ആലപ്പുഴ: ട്രെയിൻ യാത്രയ്ക്കിടയിൽ മദ്യം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ കൂടുതൽ തെളിവെടുപ്പിനായി 12432 രാജധാനി എക്സ്പ്രസിലെ ബി 1 കോച്ച് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ക്രിസ്പിൻ സാം
റെയിൽവേ അധികൃതർക്കു കത്തു നൽകി. ഈ ട്രെയിനിൽ വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിലാണു സംഭവം ഉണ്ടായത്. ബി 1 കോച്ചിലെ സൈഡ് ബെർത്തിൽ നിന്നും 7.30 ഓടെ പ്രതീഷ്‌കുമാർ യുവതിയുടെ ബർത്തിൽ എത്തി.

യുവതി പൂർണമായും മദ്യലഹരിയിലായി എന്ന് ഉറപ്പിച്ച ശേഷമാണ് സൈനികൻ ബർത്തിലെത്തിയത്. മദ്യലഹരിയിലായിരുന്നെങ്കിലും സൈനികന്റെ ലൈംഗികാതിക്രമങ്ങളെ ആദ്യം യുവതി തടഞ്ഞു. ഇതിനിടയിൽ കയ്യൂക്കിന്റെ ബലത്തിൽ പ്രതീഷ് യുവതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. ബലമായി തന്നെയാണ് സൈനികൻ യുവതിയെ തന്റെ ഇംഗിതത്തിന് വിധേയനാക്കിയത്.

ഈ സമയം രാജധാനി എക്സ്‌പ്രസ് എറണാകുളത്തിനും ആലപ്പുഴക്കും ഇടയിലായിരുന്നു. കൃത്യം 8 മണിക്ക് പീഡനം നടന്നുവെന്നാണ് പൊലീസ് ഉറപ്പിച്ചിരിക്കുന്നത്. അമിതമായി മദ്യം ഉള്ളിൽ ചെന്നിരുന്നതിനാൽ യുവതിക്ക് ചെറുത്ത് നിൽക്കാനോ ഒച്ച വെയ്ക്കാനോ കഴിഞ്ഞില്ല. ഈ സമയം മുകളിലത്തെ ബർത്തിൽ നടന്ന അതിക്രമങ്ങൾ താഴെ ഇരിക്കുകയായിരുന്ന യാത്രക്കാർ കണ്ടില്ല.

സൗഹൃദം നടിച്ച് ആദ്യം ഫുഡ് നൽകിയ ശേഷം, സെവനപ്പിൽ കുറേശെ മദ്യം കലർത്തി നൽകിയാണ് പ്രതീഷ് യുവതിയെ ചതിച്ചത്. രാജധാനിയിലെ പീഡനം സംബന്ധിച്ച് യുവതിയുടെ പരാതി വാർത്തയായപ്പോൾ ട്രെയിനിൽ ഇങ്ങനെയൊക്കെ നടക്കുമോ, സഹയാത്രികർ ഉണ്ടായിരുന്നില്ലേ ഇങ്ങനെയുള്ള ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ പലരും ഉയർത്തിയിരുന്നു.

ഇപ്പോൾ റിമാന്റിലുള്ള സൈനികനായ പത്തനംതിട്ട ജില്ലയിലെ നിരണം മാന്നാർ കടപ്ര പ്രതീഷ് ഭവനിൽ പ്രതീഷ് കുമാർ കെ.പി. (31) നെയും പരാതിക്കാരിയേയും അന്വേഷണ സംഘം വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഡോക്ടർമാരുടെ പരിശോധനയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായെന്ന് സ്ഥിരീകരിച്ചുവെന്ന് പൊലീസ് വെളിപ്പെടുത്തി. ഇതോടെ രാജധാനി എക്സ്‌പ്രസിൽ നടന്ന പീഡനം വ്യാജ പരാതിയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വന്ന പ്രചരണങ്ങൾക്ക് പ്രസക്തിയില്ലാതായി. സാഹചര്യ തെളിവുകളും മറ്റ് ശാസ്ത്രീയ തെളിവുകളും ലഭിച്ചു കഴിഞ്ഞതിനാൽ തീവണ്ടിയിലെ തെളിവെടുപ്പും സഹയാത്രികരുടെ മൊഴിയും കൂടി എടുത്ത് കഴിഞ്ഞാൽ കോടതിയിൽ കുറ്റപത്രം നൽകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

