കായംകുളം: തുണി ഇറക്കുമതി ബിസിനസിന്റെ പേരിൽ കീരിക്കാട് സ്വദേശിയിൽ നിന്ന് 2.25 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ചങ്ങനാശേരി പെരുന്ന സ്വദേശിനി സജന സലിം അറസ്റ്റിലായതറിഞ്ഞ് സമാന തട്ടിപ്പിനിരയായ അഞ്ചുപേർ കായംകുളം പൊലീസ് സ്റ്റേഷനിലെത്തി. എന്നാൽ, ഇവർ രേഖാമൂലം പരാതി നൽകിയിട്ടില്ല. കായംകുളം പ്രദേശത്തുള്ളവരാണ് അഞ്ചുപേരും. ഇതിൽ ചിലർക്ക് 5 ലക്ഷവും അതിൽ കൂടുതലും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

കായംകുളത്തു നിന്നു മാത്രം 5 കോടി തട്ടിയെടുത്തതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇതിൽ 2.25 കോടി രൂപയുടെ പരാതി പൊലീസിനു ലഭിച്ചു. അതിലാണ് സജനയെ അറസ്റ്റ് ചെയ്തത്. റിമാന്റിലായിരുന്ന സജനയെ കൂടുതൽ ചോദ്യം ചെയ്യാൻ കായംകുളം പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങി. ഈ മാസം 7വരെയാണ് കോടതി കസ്റ്റഡി അനുവദിച്ചത്. പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ലയെന്ന് കായംകുളം സിഐ മുഹമ്മദ് ഷാഫി മറുനാടൻ മലയാളിയോട് പറഞ്ഞു.

ചെങ്ങന്നൂരിലെ ഹോൾ സെയിൽ കടയിൽ നിന്നും തുണിയെടുത്ത് പെരുന്നയിലെ ടൈലറിങ് യൂണിറ്റിൽ എത്തിച്ച് വസ്ത്രങ്ങൾ തയ്‌പ്പിച്ച് കൊടുത്തിരുന്ന സജന മറ്റുള്ളവരോട് പറഞ്ഞിരുന്നത് രാജസ്ഥാനിലെ ബൽഹോത്രയിൽ നിന്നാണ് തുണി ഇറക്കുമതി ചെയ്യുന്നതെന്നാണ്. നാല് ലക്ഷം മുടക്കുന്നവർക്ക് ആദ്യമാദ്യം 50,000 രൂപ വരെ ലാഭവിഹിതം നൽകി. കോടികൾ ഇൻവെസ്റ്റ് ചെയ്തവർക്ക് വിശ്വസിപ്പിക്കാൻ ആദ്യമാസം ലക്ഷങ്ങളാണ് ലാഭവിഹിതമായി നൽകിയത്.

ലാഭം നിലച്ചപ്പോഴാണ് പലരും വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കുന്നത്. പറ്റിച്ച് ഉണ്ടാക്കിയ പണം കൊണ്ട് സജന പെരുന്നയിൽ തന്നെ ഒരു കോടിയുടെ ആഡംബര വീടുവാങ്ങി. വേറെയും വസ്തുവകകൾ വാങ്ങിയ കുട്ടിയതായാണ് വിവരം. ദുബായിൽ ഹൗസ് ഡ്രൈവറായ ഭർത്താവ് അനസിന്റെ അക്കൗണ്ട് വഴിയും പലരും പണം നൽകിയിട്ടുണ്ട്. കേസിൽ അനസ് രണ്ടാം പ്രതിയാണ്.

പരാതിക്കാരനായ കീരിക്കാട് സ്വദേശിയിൽ നിന്ന് ആദ്യം 4 ലക്ഷമാണ് തുണി ബിസിനസിന്റെ പേരിൽ വാങ്ങിയത്. ഇതിന്റെ ലാഭവിഹിതമെന്നു പറഞ്ഞ് 50,000 രൂപ ആദ്യം നൽകി. പിന്നീട് കൂടുതൽ തുക വാങ്ങി. ഇത് 2.25 കോടിയിലെത്തി.ഇത്തരത്തിൽ ലാഭവിഹിതം കിട്ടുന്ന വിവരം കീരിക്കാട് സ്വദേശിയിൽ നിന്ന് അറിഞ്ഞാണ് പലരും ഇവർക്ക് പണം നൽകിയത്. പലർക്കും ആദ്യ ഘട്ടത്തിൽ ലാഭവിഹിതം നൽകിയിരുന്നു. പലരും സ്വർണം പണയം വച്ചും മറ്റും ഇവർക്കു പണം നൽകാൻ തുടങ്ങിയെന്നു പൊലീസ് പറഞ്ഞു.

കൂടുതൽപേർ കബളിപ്പിക്കപ്പെട്ടിരിക്കാം എന്നാണ് പൊലീസ് കരുതുന്നത്. ഇതിനിടെ പെരുന്നയിൽ ഒരു കോടി രൂപയ്ക്ക് ഇവർ വീട് വാങ്ങിയെന്നു സ്ഥിരീകരണമുണ്ടായത്. ലാഭവിഹിതം കിട്ടാതെ വന്നതോടെയാണ് പരാതിയായതും തട്ടിപ്പു പുറത്തായതും. സജനയ്‌ക്കെതിരെ കായംകുളം, ചങ്ങനാശേരി കോടതികളിൽ ചെക്ക് കേസുകളുണ്ട്. നേരത്തെ ചെക്ക് കേസിൽ തന്നെ ജയിലിലും കിടന്നിട്ടുണ്ട്.

കായംകുളം ഡിവൈഎസ്‌പി അജയ്‌നാഥിന്റെ മേൽനോട്ടത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ്‌ഐ ശിവപ്രസാദ്, എഎസ്‌ഐ റീന, പൊലീസുകാരായ സബീഷ്, സുന്ദരേഷ് കുമാർ, ബിജുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.