തിരുവനന്തപുരം : വർക്കലയിൽ പ്രണയപ്പകയിൽ 19കാരി സംഗീതയെ കൊന്നുതള്ളിയ പ്രതി ഗോപു സംഭവ ശേഷം പൊലീസ് തന്നിലേക്ക് എത്താതിരിക്കാനുള്ള അതിബുദ്ധി മണിക്കൂറുകൾക്കുള്ളിൽ കാട്ടി. സംഗീതയുടെ അവസാന ഫോൺകോളും വാട്സാപ് ചാറ്റും പിന്തുടർന്ന് അന്വേഷണ സംഘം എത്തുമെന്ന് ഉറപ്പായിരുന്ന പ്രതി. കൊലനടത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് പോയതിന് പിന്നാലെ അതേ വാട്സാപ്പിലേക്ക് മെസേജുകൾ അയച്ചു. നേരത്തെ സംഗീത സംസാരിച്ച് നിറുത്തിയതിന്റെ തുടർച്ചയായിരുന്നു സംഭാഷണങ്ങൾ.

വീട്ടിൽ നിന്ന് പുറത്തേക്ക് വരാനും വഴിയിൽ താനുണ്ടാകുമെന്നുമുള്ള പ്രതിയുടെ മെസേജിന് സമ്മതം മൂളുകയായിരുന്നു സംഗീത. എന്നാൽ കൊലയ്ക്ക് ശേഷം അതിന് തുടർച്ചയായി പ്രതി മെസേജുകൾ അയച്ചു. 'നിന്നെ കാത്തുനിന്നിട്ടും കാണാൻ കഴിഞ്ഞില്ലല്ലോ, നീ എന്നെ പറ്റിച്ചല്ലോ. ഇനി ഞാൻ പോകുന്നു'. എന്നിങ്ങനെയായിരുന്നു അത്. സംഗീതയുടെ ഫോണിലേക്ക് അഖിലെന്ന പേരിൽ ഗോപു അയച്ച വാട്സ്ആപ് ചാറ്റാണിത്. ഫോൺ കാൾ വിവരങ്ങളോ വാട്സ്ആപ് ചാറ്റുകളോ കേന്ദ്രീകരിച്ച് കൊലപാതകത്തിൽ തനിക്കുനേരെ അന്വേഷണം വരാതിരിക്കാനും കൊലയാളി മറ്റാരോ ആണെന്ന് വരുത്താനുമുള്ള ഗോപുവിന്റെ തന്ത്രമായിരുന്നു ഇത്.

എന്നാൽ രക്തക്കറ പുരണ്ട ഷർട്ടും ഹെൽമെറ്റുമുൾപ്പെടെയുള്ള മറ്റ് തെളിവുകളും തിരിഞ്ഞുകൊത്തിയതോടെ ഒടുവിൽ ഗോപു കുറ്റം സമ്മതിക്കുകയായിരുന്നു. പെൺകുട്ടിയുടെ കഴുത്തറുത്തശേഷം സ്‌കൂട്ടറിൽ തന്നെയാണ് ഇയാൾ രക്ഷപ്പെട്ടത്. സംഗീതയുടെ മൊബൈൽഫോണും കൃത്യം നടത്താൻ ഉപയോഗിച്ച കത്തിയും സമീപത്തെ പറമ്പിൽ ഉപേക്ഷിച്ചിരുന്നു. ഇത് പൊലീസ് കണ്ടെടുത്തതാണ് പ്രതിയിലേക്കെത്താൻ സഹായകമായത്. സംഗീതയുടെ ഫോൺ വീട്ടുകാർ അൺലോക്ക് ചെയ്തതോടെ പ്രതിയെപ്പറ്റി സൂചന ലഭിച്ചു. തുടർന്ന് പള്ളിക്കലിലെ വീട്ടിലെത്തി ഗോപുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഇനി അവൾ ആരെയും ചതിക്കരുതെന്നു കരുതിയാണ് കൊലപാതകം നടത്തിയതെന്നാണ് ഗോപുവിന്റെ മൊഴി.

താനുമായി മാസങ്ങളോളം പ്രണയത്തിലായിരുന്ന സംഗീത വീട്ടുകാരുടെ നിർദ്ദേശപ്രകാരം പിന്മാറിയതാണ് ടാപ്പിങ് തൊഴിലാളിയായ ഗോപുവിന്റെ വൈരാഗ്യത്തിന് കാരണം. പ്രണയത്തിലായിരിക്കെ നിരവധി സ്ഥലങ്ങളിൽവച്ച് തങ്ങൾ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സംഗീതയെ കാണാൻ വീട്ടിൽ ചെന്നിട്ടുണ്ടെന്നും ഗോപു പൊലീസിനോടു പറഞ്ഞു. ഏതാനും മാസം മുമ്പ് താനുമായുള്ള അടുപ്പത്തിന് സംഗീതയുടെ വീട്ടുകാർ വിസമ്മതിക്കുകയും തന്റെ വീട്ടിലെത്തി പ്രണയത്തിൽ നിന്ന് പിന്മാറണമെന്ന് ഉപദേശിക്കുകയും ചെയ്തതു മുതലാണ് പ്രതികാരം തോന്നിയത്.

