ആലപ്പുഴ. മണ്ണുംചേരി പൊലീസ് പരിധിയിൽ നിന്നും 2011 നവംബർ 1ന് തൃശൂർക്ക് പോയ റിസോർട്ട് ഉടമയെ ഹണി ട്രാപ്പിൽ കുടുക്കിയ കേസിലെ രണ്ടാം പ്രതി സൽമാനെ പൊലീസ് അറസ്റ്റു ചെയ്തത് തന്ത്രപരമായി. നെടുമ്പാശേരി എയർപോർട്ടിൽ വച്ചാണ് തൃശൂർ താന്ന്യം സ്വദേശി സൽമാൻ (28)നെ മഫ്ടിയിലെത്തിയ പൊലീസ് സംഘം വളഞ്ഞിട്ട് പിടികൂടിയത്.

മാരാരിക്കുളത്ത് റിസോർട്ടിൽ പങ്കാളിയായ ബിസിനസുകാരനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ചവശനാക്കി ഹണി ട്രാപ്പിൽ പെടുത്തി 10 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടതിനാണ് അറസ്റ്റ് ഉണ്ടായത്. കഴിഞ്ഞ ദിവസം മണ്ണാംചേരി എസ് ഐ ബിജു.കെ.ആറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

കേസിനെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ

രണ്ട് വർഷം മുൻപ് റിസോർട്ട് വിപുലീകരിക്കാനും പുതിയ സംരംഭം തുടങ്ങാനും മാരാരിക്കുളത്തെ ബിസിനസുകാരൻ ലോൺ അന്വേഷിച്ചു നടക്കുകയായിരുന്നു. പാർട്ട്‌നറുടെ വസ്തു ഈടായി നൽകിയാണ് ലോണിന് ശ്രമിച്ചത്. ലോൺ അന്വേഷണത്തിനിടെയാണ് അഭിഭാഷക എന്ന് സ്വയം പരിചയപ്പെടുത്തിയ തൃശൂർ സ്വദേശി സൗമ്യയെ ഇയാൾ പരിചയപ്പെടുന്നത്. ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞ് സൗമ്യ ഈ ബിസിനസുകാരനുമായി വളരെ എളുപ്പംഅടുത്തു . ഈ അടുപ്പം ഉപയോഗപ്പെടുത്തി 2011 നവംബർ 1ന് സൗമ്യ ഇയ്യാളെ തൃശൂർക്ക് ക്ഷണിച്ചു. ചില ബാങ്കുകളുടെ ഉന്നതരെ നേരിൽ കാണാനും കൂടിയായിരുന്നു ക്ഷണം.

മണ്ണും ചേരിയിലെ ബിസിനസ് പാർട്‌നറുടെ ഇക്കോ സ്‌പോട്ട് വണ്ടിയിലാണ് ഇദ്ദേഹം തൃശൂർക്ക് പോയത്. ത്യശൂരിലെത്തിയ റിസോർട്ട് ഉടമയെ നഗരത്തിൽ വെച്ച് തന്നെ കണ്ട സൗമ്യ അയാളുടെ കാറിൽ കയറി ഹോട്ടലിലേയ്ക്ക് കൂട്ടികൊണ്ടു പോയി. ചില ബാങ്കളുടെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച എന്ന പേരിലായിരുന്നു ഹോട്ടലിലേക്ക് കൊണ്ടുപോയത്. ഹോട്ടലിലെ റൂമിൽ കയറ്റിയ ശേഷം ഈ ടീം ബിസിനസുകാരനെ ബന്ധിയാക്കി മർദ്ദിക്കുകയായിരുന്നു. സൗമ്യയെ ഇനി കാണുമോ എന്തിനാണ് അവരെ ശല്യം ചെയ്യുന്നത് എന്ന് ചോദിച്ചായിരുന്നു മർദനം. ഇതിനിടെ സൗമ്യ ഹോട്ടലിൽ നിന്നും മുങ്ങുകയും ചെയ്തു. പിന്നീട് റിസോർട്ട് ഉടമയെ പല സ്ഥലങ്ങളിൽ കൊണ്ട് പോയി ഈ സംഘം മർദ്ദിച്ചു.

