസിനു വേണ്ടി പ്രചാരണം നടത്തുന്നുവെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

തുടർന്നു 2022 സെപ്റ്റംബറിൽ സാദിഖ് ബാഷയുടെ ഭാര്യയുടെ തിരുവനന്തപുരത്തെ വട്ടിയൂർക്കാവിലെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. 24 മാസം ജയിലിൽ കഴിഞ്ഞ് പുറത്തിറങ്ങിയ സാദിഖ്, പലതവണ വട്ടിയൂർക്കാവിൽ വന്നു പോയിട്ടും പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അറിഞ്ഞില്ലെന്നും ആരോപണമുണ്ട്.