മലപ്പുറം: സ്വന്തം ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്താൻ കാമുകനെ സഹായിച്ച സൗജത്തിന്റെ മരണം കൊലപാതകം തന്നെ. കൊലക്കേസ് പ്രതിയായ പരപ്പനങ്ങാടി സ്വദേശിനി സൗജത്തിന്റെ മരണമാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ കാമുകൻ ബഷീർ അറസ്റ്റിലായി.

കഴിഞ്ഞ മാസം മുപ്പതിനാണ് പരപ്പനങ്ങാടി സ്വദേശി സൗജത്തിനെ(30) കൊണ്ടോട്ടിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 2018 ഒക്ടോബറിൽ കാമുകൻ ബഷീറിനൊപ്പം ചേർന്ന് ഭർത്താവ് താനൂർ അഞ്ചുടി സ്വദേശി സവാദിനെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സൗജത്ത്. ഈ കേസിൽ സൗജത്തും കാമുകനായ ബഷീറും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

കൊണ്ടോട്ടിക്കടുത്ത് വലിയപറമ്പ് ആലക്കപറമ്പിലെ ക്വാർട്ടേഴ്സിൽ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലായിരുന്നു സൗജത്തിന്റെ മൃതദേഹമുണ്ടായിരുന്നത്. ഏഴു മാസത്തോളമായി സൗജത്ത് ഇവിടെയാണ് താമസം. കൊലപാതമാണെന്നാണ് പൊലീസിന് നേരത്തെ സംശയം തോന്നിയിരുന്നു.

മുൻ ഭർത്താവിനെ കൊന്ന കേസിൽ ഇവർക്കൊപ്പം കൂട്ടുപ്രതിയായ കാമുകൻ ബഷീറിനെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ നിലയിലും കണ്ടെത്തിയിരുന്നു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 2018 ലാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. സൗജത്തും കാമുകനും ചേർന്ന് സൗജത്തിന്റെ ഭർത്താവായ താനൂർ അഞ്ചുടി സ്വദേശിയും തെയ്യാല ഓമച്ചപ്പുഴ റോഡിൽ മണലിപ്പുഴയിൽ താമസക്കാരനുമായ മത്സ്യ തൊഴിലാളി പൗറകത്ത് കമ്മുവിന്റെ മകൻ സവാദി (40) നെയാണ് കൊലപ്പെടുത്തിയത്.

മകൾക്കൊപ്പം ഉറങ്ങി കിടക്കുകയായിരുന്ന ഭർത്താവിനെ തലക്കടിച്ച ശേഷം മരണം ഉറപ്പ് വരുത്താൻ കഴുത്തറുക്കുകയും ചെയ്തു.വിദേശത്തായിരുന്ന അബ്ദുൾ ബഷീറിനെ കൊലപാതകത്തിനായി മാത്രം രണ്ട് ദിവസത്തെ അവധിയിൽ നാട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ക്രൂര കൃത്യം നടത്തിയത്. ഭർത്താവിനെ ഒഴിവാക്കി കാമുകന്റെ കൂടെ ജീവിക്കാനാണ് കൊലപാതകം നടത്തിയതെന്ന് സൗജത്ത് നേരത്തെ പൊലീസിനോട് സമ്മതിച്ചിരുന്നു. കേസിൽ ജാമ്യത്തിറങ്ങിയതായിരുന്നു പ്രതികൾ.