10 ലക്ഷം മോചന ദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. സൗമ്യയും സൽമാനും ചേർന്നാണ് പദ്ധതി ആസൂത്രണം ചെയ്തതും റിസോർട്ട് ഉടമയെ തൃശൂരിൽ എത്തിച്ചതും. ഇതിനിടെ റിസോർട്ട് ഉടമയുടെ പാട്‌നർ തന്നെ ഇയാൾ മിസിങ് ആണെന്ന പരാതിയുമായി മണ്ണും ചേരി എസ് ഐ ബിജു.കെ.ആറിനെ നേരിൽ കണ്ട് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ ചെറുതുരുത്തിക്ക് അടുത്ത് ഒരു കുറ്റിക്കാട്ടിൽ ഇയാൾ ഉണ്ടെന്ന് മനസിലായി. ടവർ ലൊക്കേഷനും സിഡിആറും എടുത്ത് നടത്തിയ പരിശോധനയിലാണ് ഇത് വ്യക്തമായത്. ഇതിനിടെ റിസോർട്ട് ഉടമയുടെ പാർട്‌നർക്ക് ഒരു കോൾ വന്നു. എക്കോ സ്‌പോട്ട് വണ്ടി ഒ എൽ എക്‌സിൽ കണ്ട് വിളിച്ചതാണ്.

ഹണി ട്രാപ്പ് ടീം റിസോർട്ട് ഉടമയുടെ കയ്യിൽ ഉണ്ടായിരുന്ന എക്കോ സ്‌പോട്ട് വിൽക്കാനായി ഒ.എൽ.എക്‌സിൽ ഇട്ടു. അതിലെ ഇൻഷുറൻസ് പേപ്പറിൽ ആർ.സി. ഓണറുടെ നമ്പർ ഉണ്ടായിരുന്നു. അതാണ് കോൾ ഇങ്ങോട്ടു വന്നത്. ഇതോടെ റിസോർട്ട് ഉടമ തട്ടിപ്പുകാരുടെ കൈയിലാണെന്ന് മനസിലായി ഉടൻ തൃശൂരിൽ അന്വേഷണ സംഘം എത്തിയെങ്കിലും പ്രതികൾ സ്ഥലം മാറി ക്യാമ്പ് ചെയ്തത് പിടികൂടാൻ തടസമായി. ഇതിനിടെ ഇവരുടെ സംഘാംഗങ്ങളിൽ ഒരാളെ പിടികൂടിയത് പ്രതികളെ പിടിക്കാനും റിസോർട്ട് ഉടമയെ മോചിപ്പിക്കാനും സഹായകരമായി. ചെറുതുരുത്തിയിലെ ഒളിസങ്കേതത്തിൽ നിന്നും മുപ്പതോളം ഗുണ്ടകൾക്കിടയിൽ നിന്നാണ് മണ്ണും ചേരി പൊലീസ് റിസോർട്ട് ഉടമയെ മോചിപ്പിച്ചത്.

ആകെ അവശനിലയിൽ ആയിരുന്ന ബിസിനസുകാരനെ ഉടൻ തന്നെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ സഞ്ചരിച്ച കാർ വാഴപ്പള്ളിക്കടുത്തെ ഒരു കുന്നിൽ ചരുവിൽ നിന്നും പൊലീസ് കണ്ടെടുത്തു. അന്ന് പിടിയിലായവരിൽ എഞ്ചിനിയറിങ് കോളേജ് വിദ്യാർത്ഥികളും ഉണ്ടായിരുന്നു. ഇതിനിടെ കേസിലെ ഒന്നാം പ്രതി സൗമ്യയും കൂട്ടാളി സൽമാനും വിശേത്തേക്ക് കടന്നു. പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും രണ്ട് വർഷത്തിന് ശേഷമാണ് രണ്ടാം പ്രതി സൽമാനെ പിടികൂടാനായത്. സൽമാൻ മലപ്പുറത്തെ കുഴപ്പണ ഇടപാടുകളുടെ സൂത്രധാരൻ കൂടിയാണ്.

സ്വർണ കടത്ത് കേസുകളിലും പങ്കാളിയായിട്ടുണ്ട്. സൗമ്യ നേരത്തെ തന്നെ ഇത്തരം സംഘങ്ങളിലെ കണ്ണിയാണ്. ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച് ഒരു ബസ് ഡ്രൈവറുമായി പ്രണയത്തിലായി. കേസിൽപ്പെട്ടതോടെ വിദേശത്തേക്ക് കടന്ന സൗമ്യയെ പിടിക്കാൻ ഇന്റർപോളിന്റെ സഹായം തേടാനാണ് പൊലീസ് നീക്കം.