തന്നെ ഉപേക്ഷിച്ച സംഗീത, അഖിലെന്ന പേരിൽ മറ്റൊരു ഫോണിൽ നിന്ന് താൻ നടത്തിയ പ്രണയാഭ്യർത്ഥനയിൽ വീണതോടെ എങ്ങനെയും വകവരുത്തണമെന്ന ചിന്തയായി. ആഴ്ചകളോളം ചാറ്റ് ചെയ്തും ഫോണിൽ സംസാരിച്ചും സംഗീതയുടെ വിശ്വാസം നേടിയശേഷമാണ് അരുംകൊലയ്ക്കുള്ള പദ്ധതി തയ്യാറാക്കിയത്. കൊലപാതകത്തിനായി ബട്ടൺ പ്രസ് ചെയ്യുമ്പോൾ വായ്ത്തല പുറത്തേക്ക് ചാടുന്ന തരത്തിലുള്ള കത്തിയും തരപ്പെടുത്തി. ചൊവ്വാഴ്ച രാത്രി ആഹാരം കഴിച്ചശേഷം കിടന്ന സംഗീതയുമായി അർദ്ധരാത്രിവരെ അഖിലെന്ന ഐ.ഡിയിൽ നിന്ന് ചാറ്റിങ് നടത്തിയ ഗോപു പെട്ടെന്നാണ് അവളെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും നോ പറയാൻ അവസരം നൽകാൻ കഴിയുന്ന സാഹചര്യം എല്ലാം ഗോപു ഒഴിവാക്കി. അത്രമേൽ സ്നേഹം നടിച്ചും പ്രലോഭിപ്പിച്ചുമായിരുന്നു പെൺകുട്ടിയെ അർദ്ധരാത്രിയിൽ വീട് പുറത്ത് എത്തിച്ചത്.

പ്രണയപ്പക പ്രാണനെടുത്തപ്പോൾ കൺമുന്നിൽ മകളുടെ ദാരുണ മരണത്തിന് ദൃക്‌സാക്ഷികളാകേണ്ടിവന്നതിന്റെ നടുക്കത്തിലാണ് സംഗീതയുടെ മാതാപിതാക്കൾ. ഗോപു കഴുത്തറുത്തതിന് പിന്നാലെ സംഗീത പ്രാണരക്ഷാർത്ഥം വീട്ടിലേക്കാണ് ഓടിവന്നത്. കതകിൽ മുട്ടിയപ്പോഴാണ് വീട്ടുകാർ സംഭവമറിയുന്നത്. കതകിൽ ഇടിക്കുന്ന ശബ്ദംകേട്ട് അച്ഛൻ ജനൽ തുറന്ന് നോക്കിയപ്പോൾ സംഗീതയുടെ കൈയാണ് കണ്ടത്. ഒന്നും മിണ്ടാൻ കഴിഞ്ഞിരുന്നില്ല. കതക് തുറന്നതോടെ ചോരയിൽ കുളിച്ച് മകൾ വീട്ടുമുറ്റത്ത് നിൽക്കുന്നതായിരുന്നു അച്ഛൻ കണ്ടത്. കെട്ടിപ്പിടിച്ചുകൊണ്ട് എന്തുപറ്റി മോളെയെന്ന് ചോദിച്ചപ്പോൾ മകൾ പിടയുകയായിരുന്നുവെന്ന് സജീവ് മാധ്യമങ്ങളോട് പറഞ്ഞു.

സംഗീതയുടെ വീട്ടിൽ നിന്ന് സമീപത്തെ റോഡിലേക്ക് ഏകദേശം നൂറുമീറ്ററോളം ദൂരമുണ്ട്. ഈ വഴിയിലുള്ള ഇലക്ട്രിക് പോസ്റ്റിൽ ചോരപുരണ്ട കൈപ്പാടുകളും കണ്ടെത്തിയിരുന്നു. കൂലിപ്പണിക്കാരായ സജീവ് - ശാലിനി ദമ്പതികളുടെ മൂത്ത മകളാണ് സംഗീത. സഹോദരി സജിത. വർക്കല ഡിവൈ.എസ്‌പി പി. നിയാസ്,എസ്.എച്ച്.ഒ എസ്. സനോജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.