കഴിഞ്ഞ 16ന് അർദ്ധരാത്രിയിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവതിയുടെ ഭർത്താവ് കണ്ടത് അവിശ്വസനീയമായ കാഴ്ചയായിരുന്നു. ട്രെയിനിൽ നിന്നിറങ്ങിയ യുവതി അവശ നിലയിലായിരുന്നു. കാലുകൾ നിലത്ത് ഉറയ്ക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന യുവതിയെ കണ്ട് ഭർത്താവ് ഞെട്ടി. അസഹ്യമായ മദ്യത്തിന്റെ ഗന്ധവുമുണ്ടായിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോഴാണ്സെവനപ്പിൽ കലർത്തി മദ്യം നൽകി ചതിച്ചതും ലൈംഗിക അതിക്രമം ഉണ്ടായതും ഉൾപ്പെടെയുള്ള കാര്യങ്ങൾ പറഞ്ഞ് യുവതി മനസ് തുറന്നത്. രഹസ്യമായി പകർത്തിയപ്രതിയുടെ ദൃശ്യങ്ങളുംയുവതി ഭർത്താവിന് കൈമാറി.

തുടർന്ന് 17 ന് രാവിലെ ഭർത്താവിനൊപ്പം തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് സി ഐ യെ നേരിൽ കണ്ട് പരാതി നൽകുകയായിരുന്നു. അതേ സമയം സൈനികന്റെ ജോലി തെറിക്കുമെന്ന് ഉറപ്പായി. സഹയാത്രികയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് പ്രതീഷ് എന്ന കാര്യം ആലപ്പുഴ റെയിൽവേ പൊലീസ് ജമ്മു കശ്മീരിലെ 17 ഗാർഡ് റെജിമെന്റ് കമാന്റിങ് ഓഫീസറെ അറിയിച്ചു കഴിഞ്ഞു. എഫ്. ഐ ആറിന്റെ കോപ്പിയടക്കം ലഭിക്കുന്നതിനാൽ കരസേനയിൽ നിന്നു തന്നെ പ്രതീഷിനെ പിരിച്ചു വിടും.

ജമ്മു കാശ്മീരിലെ രജൗരി ജില്ലയിൽ നാരിയൻ ട്രാൻസിസ്റ്റ് ക്യാമ്പിൽ 17 ഗാർഡ് റെജിമെന്റിൽ നായിക് റാങ്കിലാണ് പ്രതീഷ് ജോലി നോക്കുന്നത്.
നാട്ടിൽ ലീവിന് എത്തിയാൽ പണ്ടത്തെ പട്ടാളക്കാരെ പോലെ വെടിപറച്ചിലാണ് പ്രതീഷിന്റെ പ്രധാന പണി. അതിർത്തിയിൽ ഡ്യൂട്ടി നോക്കിയതും പാക്കിസ്ഥാൻ പട്ടാളത്തെ വെടിവെച്ചതും അടക്കമുള്ള ഉള്ളതും ഇല്ലാത്തതുമായ കഥകൾ പ്രചരിപ്പിക്കലാണ് പ്രധാന പണി.
പ്രതീഷിന്റെ ഭാര്യ കടപ്ര പഞ്ചായത്തിലെ വാർഡ് മെംബറാണ്. ബി ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചാണ് അവർ ജയിച്ചത്.

മണിപ്പാൽ യൂണിവേഴ്‌സിറ്റിയിൽ പി ജി കോഴ്‌സിന് പഠിക്കുന്ന യുവതി രാജധാനി എക്സ്‌പ്രസിൽ വെച്ച് പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ തലനാരിഴ കീറിയുള്ള പരിശോധനയാണ് അന്വേഷണ സംഘം നടത്തിയത്. ആലപ്പുഴ റെയിൽവേ പൊലീസ് സബ് ഇൻസ്‌പെക്ടർ ഷാനിഫ്. എച്ച് എസ് ന്റെ നേതൃത്വത്തിലാണ് ആദ്യഘട്ട അന്വേഷണം നടന്നത്. വ്യാഴാഴ്ച വൈകുന്നേരം 3 മണിക്കും 7 മണിക്കും ഇടയിൽ താൻ പീഡിപ്പി്ക്കപ്പെട്ടുവെന്നാണ് യുവതി നൽകിയ പരാതിയിലുള്ളത്.

