മലപ്പുറം: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചു. സൗജത്തിനെ കൊലപ്പെടുത്തിയത് താൻ തന്നെയാണെന്നും കൊലക്ക് കാരണം സൗജനത്ത് സാമ്പത്തിക വിഷയത്തിൽ വഞ്ചിച്ചതിനാലാണെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

മലപ്പുറം കൊണ്ടോട്ടി സ്വദേശിനി സൗജത്തിനെ കൊലപ്പെടുത്തിയ കേസിലാണ് മുൻ കാമുകനായിരുന്ന ബഷീർ(43) അറസ്റ്റിലായത്. കൊലപാതകത്തിനുശേഷം ബഷീർ ആത്മഹത്യാശ്രമം നടത്തിയിരുന്നു. തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജായ ഉടൻ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

ബഷീറിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് 2018 ഒക്ടോബറിൽ ബഷീറുമായി ചേർന്ന് സൗജത്ത്, ഭർത്താവ് സവാദിനെ കൊലപ്പെടുത്തിയതെന്നായിരുന്നു പുറത്തുവന്നിരുന്ന വാർത്തകൾ. എന്നാൽ പല കാര്യങ്ങളും ഇപ്പോൾ അവ്യക്തത നിലനിൽക്കുന്നതായി അന്വേഷണ ചുമതലയുള്ള കൊണ്ടോട്ടി ഡി.വൈ.എസ്‌പി. പറഞ്ഞു. സംഭവത്തെ കുറിച്ചു കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ കഴിയില്ല. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്്. മറ്റുള്ള കാര്യങ്ങൾ കൂടുതൽ അന്വേഷണം നടത്തിയും പ്രതിയെ കൂടുതൽ ചോദ്യംചെയ്തും സ്ഥിരീകരിച്ചാലെ വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു.

സ്വന്തം ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്താൻ സഹായിച്ച കാമുകനെ ഉപേക്ഷിച്ച് സൗജത്തിന്റെ ജീവിതം പിന്നീട് മറ്റൊരാളോടൊപ്പമായിരുന്നു. സാമ്പത്തികമായി തന്നെ ചതിച്ച കാമുകിയെ കൊലപ്പെടുത്തിയ ശേഷം ബഷീർ ആത്മഹത്യക്കു ശ്രമിച്ചതാണെന്ന അനുമാനത്തിലാണിപ്പോൾ പോലസീസ്. കൊണ്ടോട്ടിക്കടുത്ത് വലിയപറമ്പ് ആലക്കപറമ്പിലെ ക്വാർട്ടേഴ്‌സിൽ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലായിരുന്നു സൗജത്തിന്റെ മൃതദേഹമുണ്ടായിരുന്നത്. ഏഴു മാസത്തോളമായി സൗജത്തും പുതിയ കൂട്ടാളിയും ഇവിടെയാണ് താമസം.

സംഭവ ദിവസം കൂട്ടാളി സ്ഥലത്തില്ലായിരുന്നുവെന്നാണ് പറയുന്നത്. 2018 ലാണ് സൗജത്തും ബഷീറും ചേർന്ന് സൗജത്തിന്റെ ഭർത്താവിനെകൊലപ്പെടുത്തുന്നത്. താനൂർ അഞ്ചുടി സ്വദേശിയും തെയ്യാല ഓമച്ചപ്പുഴ റോഡിൽ മണലിപ്പുഴയിൽ താമസക്കാരനുമായ മത്സ്യ തൊഴിലാളി പൗറകത്ത് കമ്മുവിന്റെ മകൻ സവാദി (40) നെയാണ് കൊലപ്പെടുത്തിയത്. മകൾക്കൊപ്പം ഉറങ്ങി കിടക്കുകയായിരുന്ന ഭർത്താവിനെ തലക്കടിച്ച ശേഷം മരണം ഉറപ്പ് വരുത്താൻ കഴുത്തറുക്കുകയും ചെയ്തു.

വിദേശത്തായിരുന്ന അബ്ദുൾ ബഷീറിനെ കൊലപാതകത്തിനായി മാത്രം രണ്ട് ദിവസത്തെ അവധിയിൽ നാട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ക്രൂര കൃത്യം നടത്തിയത്. ഭർത്താവിനെ ഒഴിവാക്കി കാമുകന്റെ കൂടെ ജീവിക്കാനാണ് കൊലപാതകം നടത്തിയതെന്ന് സൗജത്ത് നേരത്തെ പൊലീസിനോട് സമ്മതിച്ചിരുന്നു. കേസിൽ ജാമ്യത്തിറങ്ങിയതായിരുന്നു പ്രതികൾ