മദ്യം കഴിപ്പിച്ച് അബോധവസ്ഥയിലാക്കിയ ശേഷം സൈഡ് ബെർത്തിൽ നിന്നും സൈനികനായ പ്രതീഷ് കുമാർ തന്റെ ബെർത്തിൽ എത്തി. അതിന് ശേഷമാണ് ബലമായി പീഡിപ്പിച്ചത്. മദ്യലഹരിയിൽ ആയതിനാൽ ഒച്ച വെയ്ക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു തനെന്നും പെൺകുട്ടി പറയുന്നു.

ഉടുപ്പിയിൽ നിന്നും വ്യാഴാഴ്ച രാവിലെ 10.40 നാണ് യുവതിരാജധാനി എക്സ്‌പ്രസിൽ കയറിയത്. ബി 1 കോച്ചിൽ അപ്പർ ബെർത്തായിരുന്നതുകൊണ്ട് കയറിയ ഉടൻ ബെർത്തിൽ കയറി കിടന്നു. സൈഡ് അപ്പർ ബെർത്തിൽ ഇരിക്കുകയായിരുന്ന സൈനികൻ ആദ്യംകാലുകൾ നീട്ടി വെച്ച് സൗഹൃദം ഉണ്ടാക്കാൻ ശ്രമിച്ചു. സൈഡ് അപ്പറിൽ നിന്നും താൻ കിടക്കുന്ന ഭാഗത്ത് കാൽ നീട്ടിവെയ്ക്കുക ബുദ്ധിമുട്ടാണ്. എന്നിട്ടും അയാൾ കാൽ നീട്ടിവെച്ചുവെന്നും യുവതി പറയുന്നു.

സൈനികരുടെ വീരകഥകൾ പറഞ്ഞ്അടുപ്പമുണ്ടാക്കി. ജമ്മുവിലെ ഡ്യൂട്ടിയും ഭീകര ആക്രമണങ്ങളും പറഞ്ഞ് കൂടുതൽ അടുത്തു. ഇതിന് ശേഷമാണ് നിർബന്ധിച്ച് സെവനപ്പിൽ കലക്കി മദ്യം കുടിപ്പിച്ചത്. ഭക്ഷണവും വാങ്ങി തന്നു. മദ്യലഹരിയിലായിരുന്ന പ്രതീഷ് കുമാർ നിർബന്ധിച്ചാണ് തന്നെ കുടിപ്പിച്ചത്. മദ്യം ഉള്ളിൽ ചെന്നതോടെ അബോധാവസ്ഥയിലായ പെൺകുട്ടിയെ ഇയാൾ ചൂഷണം ചെയ്യുകയായിരുന്നു. പിന്നീട് ബോധം വന്നപ്പോഴാണ് തന്നെ സൈനികൻ ചൂ ക്ഷണം ചെയ്ത വിവരം യുവതി മനസിലാക്കിയത്.

ഇതിനിടെ സൈനികൻ അറിയാതെ അയാളുടെ ദൃശ്യങ്ങൾ പെൺകുട്ടി പകർത്തി. ഈ ദൃശ്യങ്ങൾ സഹിതം തമ്പാനൂരിലെ റെയിൽവേ പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയത്.പരാതി സ്വീകരിച്ച് എഫ് ഐ ആർ. രജിസ്റ്റർ ചെയ്ത തമ്പാനൂർ റെയിൽവേ പൊലീസ് കേസ് ആലപ്പുഴ റെയിൽവേ പൊലീസിന് കൈമാറി.

സംഭവം നടന്നത് ആലപ്പുഴ റെയിൽവേ പൊലീസിന്റെ പരിധിയിൽ ആയതിനാലാണ് കേസ് കൈമാറിയത്. പ്രതിയുടെ ദൃശ്യങ്ങൾ കൂടി കിട്ടിയതോടെ മാന്നാർ സ്വദേശിയായ സൈനികനെ ഉടൻ തന്നെ റെയിൽവേ പൊലീസ്അറസ്റ്റ് ചെയ്തു. കേസ് അന്വേഷണത്തിന്റെ ഭാഗമായി രാജധാനിയിൽ പീഡനം നടന്ന കോച്ചിലെ സഹയാത്രികരുടെ മൊഴിയും എറണാകുളം റെയിൽവേ പൊലീസ്സി ഐ യുടെ നേതൃത്വത്തിൽ രേഖപ്പെടുത്തും.